'ആ മസാജിലൂടെയാണ് ഒരുദിവസം തുടങ്ങുന്നത്; അവളാണ് ഇപ്പോൾ സൂപ്പർസ്റ്റാർ': സിദ്ധാർഥ് മൽഹോത്ര

കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര / GettyImages
കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര / GettyImages

ഈ വർഷം ജൂലായിലാണ് ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. ഇക്കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചിത്രം അവർ ആദ്യമായി പുറത്തുവിട്ടു. കുഞ്ഞിന് സരായ എന്നാണ് പേരിട്ടതെന്നും താരങ്ങൾ വെളിപ്പെടുത്തി.

കുഞ്ഞുണ്ടായ ശേഷം ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സിദ്ധാർഥ്. 'വി ദ വിമൻ ഫെസ്റ്റിവൽ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധാർഥ്. മകളെ രാവിലെ മസാജ് ചെയ്യുന്നത് തന്റെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ''അതാണ് ഞങ്ങളുടെ പതിവ്, അവളുടെ ചിണുക്കംകേട്ടാണ് ഉണരുന്നത്. ഒരു പെൺകുഞ്ഞിന്റെ അച്ഛനായ ശേഷം ജീവിതം വളരെ ഭംഗിയായതായി തോന്നുന്നു. സംസാരിക്കാൻ കഴിയാത്ത ഒരാളോട് ഇത്രയധികം വാദപ്രതിവാദങ്ങൾ നടത്തി ഞാൻ ഒരിക്കലും തോറ്റിട്ടില്ല. ഇനി വീട്ടിലെ നായകനല്ലെന്ന് എനിക്ക് മനസ്സിലായി; അവളാണ് സൂപ്പർസ്റ്റാർ,'' താരം പറയുന്നു.

സംസാരത്തിനിടയിൽ കിയാരയെ സൂപ്പർഹീറോ എന്നാണ് സിദ്ധാർഥ് വിശേഷിപ്പിച്ചത്. ''പുരുഷന്മാർ എപ്പോഴും ധൈര്യം, ധൈര്യം, ശക്തി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സ്ത്രീകൾ അമ്മയാകുമ്പോൾ ഇതെല്ലാം പ്രകടമാക്കുന്നു. ഗർഭകാലത്ത് കിയാര ഹോർമോൺ-ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടു. ഇപ്പോൾ സരായയെ അവൾ നോക്കുന്നതും കാണുമ്പോൾ കിയാര ശരിക്കുമൊരു സൂപ്പർഹീറോ ആണെന്ന് എനിക്ക് തോന്നാറുണ്ട്. ഡയപ്പറുകൾ മാറ്റുന്നതിലൂടെയും, ഫോട്ടോകൾ എടുക്കുന്നതിലൂടെയും, സന്തോഷകരമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിലൂടെയും എനിക്ക് കഴിയുന്നത്ര കാര്യങ്ങൾ ഞാനും ചെയ്യുന്നു''.

'പരം സുന്ദരി' എന്ന സിനിമയാണ് സിദ്ധാർഥിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയത്. 'വാൻ ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. 'വാർ 2'ലാണ് കിയാര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 'ടോക്‌സിക്: എ ഫെയ്‌റി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' ആണ് ഇനി പുറത്തിറങ്ങാനുള്ളത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sidharth Malhotra shares heartwarming details about his new role as a father, including daily massages for his daughter