'റീലുകളിൽ മാത്രം മുഴുകിയാൽ ജീവിക്കാൻ മറന്നുപോകും'; ജീവിതം സിനിമ പോലെയാണ്; പരാജയങ്ങൾ അവസാനമല്ല

സൂര്യ
സൂര്യ

സോഷ്യൽ മീഡിയ റീലുകളിൽ സമയം കളയാതെ, ജീവിതത്തിലെ യഥാർത്ഥ വിജയകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ വിദ്യാർഥികളോട് അഭ്യർത്ഥിച്ച് തമിഴ് നടൻ സൂര്യ. സോഷ്യൽ മീഡിയയിലെ ഹ്രസ്വ വീഡിയോകൾക്കും റീലുകൾക്കും പിന്നാലെ പോകാതെ, ജീവിതത്തിൽ കഠിനാധ്വാനത്തിനും പഠനത്തിനും പ്രാധാന്യം നൽകണമെന്ന് സൂര്യ പറഞ്ഞു. ചെന്നൈയിൽ നടന്ന ശിവകുമാർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 47-ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളിൽ തളരാതെ ജീവിതത്തിൽ പ്രതീക്ഷ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് താരം സംസാരിച്ചു.

യുവതലമുറ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്ന രീതിയെക്കുറിച്ച് പരാമർശിക്കവെയാണ് സൂര്യ വിദ്യാർഥികൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. "സോഷ്യൽ മീഡിയ റീലുകൾ മാത്രം തുടർച്ചയായി കണ്ടുകൊണ്ടിരുന്നാൽ നിങ്ങൾ ഒരു കഥ കാണുക മാത്രമാണ് ചെയ്യുന്നത്. അതിലൂടെ ഒന്നും പഠിക്കാൻ കഴിഞ്ഞേക്കില്ല. റീലുകൾക്ക് പിന്നാലെ പോകാതെ ജീവിതത്തിൽ വിജയം കൈവരിച്ച വ്യക്തികളുടെ യഥാർത്ഥ അനുഭവങ്ങളെയും യാത്രകളെയും അടുത്തറിയാൻ ശ്രമിക്കണം," സൂര്യ വ്യക്തമാക്കി.

ജീവിതത്തിലെ തിരിച്ചടികളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും സംസാരിക്കവേ സിനിമാ ചിത്രീകരണ അനുഭവവുമായാണ് സൂര്യ ജീവിതത്തെ ഉപമിച്ചത്. "സിനിമയിൽ ഒരു രംഗം ശരിയാകാൻ അഭിനേതാക്കൾക്ക് പലപ്പോഴും നിരവധി 'ടേക്കുകൾ' ആവശ്യമായി വരാറുണ്ട്. മികച്ചൊരു ഔട്ട്‌പുട്ട് ലഭിക്കുന്നത് വരെ സംവിധായകൻ 'വൺ മോർ' എന്ന് പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കും. അതൊരിക്കലും നിങ്ങൾ തോറ്റുപോയി എന്നതിന്റെ സൂചനയല്ല.

ഞാൻ ജീവിതത്തെ കാണുന്നതും ഒരു സംവിധായകന്റെ കണ്ണിലൂടെയാണ്. ജീവിതം ഒരിക്കലും നിങ്ങൾ പരാജയപ്പെട്ടു എന്ന് പറയുന്നില്ല. നിങ്ങൾ അങ്ങനെ ചിന്തിച്ചേക്കാമെങ്കിലും യഥാർത്ഥത്തിൽ ജീവിതം അങ്ങനെയല്ല." ജീവിതത്തിൽ എപ്പോഴും "മറ്റൊരു അവസരം കൂടി" (One more chance) കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷ കൈവിടരുതെന്നും താരം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സൂര്യയും പിതാവ് ശിവകുമാറും ചേർന്ന് വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 13.78 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ചിത്രകാരൻ ജീവനന്ദന് ഒരു ലക്ഷം രൂപയും പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു.

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' (Scene) ആണ് സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രം നവംബർ 6-ന് തിയേറ്ററുകളിലെത്തും. കൂടാതെ, കയാദു ലോഹർ, യോഗി ബാബു എന്നിവർക്കൊപ്പം 'സൂര്യ 48' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം ഇപ്പോൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Suriya advised students to reduce time spent on social media reels., Emphasized that failures are not the end and life always gives another chance like a movie take., Sivakumar Educational Trust distributed financial aid of 13.78 lakh rupees to students., Suriya's upcoming movie 'Scene' is scheduled to release on November 6.