അന്ന് 75 രൂപ പ്രതിഫലം വാങ്ങിയ സൽമാൻ ഖാന്റെ ഇന്നത്തെ പ്രതിഫലം നൂറുകോടിയിലധികം

ബോളിവുഡിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ എന്നതിലുപരി, വലിയ സമ്പന്നൻ കൂടിയാണ് സൽമാൻ ഖാൻ. ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹം തന്റെ 60-ാം പിറന്നാൾ ആഘോഷിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ, നടൻ ഏകദേശം 2900 കോടി രൂപയുടെ ആസ്തി സ്വന്തമാക്കിയിട്ടുണ്ട്. വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന സൽമാന്റെ ആദ്യത്തെ ശമ്പളം എത്രയെന്നു കേട്ടാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത് 75 രൂപയായിരുന്നു.
മുംബൈയിലെ താജ് ഹോട്ടലിൽ നടന്ന ഒരു പരിപാടിയിൽ പശ്ചാത്തല നൃത്തം ചെയ്തപ്പോഴാണ് സൽമാന് 75 രൂപ പ്രതിഫലം കിട്ടിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ജോലികളിലൊന്നായിരുന്നു ഇത്. പഴയൊരു അഭിമുഖത്തിൽ, സൽമാൻ പി.ടി.ഐയോട് പറഞ്ഞതിങ്ങനെയാണ്- "എന്റെ ആദ്യത്തെ ശമ്പളം, ഏകദേശം 75 രൂപയാണെന്ന് ഞാൻ ഓർക്കുന്നു. താജ് ഹോട്ടലിലെ ഒരു ഷോയിൽ നൃത്തം ചെയ്തു. എന്റെ ഒരു സുഹൃത്ത് അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു, അദ്ദേഹം എന്നെയും കൂട്ടിക്കൊണ്ടുപോയി. ഒരു രസത്തിന് ഞാനും നൃത്തം ചെയ്തു. പിന്നീട് ഒരു ശീതളപാനീയത്തിന്റെ ബ്രാൻഡിനുവേണ്ടി പ്രവർത്തിച്ചപ്പോൾ പ്രതിഫലം 750 രൂപയായി, പിന്നെ ദീർഘകാലം 1,500 രൂപയായിരുന്നു. അതിനുശേഷം 'മേനേ പ്യാർ കിയാ' എന്ന ചിത്രത്തിന് 31,000 രൂപ കിട്ടി. 1989-ലിറങ്ങിയ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയ നാഴികക്കല്ലായിരുന്നു. പ്രതിഫലം പിന്നീട് 75,000 രൂപയായി വർധിച്ചു."
2009-ലെ 'വാണ്ടഡ്' സിനിമയോടെ അദ്ദേഹത്തിന്റെ പ്രതിഫലം ഏകദേശം 15-20 കോടി രൂപയായെന്നാണ് കണക്കുകൾ. ഇത് വലിയൊരു മുന്നേറ്റമായിരുന്നു. 2010-കളുടെ അവസാനത്തിലും 2020-കളിലുമാണ് പ്രതിഫലം സ്ഥിരമായി 100 കോടി രൂപ കടക്കാൻ തുടങ്ങിയത്. പലപ്പോഴും സിനിമയുടെ വരുമാനത്തിന്റെ വിഹിതവും സൽമാൻ സ്വന്തമാക്കി. സിക്കന്ദർ സിനിമയ്ക്ക് 120 കോടി രൂപയാണ് അദ്ദേഹം ഈടാക്കിയതെന്ന് പറയപ്പെടുന്നു.
60-ാം ജന്മദിനത്തോടനുബന്ധിച്ച്, 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഈ ചിത്രത്തിൽ 110 കോടിയാണ് പ്രതിഫലമെന്ന് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 'പാർട്ണർ', 'ദബാങ്', 'ടൈഗർ' ഫ്രാഞ്ചൈസി, 'ബജ്‌രംഗി ഭായിജാൻ', 'സുൽത്താൻ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ആളുകളെ ആകർഷിക്കുന്ന താരമെന്ന നിലയിൽ സൽമാന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Salman Khan`s humble beginnings! Learn about his very first salary of Rs 75 and his early job as a background dancer before becoming a Bollywood superstar.