‘യുവനായികമാർക്ക് മാത്രമായിരുന്നു അവസരങ്ങൾ, അതിനപ്പുറത്തേക്ക് എന്ത് ചെയ്യാമെന്ന് അറിയില്ലായിരുന്നു’

ഷെഫാലി ഷാ സിനിമാ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഉണ്ടെങ്കിലും, 'ഡൽഹി ക്രൈം' എന്ന സീരീസിലൂടെയാണ് അവർ പ്രധാന വേഷത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരീസിന് മൂന്ന് സീസണുകൾ ഉണ്ടായിരുന്നു. 90-കളിലെ ഒരു നടി പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും വിജയകരമായ ആദ്യ സീരീസുകളിൽ ഒന്നായിരുന്നു ഇത്. ഈ ഷോയ്ക്ക് പിന്നാലെ സുസ്മിത സെൻ, രവീണ ടണ്ടൻ, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങളും സ്വന്തം സീരീസുകളുമായി എത്തി വിജയം കൊയ്തു.
സ്ത്രീകൾക്കായി എഴുതപ്പെടുന്ന വേഷങ്ങളിൽ സമീപകാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈസിനു നൽകിയ അഭിമുഖത്തിൽ ഷെഫാലി പറയുന്നു. സിനിമയിൽ ഇത്തരമൊരു മാറ്റം കൊണ്ടുവന്ന ആദ്യത്തെ ആളുകളിൽ ഒരാളായതിൽ അഭിമാനം തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ "മറ്റാരൊക്കെയോ ആണ് എനിക്കായി ഈ വഴി ഒരുക്കിയത്. ഷബാന ആസ്മി ജി, സ്മിത പാട്ടീൽ ജി എന്നിവരെല്ലാം ഞങ്ങൾക്കായി പാതകൾ വെട്ടിത്തെളിച്ചിട്ടുണ്ട്, ആ വഴികളിലൂടെയാണ് ഞങ്ങൾ ഇപ്പോൾ നടക്കുന്നത്. അവർ പോരാട്ടങ്ങൾ നേരിട്ടതുകൊണ്ടാണ് ഞങ്ങൾ ഇത്രയും മെച്ചപ്പെട്ട സാഹചര്യത്തിൽ ഇരിക്കുന്നത്. ഞാൻ നേരിട്ടത് എന്തെങ്കിലും ഭാവി തലമുറയെ സഹായിക്കുന്നുണ്ടെങ്കിൽ അത് വളരെ സന്തോഷമുള്ള കാര്യമാണ്, പക്ഷേ അത് ലക്ഷ്യം വെച്ചല്ല ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്" അവർ പറഞ്ഞു.
തന്റെ സീരീസ് ഇത്ര വലിയ വിജയം നേടുമെന്ന് കരുതിയിരുന്നില്ലെന്നും ഷെഫാലി കൂട്ടിച്ചേർക്കുന്നു. "ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തതല്ല, പക്ഷേ ഇത് സംഭവിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇത് അവസരങ്ങൾ തുറന്നു നൽകി. നിർഭാഗ്യവശാൽ, അതുവരെ യുവതികൾക്കും നായികമാർക്കും മാത്രമായിരുന്നു അവസരങ്ങൾ ഉണ്ടായിരുന്നത്. അവർക്ക് അപ്പുറം നടിമാരെ വെച്ച് എന്ത് ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. അതിനാൽ ഈ മാറ്റത്തിൽ എനിക്ക് സന്തോഷമുണ്ട്. മറ്റ് അനേകം അഭിനേതാക്കൾക്ക് അവരുടെ അർഹമായ അവസരങ്ങൾ ലഭിക്കുന്നതിലേക്ക് ഒരു ചുവടുവെപ്പെങ്കിലും നടത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമുണ്ട്," അവർ പറയുന്നു.
ഈ മാറ്റം പുതിയ തലമുറയിലെ നടിമാരിലും പ്രകടമാണെന്ന് ഷെഫാലി പറയുന്നു. 'ഡാർലിങ്ങ്സ്' എന്ന ചിത്രത്തിൽ ആലിയ ഭട്ടിനൊപ്പം പ്രവർത്തിച്ചിരുന്നു. "അവർ വളരെയധികം ലക്ഷ്യബോധമുള്ളവരാണ്. അവർ സ്വന്തം കഴിവിൽ വിശ്വസിക്കുകയും 'അതെ, ഞാൻ ഇതിന് അർഹയാണ്, അത് എനിക്ക് ലഭിക്കും' എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. അത് വളരെ നല്ല കാര്യമാണ്. കാരണം നമ്മളിൽ പലരും 'വേണ്ട, എനിക്ക് ഇതിന്റെ ആവശ്യമില്ല' എന്ന് പറഞ്ഞാണ് സമയം കളഞ്ഞത്. ആരെങ്കിലും നമ്മളോട് നന്നായി പെരുമാറിയാൽ പോലും നമ്മൾ നന്ദി പറയുമായിരുന്നു. അത് നമ്മുടെ അവകാശമാണെന്നോ ശരിയായ പെരുമാറ്റമാണെന്നോ നമ്മൾ ചിന്തിച്ചിരുന്നില്ല. 'ഡാർലിങ്ങ്സി'ൽ ആലിയയ്‌ക്കൊപ്പവും 'ഡൽഹി ക്രൈമി'ൽ ഹുമ ഖുറേഷി, രസിക ദുഗൽ, സയാനി ഗുപ്ത എന്നീ പെൺകുട്ടികൾക്കൊപ്പവും പ്രവർത്തിച്ചപ്പോൾ അത് എനിക്ക് മനസ്സിലായി. അവരെല്ലാം നല്ല നടിമാരാണ്. ഒരു സ്ത്രീ തന്റെ ഇടം കണ്ടെത്തുകയും 'അതെ, എനിക്ക് നല്ല പരിഗണന ലഭിക്കാൻ അർഹതയുണ്ട്' എന്ന് പറയുകയും ചെയ്യുന്നത് കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അത് അഭിനന്ദനാർഹമാണ്," അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shefali Shah discusses the shift in cinema, with more opportunities for experienced actresses thanks to pioneers. Learn about her journey & impact.