250 കോടി മയക്കുമരുന്നുകേസും ഓറിയും തമ്മിൽ ബന്ധമെന്ത്? മദ്യപിച്ചതിനും അദ്ദേഹത്തിനെതിരെ കേസ്

ഓറി / PTI
ഓറി / PTI

ബോളിവുഡ് പാർട്ടികളിലെ സ്ഥിരസാന്നിധ്യമാണ് ഓറി. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം തന്റെ ബ്രാൻഡ് ഉറപ്പിച്ചത്. ഇപ്പോൾ 252 കോടിയുടെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഓറിയുടെ പേര് കേൾക്കുന്നത്. കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി നാർക്കോട്ടിക് സെൽ സമൻസ് അയയ്ക്കുകയും ചെയ്തു.

2024 മാർച്ചിൽ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ഫാമിൽ ഒരു മെഫെഡ്രോൺ നിർമാണകേന്ദ്രം മുംബൈ പോലീസ് കണ്ടെത്തിയതോടെയാണ് കേസ് തുടങ്ങുന്നത്. അതിനൊപ്പം ഏകദേശം 252 കോടി വിലമതിക്കുന്ന 126.14 കിലോഗ്രാം മെഫെഡ്രോൺ ലഹരിമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരനായ സലിം ഡോലയുടെയും മകന്റെയും നിയന്ത്രണത്തിലുള്ളതാണ് ഈ നിർമാണകേന്ദ്രമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അന്വേഷണം ഊർജിതമാക്കിയപ്പോൾ, ഈ യൂണിറ്റ് ഒരു വലിയ ശൃംഖലയുടെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. മെഴ്സിഡസ്, ബിഎംഡബ്ല്യു പോലുള്ള ആഡംബര കാറുകളിൽ പോലും മയക്കുമരുന്ന് കടത്തിയിരുന്നതായും കണ്ടെത്തി.

ഡോല ഇപ്പോഴും ഒളിവിലാണ്. ഡോലയുടെ സഹായിയായ ലാവിഷ് എന്നയാൾ ഈയിടെ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ, ഇന്ത്യയിലും വിദേശത്തും സെലിബ്രിറ്റികൾ, സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവർക്കായി റേവ് പാർട്ടികൾ സംഘടിപ്പിച്ചതായി ഷെയ്ഖ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിലുൾപ്പെട്ട പേരാണ് ഓറിയുടേത്.

ഇതാദ്യമായല്ല ഓറി വിവാദങ്ങളിൽ പെടുന്നത്. ജമ്മു കശ്മീരിൽവെച്ച് മദ്യപിച്ചതിനെ തുടർന്ന് കശ്മീർ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകരുടെ ബേസ് ക്യാമ്പായ കത്രയിൽ മദ്യം വിൽക്കുന്നതിലും വാങ്ങുന്നതിലും കഴിക്കുന്നതിലും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ആ നിരോധനം ലംഘിച്ചതിനാണ് കേസെടുത്തത്. പിന്നാലെ അവിടെവെച്ച് മദ്യപിക്കുന്ന ഓറിയുടെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood`s Ory faces scrutiny in a massive Rs 252 crore mephedrone drug case