'അതിരാവിലെ മൂന്നുമണിക്ക് വ്യായാമം, അതിനുശേഷം ഉറക്കം; ഉറങ്ങുന്നത് വെറും നാലുമണിക്കൂർ'

ഷൂട്ടിങ്ങിന്റെ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും കൃത്യമായി അച്ചടക്കം പാലിക്കുന്നയാളാണ് ഷാരൂഖ് ഖാൻ. എന്നാൽ അദ്ദേഹത്തിന്റെ ഉറക്കത്തിന്റെ കാര്യവും പലപ്പോഴും ചർച്ചയാവാറുണ്ട്. ഇത്രയും വർഷങ്ങൾക്കുശേഷം അതിൽ താൻ മാറ്റങ്ങൾ വരുത്തിയതായി ഷാരൂഖ് പറയുന്നു. അത് മറ്റൊന്നുമല്ല, കൂടുതൽ സമയം ഉറങ്ങുന്നുവെന്നതാണ് ആ മാറ്റം.
എത്രയോ വർഷങ്ങളായി കഷ്ടിച്ച് നാലുമണിക്കൂർ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം. കഠിനമായ വ്യായാമത്തിൽനിന്ന് ശരീരത്തെ വീണ്ടെടുക്കാൻ ഇപ്പോൾ അഞ്ചുമുതൽ ആറുമണിക്കൂർ വരെ താൻ ഉറങ്ങാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''ഞാനിപ്പോൾ 5-6 മണിക്കൂർ ഉറങ്ങുന്നു. ഷൂട്ടിങ് ഉണ്ടെങ്കിൽ നാലുമണിക്കൂർ. കൂടുതലായി വ്യായാമം ചെയ്യുന്നതുകൊണ്ടാണ് ഉറക്കസമയവും കൂട്ടിയത്''.
ജോലിയോടുള്ള തന്റെ ആവേശം പലപ്പോഴും ശരീരത്തിന്റെ ശേഷിയെ ബാധിക്കാറുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നു. ''ചിലപ്പോൾ ശരീരം തളരും. പക്ഷേ ഹൃദയം തളരില്ല. ചിലപ്പോഴൊക്കെ ക്ഷീണിതനാവും. പക്ഷേ ഹൃദയം തളരാത്തതിനാൽ ഞാൻ ഇപ്പോഴും കൃത്യമായി സെറ്റിലെത്തുന്നു. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ഞാൻ കരുതുന്നു,'' ഷാരൂഖിന്റെ വാക്കുകൾ.
രാവിലെ അഞ്ചുമണിക്ക് കിടന്നുറങ്ങി ഒമ്പതുമണിയാവുമ്പോഴേക്കും ഉണരുക എന്നതായിരുന്നു ഇത്രയും വർഷമായി ഷാരൂഖിന്റെ ശീലം. കരിയറിന്റെ തുടക്കകാലങ്ങളിൽ അതിരാവിലെ രണ്ടുമണിക്കായിരിക്കും ഷൂട്ടിങ് കഴിഞ്ഞ് പലപ്പോഴും തിരിച്ചെത്തുകയെന്നും അതുകൊണ്ടാണ് ഉറങ്ങാൻ വൈകുന്നതെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്. അത് പിന്നീട് ശീലമാവുകയായിരുന്നു. രണ്ടുമണിക്ക് വീട്ടിലെത്തി, വ്യായാമം ചെയ്യും. അതിനുശേഷം കുളിയും കഴിഞ്ഞാണ് ഉറക്കം.
ഇപ്പോൾ 'കിങ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഷാരൂഖ്. അതിൽ ദീപിക പദുകോൺ, ഷാരൂഖിന്റെ മകളും നടിയുമായ സുഹാന ഖാൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan reveals he`s increased his sleep from 4 to 6 hours for better recovery and health. Discover King Khan`s new sleep routine