‘കഠിനപരിശീലന യാത്രയിൽ കൂടെനിന്ന ആൺതാരങ്ങൾക്ക് നന്ദി’; ശോഭിത ധൂലിപാല

ശോഭിത ധൂലിപാലയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ അനുഭവമാകുകയാണ് 'വെട്ടുവം' എന്ന ചിത്രം. മല്ലഖംബത്തെ കേന്ദ്രീകരിച്ചൊരുക്കുന്ന സ്‌പോർട്‌സ് ഡ്രാമയ്ക്കായി കഠിനമായ ശാരീരിക പരിശീലനമാണ് താരം നടത്തിയത്. മല്ലഖംബത്തിനൊപ്പം അടി മുറൈ, സുരുൾ തുടങ്ങിയ പരമ്പരാഗത ആയോധന-ശാരീരിക പരിശീലനങ്ങളും ശോഭിത അഭ്യസിച്ചു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി നടത്തിയ ഈ തയ്യാറെടുപ്പ് തന്റെ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് താരം പറയുന്നു.
''ഈ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പ് എന്റെ മനസ്സിനെയും ശരീരത്തെയും പുതിയ തരത്തിലുള്ള തിരിച്ചറിവുകളിലേക്ക് തുറന്നുവിടുകയായിരുന്നു. 'വെട്ടുവ'ത്തിലെ പല രംഗങ്ങൾക്കും വർഷങ്ങളോളം നീളുന്ന ആയോധന പരിശീലനം ആവശ്യമായിരുന്നു. റിഹേഴ്‌സൽ സമയത്ത് ചില രംഗങ്ങളിൽ സ്റ്റണ്ട് ഡബിൾസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും, സാധ്യമായത്ര സ്റ്റണ്ടുകൾ സ്വയം ചെയ്യാനായിരുന്നു ഞങ്ങളുടെ തീരുമാനം. കൊറിയോഗ്രാഫി ചെയ്ത ചില രംഗങ്ങൾക്ക് വർഷങ്ങളുടെ ആയോധന പരിശീലനം ആവശ്യമാണ്. റിഹേഴ്‌സലുകളിൽ സ്റ്റണ്ട് ഡബിൾസ് ഉണ്ടായിരുന്നെങ്കിലും ഓരോ സ്റ്റണ്ടും സ്വയം ചെയ്യാൻ ഞങ്ങളെല്ലാവരും ഉറപ്പാക്കി. ഞങ്ങൾ നല്ലൊരു ടീമായിരുന്നു. ഓരോ രംഗവും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.'' ഈ കൂട്ടായ പരിശീലനവും ആക്ഷൻ രംഗങ്ങൾ ഒരുമിച്ച് അവതരിപ്പിച്ചതുമെല്ലാം ഏറെ പ്രചോദനാത്മകമായ അനുഭവമായിരുന്നുവെന്നും ശോഭിത പറയുന്നു.
സാധാരണ ആക്ഷൻ പരിശീലനത്തിനപ്പുറം ഇന്ത്യൻ പരമ്പരാഗത ശാരീരിക-ആയോധന മുറകളും ശോഭിത പരിശീലിച്ചിരുന്നു. മല്ലഖംബത്തിനൊപ്പം അടി മുറൈയും സുരുളും താരം അഭ്യസിച്ചു. ''ഈ വന്യമായ യാത്രയിൽ എന്റെ സുഹൃത്തുക്കളായി കൂടെയുണ്ടായിരുന്ന ചിത്രത്തിലെ ആൺതാരങ്ങൾക്ക് പ്രത്യേക നന്ദി. ശാരീരികമായ ഈ ഊർജത്തിലാണ് ഞാൻ വളരുന്നത്. അത്രയും മികച്ച ഊർജത്തോടെ അത് അനുഭവിക്കാൻ ഈ സിനിമ എനിക്ക് അവസരം നൽകി.'' ശോഭിത പറഞ്ഞു.
കലൈയരസൻ, മൈം ഗോപി, ഗുരു സോമസുന്ദരം, ഷബീർ കല്ലറക്കൽ, ജോൺ വിജയ്, സായി ധീന, ആനന്ദ് സാമി, ഹരീഷ് ഉത്തമൻ, ലിസ്സി, ലിംഗേഷ് പ്രേംകുമാർ, കവിത ഭാരതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. രൂപേഷ് ഷാജി ഛായാഗ്രഹണവും സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. ധിലീപ് സുബ്ബരായനാണ് ആക്ഷൻ കൊറിയോഗ്രാഫർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi