കൗമാരക്കാര്‍ക്കും വേണം സോഷ്യല്‍ മീഡിയയില്‍ നിന്നൊരു അവധിക്കാലം

താരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധിയെടുക്കുന്നതിന്റെ ചര്‍ച്ചകളാണ് നമുക്കു ചുറ്റും. നടി ഐശ്വര്യ ലക്ഷ്മിയുടെയും നസ്രിയയുടെയുമെല്ലാം പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞു. ഫേസ്ബുക്കില്‍ നിന്ന് തൊണ്ണൂറുകളിലെ വസന്തങ്ങള്‍ ഏറെക്കൊഴിഞ്ഞു പോവുന്നുണ്ടിപ്പോള്‍. എല്ലാത്തരം സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളും വേണ്ടെന്ന് വയ്ക്കുന്നവരുമേറെ. ശേഷം കൈമോശം വന്ന വായനയിലേക്കും ഗാര്‍ഡനിങ്ങിലേക്കും മറ്റ് ഹോബികളിലേക്കും തിരിയുന്നവരും ധാരാളമുണ്ട്.
വീടിനുള്ളില്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണിനോട് നോ പറയാന്‍ ശ്രമിക്കുന്ന മറ്റൊരു കൂട്ടരും മുതിര്‍ന്നവരുടെ ലോകത്തുണ്ട്. എന്നാല്‍ നമ്മുടെ കുട്ടികളോ. അവരുടെ സൗഹൃദങ്ങള്‍, ആസ്വാദനങ്ങള്‍, നേരംപോക്കുകള്‍ എല്ലാം ഡിജിറ്റല്‍ ലോകത്താണ്. കുട്ടികളില്‍ ചിന്താശേഷി കുറയുന്നു, ക്രിയേറ്റിവിറ്റി ഇല്ലാതാവുന്നു, സാമൂഹിക ഇടപെടലുകളും എന്തിനേറെ ഭാഷാശേഷി പോലും ഇല്ലാതാകുന്നതായി വിദഗ്ധര്‍ പറയുന്നുണ്ട്. ഇതിനെല്ലാം എവിടെയാണ് പരിഹാരം.
മുതിര്‍ന്നവരെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ടീനേജ് പ്രായക്കാര്‍ക്കും അവധി വേണ്ടേ. കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് കുട്ടികളുടെ ശ്രദ്ധ കുറച്ചുകൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ക്ക് ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉള്ളത്. ഡിജിറ്റലല്ലാത്ത ഒരു ലോകം അവര്‍ക്കൊരുക്കാന്‍ ചില വഴികള്‍ നോക്കാം.
കണക്കുകള്‍
പല കുട്ടികളുടെയും പ്രശ്‌നം ഒഴിവുനേരങ്ങളില്‍ ഡിജിറ്റല്‍ ഡിവൈസില്ലാതെ ഞങ്ങളെന്തുചെയ്യും എന്നതാണ്. മൊബൈല്‍ നിര്‍മാതാക്കളായ എച്ച്എംടി നടത്തിയ ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നത് ലോകത്തിലെ 52 ശതമാനം കുട്ടികളും സ്‌ക്രീന്‍ അഡിക്ഷന്‍ അനുഭവിക്കുന്നതായാണ്. ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുക, ലോകത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുക എന്നിങ്ങനെയുള്ള ഒരുപാട് നല്ല വശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഉണ്ടെങ്കിലും, അതിന് അതിന്റേതായ ദോഷവശങ്ങളും വെല്ലുവിളികളുമുണ്ട്.
