'ബിരിയാണി വാങ്ങിത്തന്നാൽ ഇന്റർവ്യൂ തരാം'; ഭക്ഷണമില്ലാതെ ഫുട്പാത്തിൽ കിടന്ന മിഥുൻ ചക്രവർത്തി

'ഡിസ്‌കോ ഡാൻസർ' എന്ന ഒരൊറ്റ സിനിമയിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് മിഥുൻ ചക്രവർത്തി. ബോളിവുഡിലെ 'ആംഗ്രിമാൻ യുഗ'ത്തിന് ഒരു ബ്രേക്ക് വരുന്നത് മിഥുന്റെ 'ഡിസ്‌കോ ഡാൻസർ' പുറത്തുവന്നതോടെയാണ്. പാവങ്ങളുടെ ബച്ചൻ എന്നാണ് ആ സമയത്ത് അദ്ദേഹം അറിയപ്പെട്ടതും.
'മൃഗയാ' എന്ന മൃണാൾ സെൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ, അപ്പോഴും അത്ര ജനകീയനായിരുന്നില്ല മിഥുൻ. ആറുവർഷങ്ങൾക്കപ്പുറം 'ഡിസ്‌കോ ഡാൻസർ' ഇറങ്ങിയതോടെയാണ് ജീവിതം തന്നെ മാറിമറിയുന്നത്. അതിനുശേഷം തുടർച്ചയായി കുറേ സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.
എന്നാൽ, അദ്ദേഹത്തിന്റെ സിനിമായാത്ര ഒട്ടും സുഗമമായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെ അദ്ദേഹം പലപ്പോഴും കടന്നുപോയി. ഭക്ഷണമോ, താമസസൗകര്യമോ, പണമോ കൈയിലില്ലാത്ത നാളുകൾ. അവിടുന്ന് കഠിനാധ്വാനത്തിലൂടെയാണ് താരപദവിയിലേക്കെത്തിയത്. ആദ്യസിനിമയിൽ തന്നെ ദേശീയപുരസ്‌കാരം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ സാമ്പത്തികനില ഒട്ടും മെച്ചപ്പെട്ടില്ല. എത്രയോ ദിവസങ്ങൾ ഭക്ഷണം കഴിക്കാതെ കഴിഞ്ഞു. ദേശീയപുരസ്‌കാരം ലഭിച്ചശേഷം ഒരു മാധ്യമപ്രവർത്തകൻ അഭിമുഖത്തിനായി മിഥുനെ സമീപിച്ചു. അന്ന് അദ്ദേഹം ഒരേയൊരു നിബന്ധനയാണ് വെച്ചത്. ''നിങ്ങൾ എനിക്ക് ബിരിയാണി വാങ്ങിത്തരൂ, ഞാൻ ഇന്റർവ്യൂ തരാം''.
ഒഴിഞ്ഞ വയറുമായി ഫുട്പാത്തിൽ ഉറങ്ങിയ ദിവസങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. ''ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വന്ന ദിവസങ്ങളായിരുന്നു. ഉറങ്ങാൻ വേണ്ടി ഞാൻ കരഞ്ഞിരുന്നു. എങ്ങനെയെങ്കിലും എനിക്ക് വിശപ്പ് മറക്കണമായിരുന്നു. വാസ്തവത്തിൽ, എന്റെ അടുത്ത ഭക്ഷണം എന്തായിരിക്കുമെന്നും ഞാൻ എവിടെ ഉറങ്ങുമെന്നും ചിന്തിക്കേണ്ടി വന്ന ദിവസങ്ങളുണ്ടായിരുന്നു''.
'പ്രൊജാപതി 2'ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2026-ൽ കൈനിറയെ ചിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഫൗജി, ലാഹോർ 1947, ജെയിലർ 2 എന്നിവയും അതിലുൾപ്പെടും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details Mithun Chakraborty's early life marked by extreme poverty and hunger. Recounts the anecdote of him requesting biryani in exchange for an interview.