‘ഫോൺ മാത്രം നഷ്ടപ്പെടല്ലേ എന്ന് ഞാൻ എപ്പോഴും ചിന്തിക്കും’- വിക്കി കൗശൽ

കത്രീന കൈഫ്, വിക്കി കൗശൽ
കത്രീന കൈഫ്, വിക്കി കൗശൽ

കത്രീന കൈഫിനും വിക്കി കൗശലിനും ഇക്കഴിഞ്ഞ നവംബറിലാണ് ഒരാൺകുഞ്ഞ് പിറന്നത്. തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് 'വിഹാൻ കൗശൽ' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ദമ്പതികൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 'ജസ്റ്റ് ടൂ ഫിലിമി' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അച്ഛനായ ശേഷം ചെറിയ കാര്യങ്ങളിൽ പോലും താൻ എത്രത്തോളം ശ്രദ്ധചെലുത്തുന്നുയെന്ന് വിക്കി പറയുകയുണ്ടായി. മകന്റെ ജനനത്തിന് ശേഷം തന്റെ ഫോൺ നഷ്ടപ്പെടുമോ എന്ന പേടിയിലാണ് താനെന്ന് വിക്കി കൗശൽ തമാശയെന്നോണം പറഞ്ഞു.

'സമയം പെട്ടെന്ന് അമൂല്യമായതായി തോന്നുന്നു. നിങ്ങളുടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം മാറുന്നു, നിങ്ങളെ തിരികെ വിളിക്കാൻ എപ്പോഴും എന്തെങ്കിലും അവിടെയുണ്ടാകും. ആദ്യമായി എനിക്ക് എന്റെ ഫോൺ നഷ്ടപ്പെടുമോ എന്ന പേടി തോന്നിത്തുടങ്ങി. മുമ്പൊന്നും ഞാൻ ഇതിനെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല, എന്നാൽ ഇപ്പോൾ എന്റെ കുഞ്ഞിന്റെ ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഇതിലുണ്ട്. ഫോൺ മാത്രം നഷ്ടപ്പെടല്ലേ എന്ന് ഞാൻ എപ്പോഴും ചിന്തിക്കും. കുഞ്ഞിനൊപ്പമുള്ള ആ സമയം നിങ്ങൾ അത്രമേൽ കൊതിക്കും. ആ നിമിഷങ്ങൾ ഫോണിൽ പകർത്തണം, അത് വളരെ വിലപ്പെട്ടതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണത്,' വിക്കി പറയുന്നു.

'ഒരു അച്ഛനാകുമ്പോൾ ഉണ്ടാകുന്ന വികാരങ്ങളെ വർണ്ണിക്കാൻ മനോഹരമായ വിശേഷണങ്ങൾ ഒന്നും തന്നെ തികയില്ല. ഒരേസമയം പല വികാരങ്ങളുടെ മിശ്രിതമാണത്. ചിലപ്പോൾ നിങ്ങൾ അസ്വസ്ഥനാകും, മറ്റു ചിലപ്പോൾ കുട്ടികൾക്ക് മാതൃകയാകേണ്ടവനാണ് താനെന്ന് നിങ്ങൾ തിരിച്ചറിയും.'

വിക്കിയും കത്രീനയും മകന്റെ കുഞ്ഞു കൈകളിൽ പിടിച്ചിരിക്കുന്ന മനോഹരമായ ചിത്രത്തോടൊപ്പം അവർ ഇങ്ങനെ കുറിച്ചു: 'ഞങ്ങളുടെ പ്രകാശകിരണം. വിഹാൻ കൗശൽ. പ്രാർത്ഥനകൾക്ക് മറുപടി ലഭിച്ചു. ജീവിതം മനോഹരമാണ്. ഒരൊറ്റ നിമിഷം കൊണ്ട് ഞങ്ങളുടെ ലോകം മാറിമറിഞ്ഞു, നന്ദി.'

43-കാരിയായ കത്രീനയും 37-കാരനായ വിക്കി കൗശലും ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ടത്. 2021-ൽ രാജസ്ഥാനിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vicky Kaushal shares his newfound fear of losing his phone after becoming a father to baby boy, `Vihán Kaushal`. He cherishes baby photos and videos.