സ്മാര്‍ട്ട്‌ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രക്ഷിതാക്കളിലും കുട്ടികളിലും നടത്തിയ പഠനത്തില്‍ 51 ശതമാനം കുട്ടികളെ അപരിചിതര്‍ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, 56 ശതമാനം കുട്ടികള്‍ ഓണ്‍ലൈനില്‍ അപമാനിക്കപ്പെടുകയോ വിലകുറച്ച് കാണിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
പുതുതലമുറ പഴയതലമുറയെ അപേക്ഷിച്ച് വളരെ വേഗത്തില്‍ അറിവുകള്‍ കരസ്ഥമാക്കാന്‍ കഴിവുള്ളവരാണ്. ഭാഷകള്‍ പഠിക്കുക, സംസാരിക്കുക, ചിത്രങ്ങള്‍ വരയ്ക്കുക, പാട്ടുപാടുക, നൃത്തം ചെയ്യുക എന്നിങ്ങനെ സാമൂഹികവും വൈജ്ഞാനികവുമായ കഴിവുകള്‍ ഇപ്പോഴുള്ള തലമുറയില്‍ കൂടിവരുന്നുമുണ്ട്. അതുകൊണ്ടുതന്നെ പല മാതാപിതാക്കളും മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലെ ഡിജിറ്റല്‍ ഉപയോഗത്തിന് മനപൂര്‍വം തന്നെ നിയന്ത്രണം വയ്ക്കാറുണ്ട്. എന്നാലതിന് ശേഷമോ. കൗമാരക്കാരുടെ ഡിജിറ്റല്‍ ഉപയോഗത്തില്‍ ആശങ്കപ്പെടുകയല്ലാതെ നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ പല മാതാപിതാക്കളും ശ്രദ്ധിക്കാറില്ല.
നിസാരമായ ആ അവഗണനയ്ക്ക് വലിയ വിലനല്‍കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് നടത്തിയ ഒരു സര്‍വേയില്‍, യുകെയിലെ 14-24 വയസ്സിനിടയിലുള്ളവരോട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ആരോഗ്യത്തെയും സൗഖ്യത്തെയും എങ്ങനെ ബാധിച്ചു എന്ന് ചോദിച്ചു. സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയെല്ലാം വിഷാദം, ഉത്കണ്ഠ, സ്വന്തം ശരീരത്തെക്കുറിച്ചുള്ള മോശം കാഴ്ചപ്പാട്, ഏകാന്തത തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍.
പ്രശ്‌നങ്ങള്‍ ഏറെ
1. ഓണ്‍ലൈനില്‍ മാത്രം സംസാരിക്കുന്ന കുട്ടികളാണ് നമുക്കു ചുറ്റും. ആളുകളോട് നേരിട്ട് സംസാരിക്കാനോ പെട്ടെന്ന് ഒരു ചോദ്യത്തിന് ബുദ്ധിപരമായി മറുപടിപറയാനോ പല കൗമാരക്കാര്‍ക്കും സാധിക്കാതെ വരുന്നു. സാമൂഹിക ഇടപെടലുകള്‍ കുറയുന്നു.
2. സൗഹൃദങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം. പ്രണയവും മറ്റ് ബന്ധങ്ങളും എല്ലാം ഓണ്‍ലൈനിലൂടെ. ആശയവിനിമയം, സംസാരിക്കുക, ഭാഷ ഉപയോഗിക്കുക, പരസ്പരം മനസ്സിലാക്കുക തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാനപരമായ കഴിവുകള്‍ക്ക് ഡിജിറ്റല്‍ ലോകത്ത് സ്ഥാനമില്ല. ആരോഗ്യകരമായി ബന്ധങ്ങള്‍ തുടങ്ങാനും നിലനിര്‍ത്താനും വേണ്ടെന്നുവയ്ക്കാനുമുള്ള കഴിവുകള്‍ നഷ്ടമാകുന്നു.
3. ‘അഡോളസന്‍സ്’ എന്ന സീരീസില്‍ ന്യൂജെന്‍ ടീന്‍സ് തമ്മിലുള്ള സംസാരവും സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലവും കാണിച്ചു തരുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം നമ്മുടെ കുട്ടികളെ അത്തരമൊരു മാനസികാവസ്ഥയിലൂടെ തള്ളിവിടുന്നുണ്ട്. കുട്ടികളില്‍ പരോക്ഷമായ ഇടപെടലുകള്‍ കുറയുന്നതോടെ ക്രൂരമായി പെരുമാറുക എന്നത് എളുപ്പമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. എത്രകാലം കഴിഞ്ഞാലും ഒരാളുടെ മുഖത്തുനോക്കി നമുക്ക് പറയാന്‍ പറ്റാത്ത, ധൈര്യപ്പെടാത്ത കാര്യങ്ങള്‍ പോലും മെസേജായി അയക്കാന്‍ അവര്‍ക്ക് മടിയില്ലെന്നും പഠനങ്ങള്‍.
