റെസ്റ്റോറന്റ് സാമ്രാജ്യം കെട്ടിപ്പടുത്ത ടോളിവുഡിലെ പ്രമുഖരെയറിയാം

നാ​ഗാർജുന, അല്ലു അർജുൻ | PTI
നാ​ഗാർജുന, അല്ലു അർജുൻ | PTI

സിനിമയിൽ നിന്ന് നേടുന്ന സമ്പാദ്യം വ്യവസായത്തിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്ന സെലിബ്രിറ്റികൾ ഒരുപാടുണ്ട്. റെസ്റ്റോറൻ്റ് ബിസിനസിലേക്ക് പ്രവേശിച്ച ആദ്യത്തെ ടോളിവുഡ് നടന്മാരിൽ ഒരാൾ നാഗാർജുന അക്കിനേനിയാണെന്നു പറയാം. നാഗാർജുനയുടെ എൻ ഏഷ്യൻ മുതൽ റാണാ ദഗ്ഗുബാട്ടിയുടെ സാങ്ച്വറി വരെ, ടോളിവുഡ് താരങ്ങൾ ഹൈദരാബാദിനെ ഭക്ഷണപ്രേമികളുടെ ഒരു പറുദീസയാക്കി മാറ്റി.

താരങ്ങൾ റെസ്റ്റോറന്റുകൾ തുടങ്ങുമ്പോൾ റസ്റ്റോറന്റ് എന്നതിനപ്പുറം അവരുടെ അഭിരുചി കൂടി അവിടെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നാഗാർജുനയുടെ എൻ ഗ്രിൽ, എൻ ഏഷ്യൻ തുടങ്ങിയ സംരംഭങ്ങൾ വളരെ വേഗം ഹൈദരാബാദിലെ പ്രധാന കേന്ദ്രങ്ങളായി മാറിയവയാണ്. ഇറ്റാലിയൻ, യൂറോപ്യൻ, പാൻ-ഏഷ്യൻ, മെഡിറ്ററേനിയൻ വിഭവങ്ങളാണിവിടെ പ്രധാനമായും വിളമ്പുന്നത്. പ്രീതം റെഡ്ഡിയാണ് നാഗാർജുനയുടെ ബിസിനസ് പാർട്നർ.

നാഗാർജുനയുടെ ഈ രംഗത്തെ വിജയം മറ്റ് താരങ്ങൾക്കും അദ്ദേഹത്തിൻ്റെ പാത പിന്തുടരാൻ പ്രചോദനമായിട്ടുണ്ട്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ മഹേഷ് ബാബുവും ഭാര്യയും മുൻനടിയുമായ നമ്രത ശിരോദ്കറും റസ്റ്റോറന്റ് രംഗത്തേക്ക് സാമ്രാജ്യം വളർത്തിയവരാണ്. ബഞ്ചാര ഹിൽസിലെ എഎൻ റെസ്റ്റോറന്റ് ഇൻഡോ-ഇറ്റാലിയൻ ഫ്യൂഷൻ മെനുവാണ് പ്രധാനമായും വിളമ്പുന്നത്.

അല്ലു അർജുൻ ഹൈദരാബാദിലെ പ്രശസ്തമായ ഭക്ഷണശാലകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ജൂബിലി ഹിൽസിലെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡ് ബഫലോ വൈൽഡ് വിങ്സ് ഫ്രാഞ്ചൈസിയാണ് അതിലൊന്ന്. അഭിനയമികവിന് പേരുകേട്ട റാണാ ദഗ്ഗുബാട്ടി, ബ്രോഡ്‌വേ, സാങ്ച്വറി എന്നീ രണ്ട് ഫുഡ് ബ്രാൻഡുകൾ നടത്തുന്നു. ഇതിൽ സാങ്ച്വറി അദ്ദേഹത്തിൻ്റെ തറവാട് വീട്ടിലാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ റെസ്റ്റോറൻ്റുകൾ പാരമ്പര്യവും ആധുനിക ഭക്ഷണ സംസ്കാരവും ഒരുമിപ്പിക്കുന്നു.

നാഗ ചൈതന്യയും ഹൈദരാബാദിലെ ഭക്ഷ്യ വ്യവസായത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ഒരു ക്ലൗഡ്-കിച്ചൺ ശൃംഖലയായ ഷോയു അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട ഖാജാഗുഡയിൽ ഗുഡ് വൈബ്സ് ഓൺലി എന്ന കഫേ നടത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover restaurants owned by Tollywood stars like Mahesh Babu & Rana Daggubati in Hyderabad. Explore celebrity dining hotspots & their unique offerings.