സുസ്മിത സെന്നിന്റെ മകളും സ്മിത പാട്ടീലും തമ്മിൽ; അമ്മയായത് ജീവിതത്തിലെ ബുദ്ധിപരമായ തീരുമാനമെന്ന് സുസ്മിത

സുസ്മിത സെൻ, സ്മിത പാട്ടീൽ, റെനി സെൻ / AFP, Instagram
സുസ്മിത സെൻ, സ്മിത പാട്ടീൽ, റെനി സെൻ / AFP, Instagram

മൂത്തമകൾ റെനീ സെന്നിന്റെ പിറന്നാളിന് വിശ്വസുന്ദരി സുസ്മിത സെൻ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ചർച്ചയാവുന്നു. 'ഹാപ്പി ബർത്ത്‌ഡേ മൈ ഫസ്റ്റ് ലവ്' എന്ന് ക്യാപ്ഷനിട്ടാണ് സുസ്മിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 'തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച, ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം' എന്നും സുസ്മിത കുറിക്കുന്നു.

ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ റെനിക്ക് ആശംസകളുമായി രംഗത്തെത്തി. എന്നാൽ, അതിൽ പലരും ശ്രദ്ധിച്ചത് ഒരു കാര്യമാണ്, റെനിക്ക് പഴയകാലനടി സ്മിത പാട്ടീലുമായുള്ള സാദൃശ്യം. 'ഈ പെൺകുട്ടി സ്മിത പാട്ടീലിനെ ഓർമിപ്പിക്കുന്നു' എന്ന് ഒരാൾ കമന്റിട്ടപ്പോൾ 'സുസ്മിത സെന്നും സ്മിത പാട്ടീലും ചേർന്നതാണ് റെനി' എന്ന് മറ്റൊരാൾ കുറിച്ചു. അതോടെ ചർച്ചകൾ സജീവമായി.

സിംഗിൾ മദറായ സുസ്മിതയ്ക്ക് രണ്ടുമക്കളാണ്. റെനിയും അലീസയും. മിസ് യൂണിവേഴ്‌സ് കിരീടം നേടി ആറുവർഷം കഴിഞ്ഞാണ് ഒരു പെൺകുഞ്ഞിനെ സുസ്മിത ദത്തെടുക്കുന്നത്. 24 വയസ്സുള്ളപ്പോഴാണ് തന്റെ ജീവിതത്തിലെ ആ പ്രധാനപ്പെട്ട തീരുമാനത്തിലേക്ക് അവരെത്തിയത്.

അതിനെക്കുറിച്ച് പിന്നീട് അവർ പറഞ്ഞതിങ്ങനെ, ''ആ പ്രായത്തിൽ ഞാനെടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു അമ്മയാവുക എന്നത്. ആളുകൾ അതൊരു മഹത്തായ ജീവകാരുണ്യ പ്രവർത്തിയാണെന്നും അത്ഭുതകരമാണെന്നുമൊക്കെ കരുതുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ആത്മസംരക്ഷണമായിരുന്നു. എന്നെത്തന്നെ സംരക്ഷിക്കുകയായിരുന്നു ഞാൻ ആ പ്രവർത്തിയിലൂടെ''.

ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ റിലീസായ 'ആര്യ' എന്ന ക്രൈം ത്രില്ലർ സീരീസിലാണ് സുസ്മിത അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആര്യ എന്ന പ്രധാനകഥാപാത്രത്തെ സുസ്മിതയാണ് അവതരിപ്പിച്ചത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സിലേക്ക് ഈ പരമ്പര ഈയിടെ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Fans note resemblance between Sushmita Sen`s daughter Renee and veteran actress Smita Patil