ശബരിമലയിലുമുണ്ട് ഒരു ട്രെൻഡ്, ഇൻസ്റ്റഗ്രാമിൽ വൈറലായ മൈൽക്കുറ്റി!

ഒരു സാധാരണ മൈൽക്കുറ്റി ഇൻസ്റ്റഗ്രാമിലെ സൂപ്പർസ്റ്റാറാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ശബരിമല വലിയ നടപ്പന്തലിന് സമീപം പുതുതായി പെയിന്റ് ചെയ്ത ‘Sabarimala 0’ എന്ന മൈൽക്കുറ്റിയാണ് ഇപ്പോൾ അയ്യപ്പഭക്തരുടെ പ്രിയപ്പെട്ട സെൽഫി പോയിന്റായി മാറിയിരിക്കുന്നത്. കഠിനമായ കരിമല, നീലിമല പാതകൾ താണ്ടിയെത്തുന്ന തീർത്ഥാടകർ തങ്ങളുടെ യാത്രാസായൂജ്യം രേഖപ്പെടുത്താൻ ഇവിടെ തിരക്കുകൂട്ടുകയാണ്.
വലിയ നടപ്പന്തലിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഈ മൈൽക്കുറ്റി മുൻപും അവിടെ ഉണ്ടായിരുന്നതാണ്. എന്നാൽ, വെള്ള പ്രതലത്തിൽ നീല അക്ഷരങ്ങളിൽ പുതുതായി പെയിന്റ് ചെയ്തതോടെ ഇതിന് പുതിയൊരു ആകർഷണീയത കൈവന്നു. മലകയറ്റത്തിന്റെ ക്ഷീണം തീർക്കാൻ ഈ കല്ലിൽ ചാരിനിൽക്കുന്നതും, യാത്ര പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ സെൽഫികളും റീലുകളും എടുക്കുന്നതും ഭക്തർക്കിടയിൽ ഇപ്പോൾ വലിയൊരു ട്രെൻഡാണ്.
ഈ മൈൽക്കുറ്റിയെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതിന്റെ ക്രെഡിറ്റ് കേരളത്തിന് പുറത്തുനിന്നുള്ള ഭക്തർക്കാണ്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ ഇവിടെ നിന്നും പകർത്തിയ റീലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.
ഇത് കണ്ട് മലയാളികളും ഈ 'സീറോ മൈൽ' പോയിന്റ് ഏറ്റെടുത്തു. ഇപ്പോൾ പ്രവാസികളായ മലയാളികൾ പോലും ശബരിമലയ്ക്ക് പോകുന്ന തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ വൈറൽ മൈൽക്കുറ്റിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പമ്പയിൽ നിന്ന് മലകയറി തുടങ്ങുമ്പോൾ മുതൽ സന്നിധാനത്തേക്കുള്ള ദൂരം കാണിക്കുന്ന ബോർഡുകൾ ഭക്തർക്ക് വഴികാട്ടിയാകാറുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ താണ്ടി, ദൂരം കുറഞ്ഞുവരുന്നത് കണ്ട് നടക്കുന്ന ഭക്തർക്ക് നടപ്പന്തലിന് തൊട്ടുമുൻപുള്ള 'സന്നിധാനം 0' എന്ന ബോർഡ് നൽകുന്ന ആത്മനിർവൃതി ചെറുതല്ല.
സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോകൾക്കുപരി, ഭക്തർക്ക് വ്രതശുദ്ധിയോടെയുള്ള മലകയറ്റം പൂർത്തിയായി എന്നതിന്റെയും, ഒടുവിൽ അയ്യന്റെ സന്നിധിയിൽ എത്തിച്ചേർന്നു എന്നതിന്റെയും വൈകാരികമായ ഒരു അടയാളം കൂടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മൈൽക്കുറ്റി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The newly painted 'Sabarimala 0' milestone near Valiya Nadappanthal has become an Instagram sensation., Pilgrims from across India are taking selfies and making reels to mark the successful completion of their trek., The trend, initially started by out-of-state devotees, has now caught on among local and NRI devotees.