'ലോകം എന്നെ കാണുന്നത് വഞ്ചകിയായിട്ട്, ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടയാളും ഞാൻ'

റിയ ചക്രവർത്തി | Instagram
റിയ ചക്രവർത്തി | Instagram

2012-ൽ തെലുഗുസിനിമയിലൂടെയാണ് റിയ ചക്രവർത്തി (Rhea Chakraborty) സിനിമയിലെത്തിയത്. അതിനുശേഷം ബോളിവുഡിലെത്തിയപ്പോഴും അവർക്ക് നല്ല റോളുകളൊന്നും കിട്ടിയിരുന്നില്ല. ചുരുക്കം ചില സിനിമകളിൽ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. അതിനിടെ നടൻ സുഷാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായി താരം. 2020-ൽ സുഷാന്ത് ആത്മഹത്യ ചെയ്തതോടെ റിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി അത്.

സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ആരോപിച്ച് സുഷാന്തിന്റെ കുടുംബം പരാതി കൊടുത്തു. സുഷാന്തിനെ റിയ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ, സുഷാന്തിന് കഞ്ചാവ് എത്തിച്ചുകൊടുത്തു തുടങ്ങിയ കുറ്റങ്ങളിൽ റിയ അറസ്റ്റിലാവുകയും ചെയ്തു. ഒടുവിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും, അഞ്ചുവർഷമാണ് കേസുകൾ നീണ്ടുനിന്നത്. രണ്ടിലും റിയ കുറ്റക്കാരിയല്ലെന്ന് പിന്നീട് കോടതി വിധിച്ചു. അപ്പോഴേക്കും റിയയുടെ കരിയർ ഏകദേശം അവസാനിച്ചുകഴിഞ്ഞിരുന്നു. അതെല്ലാം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ഇപ്പോൾ 'ദ ട്രെയ്‌റ്റേഴ്‌സ് ഇന്ത്യ'യിൽ (The Traitors India) മത്സരാർഥിയാണ് താരം.

പരിപാടിയിൽ മത്സരാർഥികളോട് തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് റിയ മനസ്സുതുറന്നിരുന്നു. ഷോയുടെ ഒരു എപ്പിസോഡിൽ താൻ എന്തുകൊണ്ട് 'ട്രെയ്റ്റർ' അല്ലെന്ന ചോദ്യത്തിന് റിയ മറുപടി നൽകിയതിങ്ങനെ, ''എനിക്ക് 'ട്രെയ്റ്റർ' ആകാൻ താത്പര്യമില്ല. കാരണം, ലോകം ഇതിനകം തന്നെ എന്നെ ഒരു വഞ്ചകിയായാണ് കാണുന്നത്. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? എന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് അതിന് കാരണം. അതുകൊണ്ട്, ഒരു ഷോയിൽ വന്ന് മനഃപൂർവം ഒരാളെ ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല. അത് എനിക്ക് വളരെ ദോഷകരമായി ബാധിക്കും. ആളുകൾ അതിനെച്ചൊല്ലി മോശമായ മീമുകൾ ഉണ്ടാക്കും''.

തുടർന്ന് താൻ കടന്നുപോയ ഘട്ടങ്ങളെക്കുറിച്ച് അവരിങ്ങനെ വിശദീകരിച്ചു, ''രാജ്യത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ അർത്ഥം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ വഞ്ചകിയല്ല, നിങ്ങളെല്ലാം വലിയൊരു തെറ്റാണ് ചെയ്യുന്നത്. യഥാർത്ഥ വഞ്ചകനിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു നീക്കമാണിത്. എന്നെക്കുറിച്ചുള്ള ഒരു കാര്യം എന്തെന്നാൽ, ഞാൻ ആൾക്കൂട്ടത്തിനൊപ്പം പോകുന്നവളല്ല, എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവളുമല്ല. എന്നാൽ ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിത്വമാണ് എന്റേത്''.

നേരത്തെ ഷോയിൽ, അവതാരകനായ കരൺ ജോഹർ റിയയോട് ഒരു നിരപരാധിയാകണോ (Innocent) അതോ വഞ്ചകിയാകണോ (Traitor) എന്ന് ചോദിച്ചപ്പോൾ, റിയ പറഞ്ഞു, ''എനിക്കൊരു നിരപരാധിയാകണം. ഈ വർഷമാണ് എനിക്ക് കേസുകളിൽ ക്ലീൻ ചിറ്റ് ലഭിച്ചത്. ഞാൻ ഒരു നിരപരാധിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു. വളരെക്കാലമായി ഞാൻ സംശയത്തിലായിരുന്നു, എനിക്ക് ആ തോന്നൽ ഇഷ്ടമല്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rhea Chakraborty discusses her struggles with online trolling and being labeled a traitor. She reflects on the aftermath of Sushant Singh Rajput's 2020 death and her subsequent legal battles