4. താരതമ്യമാണ് മറ്റൊരപകടം. പണ്ട് ചുറ്റുമുള്ളവരുടെ കണ്ടാണ് കുട്ടികള്‍ അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുക. എന്നാലിന്നത് സോഷ്യല്‍ മീഡിയയിലെ സമപ്രായക്കാരോ സെലിബ്രിറ്റികളോ ആയിരിക്കുന്നു. ആത്മാഭിമാനം കുറഞ്ഞ ഒരു തലമുറയെ സോഷ്യല്‍മീഡിയ സൃഷ്ടിക്കുന്നുണ്ട്.
5. അംഗീകരിക്കപ്പെടുക എന്നത് എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യമാണ്. കൗമാരക്കാര്‍ക്ക് പ്രത്യേകിച്ചും. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കു കിട്ടുന്ന ലൈക്കുകളാണ് അവരുടെ മനസ്സിലെ അംഗീകാരങ്ങള്‍. അത് എത്ര കുറയുന്നോ അത്രയും മാനസികസംഘര്‍ഷം അവരനുഭവിക്കുമെന്നു ചുരുക്കം.
6. ഇംപോസ്റ്റര്‍ സിന്‍ഡ്രമാണ് മറ്റൊന്ന്. പ്രായമാകും തോറും നമ്മുടെ കഴിവുകള്‍ ഏതെന്ന് തിരിച്ചറിയുകയും അതില്‍ വിദഗ്ധരാവുകയും ചെയ്യുന്നതാണ് സാധാരണമനുഷ്യരുടെ ജീവിതം. എന്നാല്‍ ഞാന്‍ ചുറ്റുമുള്ളവരെപ്പോലെ മികച്ചയാളല്ല എന്ന ഭയം മനസ്സില്‍ നിറഞ്ഞാലോ. ആ ഭയം നിങ്ങളുടെ ധൈനംദിന കാര്യങ്ങളെ വരെ ബാധിച്ചാലോ. അതില്‍ നിന്നുപുറത്തുകടക്കാന്‍ പോലും കഴിയാത്തവിധം തളര്‍ന്നുപോകുന്നവരുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ കൗമാരക്കാര്‍ ഇന്നേറെ നേരിടുന്നുണ്ട്.
7. സോഷ്യല്‍ മീഡിയവഴിയുള്ള ശല്യപ്പെടുത്തലുകള്‍, അക്രമണങ്ങള്‍ കളിയാക്കലുകള്‍ എന്നിവയ്‌ക്കൊപ്പം ഒഴിവാക്കപ്പെടലുകളും കുട്ടികള്‍ നേരിടാറുണ്ട്. താനിടുന്ന പോസ്റ്റുകള്‍ തന്റെ പ്രിയപ്പെട്ടവര്‍ ലൈക്ക് ചെയ്യുന്നില്ല എന്നത് കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. ഒരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍, അല്ലെങ്കില്‍ അവരെ വേദനിപ്പിക്കാന്‍ അവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളെ കൃത്യമായി അവഗണിക്കുന്നവരുണ്ട്. ഇത്തരം അവഗണനകളും ഒപ്പം ശല്യം ചെയ്യലുകളും കുട്ടികളുടെ മാനസികനിലയെ ബാധിക്കും.
