'തോണ്ടിയത് മാത്രമേ കാണിച്ചുള്ളൂ, അതിനുശേഷം നടന്നത് വീഡിയോയിലില്ല' വിശദീകരണവുമായി ഷെയ്ൻ നിഗം

ഷെയ്ൻ നിഗം, പെൺകുട്ടിക്കൊപ്പം സെൽഫിയെടുക്കുന്നു / മാതൃഭൂമി ആർക്കൈവ്‌സ്, സ്‌ക്രീൻഗ്രാബ്‌
ഷെയ്ൻ നിഗം, പെൺകുട്ടിക്കൊപ്പം സെൽഫിയെടുക്കുന്നു / മാതൃഭൂമി ആർക്കൈവ്‌സ്, സ്‌ക്രീൻഗ്രാബ്‌

ഒടുവിൽ ആ വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ഷെയ്ൻ നിഗം എത്തി. ആ വീഡിയോ പൂർണമല്ലെന്നും അതുകൊണ്ടാണ് തെറ്റിദ്ധരിപ്പിക്കുന്നതായി തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഷെയ്ൻ നിഗത്തിന്റെ പുതിയ സിനിമയായ 'ബൾട്ടി'യുടെ പ്രൊമോഷനായി ഒരു കോളേജിലെത്തിയതായിരുന്നു ഷെയ്ൻ നിഗവും സംഘവും.

സ്‌റ്റേജിൽനിൽക്കുന്ന ഷെയ്‌നിന്റെ കാലിൽ തോണ്ടി ഒരു പെൺകുട്ടി വിളിക്കുന്നതും അത് ശ്രദ്ധിക്കാതെ ഷെയ്ൻ നടന്നുപോകുന്നതുമായിരുന്നു വീഡിയോ. പിന്നാലെ അത് ചർച്ചയായി. ഷെയ്ൻ പണ്ടേ അഹങ്കാരിയാണെന്നും അതുകൊണ്ടാണ് ആരാധിക വിളിച്ചിട്ടും നോക്കാതെ പോയതെന്നുമൊക്കെ ആളുകൾ പറഞ്ഞു. ഇതിന് വിശദീകരണവുമായിട്ടാണ് ഷെയ്ൻ എത്തിയിരിക്കുന്നത്.

ആ പെൺകുട്ടിയെ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലേക്ക് ക്ഷണിക്കുകയും സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം വേദിയിലേക്ക് കൊണ്ടുവരികയും ചെയ്തു. മാത്രമല്ല അന്ന് നടന്ന സംഭവങ്ങളെല്ലാം വേദിയിൽവെച്ച് ഷെയ്ൻ വിശദീകരിക്കുകയും ചെയ്തു.

''സത്യം പറഞ്ഞാൽ ആ വീഡിയോ എഡിറ്റ് ചെയ്തയാളോട് നന്ദി പറയണം. വേറൊന്നുമല്ല, കാരണം ഞാൻ തിരിഞ്ഞുനോക്കി വിഷ് ചെയ്തിരുന്നു. പക്ഷേ അതൊക്കെ കട്ട് ചെയ്തുകളഞ്ഞു. കുഴപ്പമില്ല, അതെനിക്ക് ശീലമുള്ളതാണ്. ഇതൊക്കെ കുറേ കണ്ടിട്ടുള്ളതുകൊണ്ട് വിഷയമില്ല. എന്നാലും പലരും ശരിക്കും ചിന്തിച്ചിട്ടുണ്ടാവില്ലേ എന്തുകൊണ്ട് മൈൻഡ് ചെയ്തില്ലെന്ന്. അവർക്കുവേണ്ടി മാത്രമായി കാര്യങ്ങൾ പറയുകയാണ്.

ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള നെഗറ്റീവ് വീഡിയോകളാണല്ലോ വൈറലാവുന്നത്. ഞങ്ങളിറക്കിയ പാട്ടിനേക്കാൾ റീച്ചുണ്ട് അതിന്''. കൂടാതെ പെൺകുട്ടിക്കൊപ്പം സെൽഫി കൂടിയെടുത്താണ് ഷെയ്ൻ വിവാദങ്ങളെല്ലാം അവസാനിപ്പിച്ചത്. പെൺകുട്ടിയും അന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചു.

''ഞാൻ നേരത്തെ ഷെയ്ൻ നിഗത്തിന് ഷെയ്ക്ക്ഹാൻഡ് ഒക്കെ കൊടുത്തിരിക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ഒരു ചേച്ചിക്ക് ഷെയ്ക്ക്ഹാൻഡ് കൊടുക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വീണ്ടും വിളിച്ചത്. പക്ഷേ തോണ്ടൽ മാത്രമേ വീഡിയോയിലുള്ളൂ. ഷെയ്ൻ നിഗം വിചാരിച്ചത് വേദിയിൽ നടക്കുന്ന പരിപാടി ഞങ്ങൾക്ക് കാണാൻ പറ്റാത്തതുകൊണ്ട് മാറിനിൽക്കാൻ പറഞ്ഞതാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം മാറിനിന്നത്''.

സെപ്റ്റംബർ 26-നാണ് സ്‌പോർട്‌സ് ആക്ഷൻ ത്രില്ലറായ 'ബൾട്ടി' തിയേറ്ററുകളിലെത്തുക. മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ശന്തനു ഭാഗ്യരാജ്, പ്രീതി അസ്രാനി, അൽഫോൺസ് പുത്രൻ, ശെൽവരാഘവൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഷെയ്ൻ നിഗത്തിന്റെ 25-ാമത്തെ സിനിമയാണിത്. ശെൽവരാഘവന്റെ ആദ്യ മലയാളസിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shane Nigam addresses the viral video controversy, explaining the misunderstanding and highlighting the edited nature of the clip