വിജയ്‌യുടെ കാറുകളുടെ നമ്പർ 0277; അവളോടുള്ള ആദരസൂചകമെന്ന് താരം

ഇപ്പോൾ എല്ലാ കണ്ണുകളും തമിഴ്‌നാട്ടിലേക്കാണ്. നടനും 'തമിഴക വെട്രി കഴകം' നേതാവുമായ വിജയ് തമിഴകത്തിന്റെ അടുത്ത മുഖ്യമന്ത്രിയാവുമോയെന്ന് അറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
അതിനിടെ താൻ മുഖ്യമന്ത്രിയാകുമെന്ന് വിജയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ആരാധകർ വാദിച്ചു. അതിനു തെളിവായി 'The Greatest of All Time' (GOAT) എന്ന സിനിമയിലെ വിജയ് ഓടിക്കുന്ന കാറിന്റെ രജിസ്‌ട്രേഷൻ നമ്പറും അവർ കുത്തിപ്പൊക്കി.
പിന്നാലെ, വിജയ്‌യുടെ കാറുകളുടെ നമ്പറും ഇപ്പോൾ ചർച്ചയാവുന്നു. അദ്ദേഹത്തിന്റെ കാറുകളുടെ രജിസ്‌ട്രേഷൻ നമ്പറാണ് ആളുകൾക്ക് കൗതുകമാവുന്നത്. ഒരു പ്രത്യേകനമ്പറാണ് അവയുടെയെല്ലാം. ലെക്‌സസ് എൽഎം, ബിഎംഡബ്ല്യു 5, ടൊയോട്ട വെൽഫയർ, റോൾസ് റോയ്‌സ് ഗോസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ ഗാരിജിലെ പ്രധാനപ്പെട്ട വണ്ടികൾ. കഴിഞ്ഞവർഷമാണ് ബിഎംഡബ്ല്യുവും ലെക്‌സസും വെൽഫയറും വിജയ് വാങ്ങിയത്. അവയുടെ നമ്പർ ഇങ്ങനെ: ബിഎംഡബ്ല്യു (TN 14 AH 0277), ലെക്‌സസ് (TN 14 AL 0277), വെൽഫയർ (TN 14 AM 0277). റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ നമ്പർ '0014' ആണ്.
വിജയ്യുടെ ഇളയ സഹോദരി വിദ്യയോടുള്ള ആദരസൂചകമായാണ് താരം തന്റെ വാഹനങ്ങൾക്ക് ഈ നമ്പർ സ്വീകരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ ബസിന്റെ നമ്പറും 0277 ആയിരുന്നു.
വിദ്യയുടെ ജനനത്തീയതി 14-02-1977 ആണ്. ചെറുപ്രായത്തിൽ തന്നെ വിദ്യ മരിച്ചുപോയി. അനുജത്തിയുടെ വേർപാട് വിജയ്‌യെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു. പിന്നീട് തന്റെ വണ്ടികൾക്ക് 0277 എന്ന നമ്പർ കൊടുത്ത്, വിദ്യയുടെ ഓർമ്മ എപ്പോഴും നിലനിർത്തുകയാണ് വിജയ് എന്നും റിപ്പോർട്ടുകൾ പറയുന്നു. മുമ്പ് പല അഭിമുഖങ്ങളിലും സഹോദരിയെക്കുറിച്ച് വിജയ് വേദനയോടെ സംസാരിച്ചിട്ടുണ്ട്.
ഒരഭിമുഖത്തിൽ വിജയ്‌യുടെ അമ്മ ശോഭ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സഹോദരിയോടുള്ള ഓർമയ്ക്കായിട്ടാണ് വിജയ് മകൾക്ക് ദിവ്യസാഷ എന്ന് പേരിട്ടതെന്നും ശോഭ പറഞ്ഞിരുന്നു. vidya എന്ന പേരിനോടുള്ള സാമ്യമാണ് മകൾക്ക് dhivya എന്ന് പേരിടാൻ കാരണമായതത്രെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay uses the registration number 0277 for his BMW, Lexus, and Vellfire. The number 0277 is a tribute to his late sister, Vidya