‘നാഡി ഞെരുങ്ങി, തൊണ്ടയ്ക്ക് ഭാരവും ശബ്ദത്തിന് മാറ്റവും’; ആരോഗ്യപ്രശ്‌നം തുറന്ന് പറഞ്ഞ് സോനു നിഗം

ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലൂടെ താൻ കടന്നുപോവുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഗായകൻ സോനു നിഗത്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. നാഡിയുമായി ബന്ധപ്പെട്ട അസ്വസ്ഥത കാരണം കഴിഞ്ഞ ഒരാഴ്ചയായി എംആർഐ, സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുകയും ഡോസ് കൂടിയ മരുന്നുകളും ഫിസിയോതെറാപ്പിയും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സോനു തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. “എന്റെ നാഡി ഞെരുങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചയായി എംആർഐയും സിടി സ്‌കാനും എടുക്കുന്നു. ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്,” തോളിലെ മെഡിക്കൽ പാച്ച് കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി ചെയ്യുന്നുണ്ടെന്നും എന്നാൽ അത് വേദനാജനകമായ അനുഭവമായിരുന്നുവെന്നും സോനു വ്യക്തമാക്കി. വേദന നിയന്ത്രിക്കാൻ വേദന സംഹാരികളും മസിൽ റിലാക്‌സന്റ് മരുന്നുകളും കഴിക്കുന്നുണ്ട്. ഈ മരുന്നുകളുടെ പാർശ്വഫലമായി തൊണ്ടയ്ക്ക് ചെറിയ ഭാരവും ശബ്ദത്തിൽ മാറ്റവും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഗായകനെ സംബന്ധിച്ചിടത്തോളം ശബ്ദത്തിലെ ചെറിയ മാറ്റം പോലും വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ഏറെ നാളുകൾക്ക് ശേഷം മുംബൈയിൽ നടക്കുന്ന തന്റെ ലൈവ് ഷോ റദ്ദാക്കാൻ അദ്ദേഹം തയ്യാറായില്ല. ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും ആരാധകർക്ക് മുന്നിലെത്താനാണ് തന്റെ തീരുമാനമെന്ന് സോനു വ്യക്തമാക്കി. ഈ മാസം അവസാനമാണ് മുംബൈയിൽ സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കുറച്ച് കാലത്തിനു ശേഷം ആദ്യമായിട്ടാണ് താൻ പരിപാടി നടത്താൻ പോകുന്നതെന്നും, വെല്ലുവിളികൾ എന്തുതന്നെയായാലും വേദിയിൽ എത്താൻ താൻ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും ഗായകൻ വിശദീകരിച്ചു.
19-ാം വയസ്സിൽ ഗുൽഷൻ കുമാറിന്റെ പിന്തുണയോടെയാണ് സംഗീതരംഗത്ത് സോനു നിഗം ശ്രദ്ധേയനാകുന്നത്. പിന്നീട് ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായി മാറി. 1993-ൽ പുറത്തിറങ്ങിയ ആജാ മേരി ജാൻ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ബോളിവുഡിൽ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സരിഗമ എന്ന സംഗീതപരിപാടിയുടെ അവതാരകനായും അദ്ദേഹം ശ്രദ്ധ നേടി.
ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലായി അയ്യായിരത്തിലധികം ഗാനങ്ങൾ ആലപിച്ച സോനു നിഗത്തിന് കൽ ഹോ നാ ഹോ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും തന്റെ സംഗീതയാത്ര തുടരുമെന്ന സോനു നിഗത്തിന്റെ ആത്മവിശ്വാസമാണ് ഇപ്പോൾ ആരാധകരുടെ കൈയടി നേടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sonu-nigam-health-update-nerve-compression