എന്തുചെയ്യണം
1. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ആദ്യം അവരുടെ സ്വന്തം ഉപയോഗം നിയന്ത്രിക്കുക എന്നതാണ്. ആരോഗ്യകരമായ ഡിജിറ്റല്‍ ഉപയോഗം എങ്ങനെയുള്ളതാണെന്ന് നല്ല മാതൃക കാണിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. നമ്മളില്‍ മിക്കവരും ശീലം കൊണ്ടാവാം കുട്ടികള്‍ക്കും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുമ്പോഴും ഫോണുകളിലേക്ക് കണ്ണുനട്ടിരിക്കാറുണ്ട്. കുട്ടികള്‍ നമ്മുടെ മുഖം കണ്ടാണ് ശീലിക്കേണ്ടത്, ഒരു സ്‌ക്രീനിന് മുകളില്‍ കുനിഞ്ഞിരിക്കുന്ന നമ്മുടെ തലയല്ല.
2. വീട്ടില്‍ സാങ്കേതികവിദ്യയില്ലാത്ത സ്ഥലങ്ങളും, അച്ഛനും അമ്മയും ഉള്‍പ്പെടെ ആരും ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളും ഉണ്ടാവണം.
3. നിങ്ങളുടെ കുട്ടി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ പേജ് നിരീക്ഷിക്കുകയും വേണം. നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത കാര്യങ്ങള്‍ അവര്‍ അതില്‍ പങ്കുവയ്ക്കനാഗ്രഹിക്കുന്നെങ്കില്‍ അങ്ങനെയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കുട്ടികളോട് തുറന്ന് സംസാരിക്കാന്‍ തയ്യാറാവണം. മാതാപിതാക്കള്‍ക്ക് കാണാന്‍ പറ്റാത്ത ഉള്ളടക്കങ്ങള്‍ മോശമായ ഉള്ളടക്കങ്ങളാണെന്നും അവ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നുമുള്ള ബോധ്യം കുട്ടികളിലുണ്ടാക്കാന്‍ കഴിയണം.
4. കുട്ടികളറിയാതെ അവരുടെ ഫോണുകളും സോഷ്യമീഡിയപ്ലാറ്റ്‌ഫോമുകളും പരിശോധിക്കുന്നതും ശരിയല്ല. അവര്‍ക്ക് നമ്മളിലുള്ള വിശ്വാസം ഇല്ലാതാക്കാനെ അത് ഉപകരിക്കൂ. പകരം എന്തും തുറന്നു പറയാനുള്ള ഇടമാക്കി വീടിനെ മാറ്റാം. നമുക്ക് അവരെ വിശ്വാസമാണ് എന്ന തോന്നല്‍ കുട്ടികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തും. ഡിജിറ്റല്‍ ഉപയോഗത്തിന് കൃത്യമായ സമയം നിശ്ചയിക്കുക. ഡിജിറ്റല്‍ ഡിവൈസുകള്‍ക്ക് പേരന്റല്‍ കണ്‍ട്രോള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.
5. വീടിനുള്ളില്‍ ഒതുങ്ങാതെ പുറത്തിറങ്ങാനും സഹപ്രായക്കാരുമായി കളിക്കാനും കായികമായ കളികളില്‍ ഏര്‍പ്പെടാനും സൗഹൃദങ്ങളുണ്ടാക്കാനും കുട്ടികളെ പ്രേരിപ്പിക്കാം
6. അവരുടെ ഹോബികളെ വളര്‍ത്താം. ചിത്രരചന, ക്രാഫ്റ്റ്, സംഗീതം, യാത്ര എന്നിങ്ങനെ ഡിജിറ്റല്‍ ലോകത്തുനിന്നു വിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാം.
7. പുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്താം. യാത്രകള്‍ കൊണ്ടുപോകാം. ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്ന് അവധിയെടുത്ത് കുടുംബം ഒട്ടാകെ ക്യാമ്പിങ്ങ് പോലുള്ളവയ്ക്കായി പോകുന്ന രീതി വിദേശങ്ങളിലുണ്ട്. നമുക്കും അവ പരീക്ഷിക്കാം.
കടപ്പാട്:
- www.unicef.org, childmind.org
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Experts warn of declining critical thinking, creativity, and social skills in teens due to excessive social media. Discover ways to encourage a digital detox and healthier habits