ഒറ്റമുറി ഫ്‌ളാറ്റിൽനിന്ന് ആറുനില വീട്ടിലേക്ക്; 52 വർഷത്തിനുശേഷം വീടുമാറാനൊരുങ്ങി സൽമാൻ ഖാൻ

ബോളിവുഡ് ഹബ് എന്നാണ് മുംബൈയിലെ ബാന്ദ്ര അറിയപ്പെടുന്നത്. പല പ്രശസ്തരും താമസിക്കുന്നതും ഇവിടെത്തന്നെയാണ്. അതിലൊരു പ്രമുഖനാണ് സൽമാൻ ഖാൻ. ബാന്ദ്ര വെസ്റ്റിലുള്ള ഗാലക്‌സി അപ്പാർട്ട്‌മെന്റ്‌സിലാണ് വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ താമസം. സൽമാന്റെ സഹോദരങ്ങളും മാതാപിതാക്കളും താമസിക്കുന്നതും ഇവിടെത്തന്നെ. സൽമാനു നേരെ ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിന്റെ ആക്രമണമുണ്ടാകുമെന്ന് ഭയന്ന്, ഈ വീടിന് പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
സൽമാന്റെ താരോദയവും കരിയറിലെ ഉയർച്ചയുമെല്ലാം ഈ വീട്ടിലുള്ളപ്പോഴാണ്. വിശേഷാവസരങ്ങളിൽ ആയിരക്കണക്കിന് ആരാധകർ ഇവിടെ തിങ്ങിക്കൂടും. അവർക്കെല്ലാം ഒരേയൊരു ആവശ്യമായിരിക്കും, സൽമാനെ ഒരുനോക്ക് കാണുക. അവരെ നിരാശപ്പെടുത്താതെ സൽമാൻ ഈ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിലെത്തും. അവിടെനിന്ന് ആരാധകർക്കുനേരെ അദ്ദേഹം കൈവീശിക്കാണിക്കും.
സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീംഖാനാണ് ഇവിടെ വീടുവാങ്ങുന്നത്. ആദ്യകാലത്ത് താമസിക്കാനൊരു വീടിനായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് സലീംഖാന്. ഒടുവിൽ വർഷങ്ങളുടെ അധ്വാനത്തിനുശേഷം മുംബൈയിൽ അദ്ദേഹം സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങി. അതാണ് ഗാലക്‌സി അപ്പാർട്ട്‌മെന്റിലേത്. 14 വർഷത്തെ പ്രയത്‌നത്തിനുശേഷമാണ് അദ്ദേഹം ആ വീടെടുക്കുന്നത്. 'സഞ്ജീർ' എന്ന സിനിമയുടെ വിജയത്തിനുശേഷമായിരുന്നുവത്. അക്കാലത്ത് 50,000 മുതൽ ഒന്നരലക്ഷം രൂപ വരെയായിരുന്നുവത്രെ ഫ്‌ളാറ്റിന് വില. നിലവിൽ ഈ അപ്പാർട്ട്‌മെന്റിലെ രണ്ടുനിലകൾ സലീംഖാൻ കുടുംബത്തിന്റേതാണ്. 100 കോടിയിലേറെ രൂപയാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. അതിൽ ആദ്യനിലയിലാണ് സൽമാൻ താമസിക്കുന്ന ഒറ്റമുറി ഫ്‌ളാറ്റുള്ളത്. അതിനുമാത്രം 16 കോടി വിലയാകുമെന്നാണ് പറയപ്പെടുന്നത്.
ഇവിടേക്ക് മാറുമ്പോൾ സൽമാന് 8 വയസ്സായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം ബോളിവുഡിലെ സൂപ്പർതാരമായി. സിനിമയിലും ബിസിനസ്സിലും അദ്ദേഹം ഒരുപോലെ തിളങ്ങി. കോടിക്കണക്കിന് രൂപയുടെ ആസ്തിയായി. അപ്പോഴും തന്റെ ഒറ്റമുറി ഫ്‌ളാറ്റിൽ തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. തൊട്ടുമുകളിലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുള്ളത്.
ഒരിക്കൽ സൽമാൻ പറഞ്ഞതിങ്ങനെ, ''ഞങ്ങൾ സിനിമാ താരങ്ങളായതുകൊണ്ട് ആളുകൾ ഞങ്ങളെ വിലയിരുത്താറുണ്ട്. എന്നാൽ ഈ കെട്ടിടത്തിലുള്ളവർക്ക് സൽമാൻ, അർബാസ്, സൊഹൈൽ എന്നിവരെ കുട്ടിക്കാലം മുതലേ അറിയാം. സിനിമയിൽ വന്നതിനുശേഷവും ഞങ്ങൾക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അവർക്കറിയാം''. ദിവസവും 100 കണക്കിന് ആളുകളാണ് ഈ ഫ്‌ളാറ്റിനുമുന്നിലെത്തുക. സാമ്പത്തികസഹായത്തിനായി എത്തുന്നവരുമുണ്ട്. അവരെയൊന്നും തങ്ങൾ നിരാശരാക്കാറില്ലെന്നും സൽമാൻ പറയുന്നു.
52 വർഷം താമസിച്ച ഗാലക്‌സി അപ്പാർട്ട്‌മെന്റിനോട് ഒടുവിൽ താരം വിടപറയാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാന്ദ്ര വെസ്റ്റിൽ തന്നെയുള്ള ചിമ്പായ് റോഡിൽ പുതുതായി നിർമിച്ച ആറുനിലകളുള്ള വസതിയിലേക്കാണത്രെ കുടുംബം മാറാനൊരുങ്ങുന്നത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഒരു ഗ്രൗണ്ട് ഫ്‌ളോർ, സ്റ്റിൽറ്റ് പാർക്കിങ് എന്നിവ ഇതിലുൾപ്പെടും. പുതിയ വീടിന് കൂടുതൽ സുരക്ഷയുമുണ്ടത്രേ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan is leaving his childhood home, Galaxy Apartments, after 52 years. The family is shifting to a new 6-story mansion on Chimbai Road, Bandra.