ചായക്കടയിൽ പിറന്ന വരികൾ;കോമഡിയാക്കണോയെന്ന് യേശുദാസ്, ചിരിപ്പിച്ച ശ്രീനിവാസനും സത്യൻ അന്തിക്കാടും

'പവിഴമല്ലി' ഗാനരംഗം
'പവിഴമല്ലി' ഗാനരംഗം

പാടി അഭിനയിക്കുന്നത് ശ്രീനിവാസനാണെന്നും രംഗം കോമഡിയാണെന്നുമറിഞ്ഞപ്പോൾ യേശുദാസിന്റെ ന്യായമായ ചോദ്യം: ''അപ്പോൾ പാട്ടിലും അല്പം തമാശയാകാം.അല്ലേ?'' ''അതു മാത്രം വേണ്ട ദാസേട്ടാ...'' എന്ന് വിനയത്തോടെ സത്യൻ അന്തിക്കാട്. ''കോമഡിയുടെ നേരിയ അംശം പോലും വേണ്ട പാട്ടിൽ. സീരിയസ് ആയ ഒരു പ്രണയഗാനം പാടും പോലെ പാടിയാൽ മതി. 'പ്രാണസഖിയും' 'താമസമെന്തേയു'മൊക്കെ പോലെ. ഹ്യൂമർ ഞാൻ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം...'' അമ്പരന്നു പോയിരിക്കണം യേശുദാസ്. ഇത്രയും ആർദ്രമധുരമായ ഒരു ഭാവഗീതത്തിൽ എങ്ങനെ തമാശ കണ്ടെത്തും സംവിധായകൻ?

സത്യൻ അന്തിക്കാടിന്റെ ആ 'കണ്ടെത്തൽ' ഇന്ന് ചരിത്രത്തിന്റെ ഭാഗം. 'സന്മനസ്സുള്ളവർക്ക് സമാധാന'ത്തിലെ 'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും, ഭൂമി സുന്ദരം.....'എന്ന ഗാനം കേൾക്കുമ്പോൾ, ആ രംഗമോർക്കുമ്പോൾ, ചുണ്ടിൽ ചിരി പൊടിയാത്ത ആരുണ്ട് നമുക്കിടയിൽ? ''ചിത്രീകരണത്തിൽ സത്യൻ കൊണ്ടുവന്ന വ്യത്യസ്തത ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ പ്രണയഗാനമായി ഒതുങ്ങിപ്പോയേനെ പവിഴമല്ലി.''പാട്ട് ചിട്ടപ്പെടുത്തിയ ജെറി അമൽദേവ് പറയുന്നു.

Continue reading