'എന്റെ ഹണിമൂൺ പ്ലാൻ ചെയ്യുന്നതിനായി കാത്തിരിക്കുന്നു'; വൈറലായി തൃഷയുടെ വാക്കുകൾ

തൃഷ / Instagram
തൃഷ / Instagram

ടോളിവുഡിലെ 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ'മാരിലൊരാളാണ് തൃഷ. രണ്ട് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണവർ. 1999-ൽ അതിഥിവേഷത്തിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. പ്രിയദർശന്റെ 'ലേസാ ലേസാ' എന്ന സിനിമയിലൂടെ നായികയുമായി.

27 വർഷത്തോളമായി തമിഴ്, തെലുഗു, കന്നഡ സിനിമകളിലായി ഒട്ടേറെ വേഷങ്ങൾ ചെയ്തു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് തൃഷ. ഹേയ് ജൂഡ്, ഐഡന്റിറ്റി എന്നിവയാണ് മലയാളത്തിൽ അവർ അഭിനയിച്ച ചിത്രങ്ങൾ.

42-ാം വയസ്സിലും സിംഗിളായി തുടരുകയാണവർ. പല താരങ്ങളുടെ പേരുമായി ചേർത്ത് അവരെക്കുറിച്ച് ഗോസിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. തൃഷയുടെ വിവാഹമാണെന്ന തരത്തിലുള്ള വാർത്തകളും ഒരിടയ്ക്ക് തുടരെത്തുടരെ പ്രചരിച്ചിരുന്നു.

പല വാർത്തകളും തൃഷ കണ്ടില്ലെന്നു നടിച്ചു. എന്നാൽ, ചിലപ്പോഴൊക്കെ അതിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബറിലും തൃഷയെക്കുറിച്ചുള്ള ചില ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിക്കൊപ്പം തൃഷയുടെ വിവാഹം നടക്കുന്നുവെന്നായിരുന്നു അന്ന് പ്രചരിച്ചത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചുവെന്നും ഉടനെ വിവാഹം നടക്കുമെന്നുമെല്ലാം പ്രചരിപ്പിക്കപ്പെട്ടു. ഒരു ഓൺലൈനിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടത്. തൃഷയുടെ വരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും, രണ്ട് കുടുംബങ്ങൾക്കും വർഷങ്ങളായി പരസ്പരം അറിയാമെന്നും ആ ഓൺലൈൻ എഴുതി. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന് തൃഷ നേരത്തെ പറഞ്ഞതായും ആ റിപ്പോർട്ടിൽ പറഞ്ഞു. ഈ റിപ്പോർട്ട് ഓൺലൈനിൽ വന്നതോടെ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചു.

എല്ലാ തവണത്തെയും പോലെ ഇത് തമാശയായി തള്ളിക്കളയാൻ താരം മുതിർന്നില്ല. അതിനെതിരെ അവർ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയിട്ടു. അതിങ്ങനെ, 'ആളുകൾ എന്റെ ജീവിതം എനിക്കു വേണ്ടി പ്ലാൻ ചെയ്യുമ്പോൾ എനിക്കത് വളരെ ഇഷ്ടമാണ്. അവർ ഹണിമൂണും പ്ലാൻ ചെയ്യുന്നതിനായി ഞാൻ കാത്തിരിക്കുന്നു'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Trisha Krishnan, a leading star for over two decades, remains single at 42., She has been the subject of frequent marriage rumours