‘കോടീശ്വരനെ വിവാഹം കഴിച്ചാലും സ്വന്തം വരുമാനമില്ലെങ്കിൽ സ്വന്തം ശബ്ദവും ഇല്ല’

സൊണാലി ബെന്ദ്രെ/Instagram
സൊണാലി ബെന്ദ്രെ/Instagram

ചില വാക്കുകൾ കേൾക്കുന്ന നിമിഷത്തിൽ അവയുടെ ആഴം തിരിച്ചറിയണമെന്നില്ല. എന്നാൽ കാലം കടന്നുപോകുമ്പോൾ അതേ വാക്കുകൾ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായി മാറാറുണ്ട്. അർഥവത്തായ പ്രഭാഷണങ്ങളോ പ്രശസ്തമായ പുസ്തകങ്ങളോ മാത്രമല്ല, വീട്ടിലെ നിത്യസംഭാഷണങ്ങൾക്കിടയിൽ അച്ഛനമ്മമാർ പറയുന്ന ചില ലളിതമായ വാക്കുകളും ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക് വഴികാട്ടിയാകാം. നടി സൊണാലി ബെന്ദ്രെയുടെ ജീവിതത്തിലും അത്തരമൊരു ഉപദേശമാണ് ഇന്നും മായാതെ നിൽക്കുന്നത്. അത് പറഞ്ഞത് ഒരു സാമ്പത്തിക വിദഗ്ധയോ കരിയർ കോച്ചോ അല്ല, ജീവിതം മുഴുവൻ ഹോംമേക്കറായിരുന്ന അമ്മയാണ്.
പഴയൊരു അഭിമുഖത്തിൽ സൊണാലി പങ്കുവെച്ച ഈ അനുഭവം വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം പണത്തിനപ്പുറം സ്വന്തം ശബ്ദവും തീരുമാനങ്ങളുമാണെന്ന് ഓർമിപ്പിക്കുന്ന സന്ദേശമാണ് ആ വാക്കുകളിലുള്ളത്. സൊണാലിയും സഹോദരിമാരും വളർന്ന കാലത്തുതന്നെ അമ്മ ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നുവെന്ന് നടി ഓർക്കുന്നു. 'ലോകത്തിലെ ഏറ്റവും ധനികനായ ആളെ വിവാഹം കഴിക്കാനുള്ള അവസരം വന്നാലും, നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രരാകുന്നതുവരെ ഞാൻ അതിന് സമ്മതിക്കില്ല.'

കുട്ടിക്കാലത്ത് ഈ വാക്കുകൾ അവർക്ക് തമാശപോലെയായിരുന്നു. “ലോകത്തിലെ ഏറ്റവും സമ്പന്നനായ ആളൊന്നും നമ്മളെ വിവാഹം കഴിക്കാൻ വരില്ലല്ലോ, പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ പറയുന്നത്?” എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ അമ്മയുടെ മറുപടി പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ പാഠമായി മാറി.

അമ്മ പറഞ്ഞ വാക്കുകൾ ഇന്നും സൊണാലിയുടെ മനസ്സിലുണ്ട്. ‘സാമ്പത്തിക സ്വാതന്ത്ര്യമില്ലെങ്കിൽ നിനക്ക് സ്വന്തം ശബ്ദമുണ്ടാകില്ല. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും തീരുമാനമെടുക്കാനും കഴിയാത്തപ്പോൾ, ജീവിതം നിനക്ക് നൽകുന്നതെന്താണോ അത് സ്വീകരിക്കുകയല്ലാതെ മറ്റൊരു വഴിയുണ്ടാകില്ല.’ ഈ സന്ദേശം പണത്തെക്കുറിച്ചുമാത്രമല്ല. ആത്മാഭിമാനം, ആത്മവിശ്വാസം, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള കഴിവ് എന്നിവയെക്കുറിച്ചുമാണ്. സമൂഹം ഏറെ മാറിയെങ്കിലും ഈ ഉപദേശം ഇന്നും പ്രസക്തമാണ്. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും നേടിയ സ്ത്രീകൾ പോലും വിവാഹത്തിനുശേഷമോ കുട്ടികൾ ജനിച്ചതിനുശേഷമോ തൊഴിൽജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യങ്ങൾ ഇന്നും കാണാം. ചിലർ സ്വന്തം പേരിൽ സമ്പാദ്യമൊന്നും ഉണ്ടാക്കാറില്ല. ചിലർ സാമ്പത്തിക കാര്യങ്ങളെല്ലാം കുടുംബത്തിലെ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു.

“സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കോടീശ്വരിയാകുകയോ വലിയൊരു ബിസിനസ് തുടങ്ങുകയോ അല്ല. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനും ഭാവിക്കായി കുറച്ചെങ്കിലും മാറ്റിവയ്ക്കാനും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കാനുമുള്ള ശേഷിയാണ് അതിന്റെ അടിസ്ഥാനം. ഒരു ബാങ്ക് അക്കൗണ്ടിലെ തുക മാത്രം ജീവിതം മാറ്റിമറിക്കില്ല. എന്നാൽ ആ സാമ്പത്തിക സുരക്ഷ ഒരു സ്ത്രീക്ക് നൽകുന്നത് മറ്റൊന്നാണ്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.”

ആരോഗ്യകരമല്ലാത്ത ഒരു ബന്ധത്തിൽ നിന്ന് പുറത്തുവരാനും, കുറച്ചുകാലം ജോലി വിട്ട് വിശ്രമിക്കാനും, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനും, കുട്ടികളെ സ്വന്തം കാഴ്ചപ്പാടനുസരിച്ച് വളർത്താനും...അങ്ങനെ ഓരോ തീരുമാനങ്ങളും എടുക്കുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യം വലിയ പിന്തുണയാകുന്നു. സമ്പാദിക്കുകയും അതിൽനിന്ന് സമ്പാദ്യം ഉണ്ടാക്കുകയും സ്വന്തം സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയും ചെയ്യുന്ന സ്ത്രീകൾക്ക് ജീവിതത്തിലെ പല സാഹചര്യങ്ങളിലും കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്നാണ് ഈ അനുഭവം ഓർമിപ്പിക്കുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര എല്ലാവർക്കും ഒരുപോലെയല്ല. ചിലർ സ്ഥിരം ജോലി ചെയ്യുന്നു, ചിലർ സ്വന്തം സംരംഭങ്ങൾ നടത്തുന്നു, ചിലർ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നോക്കുന്നതിനൊപ്പം ചെറിയ വരുമാന മാർഗങ്ങളും കണ്ടെത്തുന്നു. കരിയറിലേക്ക് വീണ്ടും മടങ്ങിവരിക, പുതിയൊരു വൈദഗ്ധ്യം പഠിക്കുക, ഫ്രീലാൻസ് ജോലി ചെയ്യുക, ചെറിയൊരു അടിയന്തര ഫണ്ട് സൃഷ്ടിക്കുക, മാസംതോറും നിക്ഷേപം തുടങ്ങുക, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നേടുക...ഇവയെല്ലാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ചെറിയതും എന്നാൽ പ്രധാനപ്പെട്ടതുമായ ചുവടുകളാണ്.

ആ ശക്തിയുണ്ടാകുമ്പോഴാണ് ഓരോ സ്ത്രീക്കും തന്റെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം രൂപപ്പെടുത്താനുള്ള യഥാർഥ സ്വാതന്ത്ര്യം ലഭിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sonali-bendre-mothers-lesson-on-womens-financial-independence