ഒറ്റപ്പെടലിനെക്കുറിച്ച് സൽമാൻ ഖാൻ; എല്ലാം ശരിയാണോ എന്ന് അദ്ദേഹത്തിന്റെ മാതാവ്

ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ പങ്കുവെച്ചത്. ഷർട്ട്‌ലെസ് ചിത്രത്തിനൊപ്പം ''ഞാൻ എന്നിലൂടെ സ്വയം ആയിരിക്കാനുള്ള രണ്ട് വഴികൾ-ഒറ്റയ്ക്കും ഏകാന്തതയും'' എന്ന് കുറിച്ചു. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്.
ഫിറ്റ്‌നെസ് ഫ്രീക്ക്‌സ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയാണ് ശ്രദ്ധിച്ചത്. 'ഈ പ്രായത്തിലും ഇത്രയും ഫിറ്റായിരിക്കുന്നതെങ്ങനെ' എന്നാണ് പലരും ചോദിച്ചത്. '60-ാം വയസ്സിലും അദ്ദേഹത്തിന്റെ ഫിസിക്, ഇന്ത്യയുടെ ഒ.ജി ബോഡി ബിൽഡിങ് ഐക്കൺ, അന്നും ഇന്നും സൽമാൻ ഒരുപോലെ തന്നെ...'ചിത്രത്തിനുതാഴെ കമന്റുകൾ നിറഞ്ഞു.
എന്നാൽ, മറ്റു ചിലർ ശ്രദ്ധിച്ചത് ആ ക്യാപ്ഷനാണ്. താരം അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലുമാണ് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നതെന്നാണ് അവർ വ്യാഖ്യാനിച്ചത്. അതോടെ സൽമാൻ ജീവിതത്തിൽ കടുത്ത ഏകാന്തതയിലൂടെയാണ് കടന്നുപോകുന്നതെന്നും പലരും പറഞ്ഞു. വൈകാരികമായി മോശം സമയത്തിലൂടെയാണ് സൽമാൻ കടന്നുപോവുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിനെക്കുറിച്ച് പലരിൽനിന്നും അറിഞ്ഞ അദ്ദേഹത്തിന്റെ അമ്മയായ സൽമാ ഖാനും സങ്കടപ്പെട്ടു, 'എല്ലാം ശരിയായിട്ടാണോ പോവുന്നത്' എന്ന് വിളിച്ച് ചോദിക്കുകയും ചെയ്തു.
അതോടെ തെറ്റിദ്ധാരണകൾക്കെല്ലാം അവസാനമിട്ടുകൊണ്ട് മറ്റൊരു പോസ്റ്റുമായി സൽമാൻ രംഗത്തെത്തി. ''ഞാൻ എന്നെക്കുറിച്ചല്ല പറഞ്ഞത്. ഇത്രയും വലിയൊരു കുടുംബവും സുഹൃത്തുക്കളും ഉള്ളപ്പോൾ ഞാനെങ്ങനെ ഒറ്റയ്ക്കാകും? നിങ്ങളും നിങ്ങളുടെ അനുഗ്രഹങ്ങളും ഉള്ളപ്പോൾ ഞാനെങ്ങനെ ഒറ്റയ്ക്കാകും? അങ്ങനെ ചെയ്താൽ ഞാനേറ്റവും വലിയ നന്ദികെട്ടവനായിരിക്കും. ചിലപ്പോൾ ആളുകളുടെ കൂട്ടത്തിൽ എനിക്ക് ബോറടിക്കും. അതിനിടയിൽ കുറച്ച് 'മീ ടൈം' വേണം. അത്രയേയുള്ളൂ'', ചിത്രമൊന്നും പോസ്റ്റ് ചെയ്യാതെ സൽമാൻ കുറിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan shared a shirtless photo on Instagram in 2026 sparking fitness discussions. Cryptic caption about loneliness led to public concern regarding his emotional well-being