സഹോദരിയുടെ പേരിൽ സൽമാൻ ഖാൻ പടുത്തുയർത്തിയ 80 കോടിയുടെ ഫാം; 150 ഏക്കറിലെ അർപ്പിത ഫാംസ്

താരപ്പകിട്ടിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നും മാറി ഗ്രാമീണ പശ്ചാത്തലമുള്ള, ശാന്തമായ പ്രദേശങ്ങളിൽ നിക്ഷേപം നടത്താൻ സിനിമാതാരങ്ങൾ താത്പര്യപ്പെടാറുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനും അത്തരമൊരു പ്രോപ്പർട്ടി സ്വന്തമായുണ്ട്. 150 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ ഫാം ഹൗസാണ് സൽമാന്‍ ഖാന്‍റേത്. പൻവേലിൽ സ്ഥിതിചെയ്യുന്ന ഈ ഫാമിന് തന്‍റെ പ്രിയപ്പെട്ട സഹോദരി അർപ്പിത ഖാന്റെ പേരാണ് അദ്ദേഹം നൽകിയത്. ആഡംബര സൗകര്യങ്ങൾക്കൊപ്പം പച്ചപ്പും ഇഴചേരുന്നതാണ് സൽമാന്റെ അർപ്പിത ഫാംസ്. അവധിക്കാലവസതിയായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫാമിൽ സല്‍മാൻ, കുടുംബത്തോടൊപ്പവും ഒറ്റയ്ക്കും എത്താറുണ്ട്. കൃഷിയോട് കമ്പമുള്ള താരം ഫാമിൽ കൃഷിചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്.
80 കോടി രൂപയോളം വിലമതിക്കുന്നതാണ് ഫാമെന്ന് മാജിക് ബ്രിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ആഡംബരനീന്തൽക്കുളവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിമ്മും, കുതിരസവാരിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫാമിനകത്തുണ്ട്. സവാരിയ്ക്കുള്ള കുതിരകളെ ഫാമിനകത്തുതന്നെയാണ് വളർത്തുന്നതും പരിപാലിക്കുന്നതും. വിശാലമായ നീന്തൽക്കുളത്തിനരികിലെ ലൗഞ്ച് കസേരകളും, ഈന്തപ്പനകളും, ബുദ്ധന്റെ പ്രതിമയുമെല്ലാം ഫാമിന്, ഒരു റിസോർട്ടിന്റെ പ്രതീതി നൽകുന്നുണ്ട്.
2020-ലെ ലോക്ക്ഡൗൺ കാലത്താണ് തന്റെ സ്വകാര്യ ലോകമായ അർപ്പിത ഫാമിലേക്ക് സൽമാൻ ആരാധകരെ കൂട്ടിക്കൊണ്ടുപോയത്. കുടുംബത്തോടൊപ്പം ഫാമിലെ വെള്ളച്ചാട്ടത്തിനരികിൽ വിശ്രമിക്കുന്നതും കുതിരസവാരി ചെയ്യുന്നതുമായ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Salman Khan`s sprawling 150-acre Arpita Farmhouse in Panvel.