'അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു, പരാതിപ്പെട്ടത് എന്റെ തെറ്റ്'-അതിജീവിത

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വീണ്ടും ശക്തവും വൈകാരികവുമായി പ്രതികരിച്ച് അതിജീവിത. കേസിൽ 20 വർ‍ഷം കഠിന തടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി വിവാദ വീഡിയോ പുറത്തുവിട്ടതിനെതിരേ ആണ് നടിയുടെ പ്രതികരണം. തനിക്കെതിരേ ആക്രമണമുണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയതാണ് ചെയ്ത തെറ്റെന്ന് അവർ വൈകാരികമായി പറഞ്ഞു.

''ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും..ആ വിഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപെ ഒരു വിഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!! ഇരയല്ല, അതിജീവിതയല്ല, വെറുമൊരു മനുഷ്യൻ മാത്രം!! എന്നെ ജീവിക്കാൻ അനുവദിക്കൂ.''- ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ നടി പറയുന്നു.

പ്രതി മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും നടി പറഞ്ഞതൊന്നും വാസ്തവമല്ലെന്നുമായിരുന്നു പ്രതിയുടെ ആരോപണം. ഇതിനെതിരെ അതിജീവിത നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Survivor of sexual assault speaks out emotionally after perpetrator releases controversial video, questioning her decision to report.