'സാരിയുടുത്തതിന് അച്ഛൻ ബെൽറ്റ് കൊണ്ടടിച്ചു, കൊന്നുകളയാനും ഉറപ്പിച്ചു'; വീട്ടിൽനിന്ന് ഓടിപ്പോയ രവി കിഷൻ

സിനിമാരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമായി നിൽക്കുന്ന താരമാണ് രവി കിഷൻ. ഹിന്ദി സിനിമകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കമെങ്കിലും, ജനപ്രിയതാരമായത് ഭോജ്പുരി ചിത്രങ്ങളിലൂടെയായിരുന്നു. എന്നാൽ, അഭിനയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നടനാകാൻ തീരുമാനിച്ചപ്പോൾ വീട്ടിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. അച്ഛൻ ആ തീരുമാനത്തോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. അതിനെക്കുറിച്ച് ഈയിടെ 'കോഫി വിത്ത് കരൺ' പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അഭിനയം എന്ന ആഗ്രഹത്തോട് അച്ഛനൊരിക്കലും അനുകൂലിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. ഒരിക്കൽ 'രാംലീല'യിൽ പെർഫോം ചെയ്യുന്നതിനായി രവി സാരി ധരിച്ചു. തന്റെ മകൻ കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ചിന്തിച്ച് അച്ഛൻ അവനെ ക്രൂരമായി മർദ്ദിച്ചു.
ആ സംഭവം ഓർത്തെടുത്തുകൊണ്ട് രവി പറഞ്ഞു, ''എന്റെ അച്ഛൻ ഒരു പൂജാരിയായിരുന്നു. ഒപ്പം അദ്ദേഹം പാൽ വിൽക്കുകയും ചെയ്യുമായിരുന്നു. ഞാൻ ആ പാൽ ബിസിനസ്സിൽ ചേരണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ ജോലി നേടണമെന്നോ ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, ഞാൻ നാടകങ്ങളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ 'രാംലീല' അവതരണത്തിനിടെ ഞാൻ സാരി ധരിച്ചിരുന്നു. ഇത് കണ്ട അച്ഛൻ, ഒരു തുകൽ ബെൽറ്റ് ഉപയോഗിച്ച് എന്നെ ക്രൂരമായി മർദ്ദിച്ചു. 'നിനക്ക് ഒരു നൃത്തം ചെയ്യുന്നയാൾ ആകാനാണോ ആഗ്രഹം?' എന്ന് അദ്ദേഹം ചോദിച്ചു. 90-കളിൽ, സിനിമാ മേഖല ഒരു മാന്യമായ തൊഴിലായി അംഗീകരിക്കപ്പെട്ടിരുന്നില്ല''. തന്റെ പ്രകടനം ലജ്ജാകരമാണെന്ന് പിതാവ് കരുതിയെന്നും, തന്നെ ആവർത്തിച്ച് 'നർത്തകൻ' എന്ന് വിളിച്ചുവെന്നും അദ്ദേഹം പറയുന്നു.
പിതാവിന്റെ ദേഷ്യത്തെക്കുറിച്ചും കാര്യങ്ങൾ എങ്ങനെ വഷളായി എന്നതിനെക്കുറിച്ചും ഓർത്തെടുത്ത രവി, അമ്മയാണ് വീടുവിട്ട് പോകാൻ സഹായിച്ചതെന്നും പറഞ്ഞു. രവിയുടെ സുരക്ഷയെക്കുറിച്ച് ഭയന്നാണ് അമ്മ അവനെ സഹായിച്ചത്. ''ഞാൻ അദ്ദേഹത്തോട് 'അല്ല, അച്ഛാ, അങ്ങനെയൊന്നുമല്ല' എന്ന് പറഞ്ഞു. കുടുംബത്തിന് അപമാനമുണ്ടാക്കി എന്ന് കരുതി അദ്ദേഹം എന്നെ കൊല്ലാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അവിടെനിന്ന് രക്ഷപ്പെടാൻ അമ്മ എന്നെ സഹായിച്ചു''. രവി കുടുംബത്തിനൊരു കളങ്കമായി മാറുമെന്നും അവനെ കൊന്നുകളയാമെന്നും അച്ഛൻ തീരുമാനിച്ചിരുന്നുവത്രേ. ''അന്ന് രാത്രി, അച്ഛൻ എന്നെ കൊല്ലുമെന്ന് അമ്മ ഭയന്നു. അമ്മ എന്റെ കയ്യിൽ കുറച്ചു പണം തന്നിട്ട് പറഞ്ഞു, 'ട്രെയിനിൽ കയറി ഇവിടുന്ന് പൊയ്ക്കോ, അല്ലെങ്കിൽ അച്ഛൻ നിന്നെ കൊല്ലും. നീ ഓടിപ്പോകൂ.' അങ്ങനെയാണ് വളരെ ചെറിയ പ്രായത്തിൽ ഞാൻ മുംബൈയിൽ എത്തിയത്''.
200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു രവി കിഷൻ ഇപ്പോൾ. കൈനിറയെ ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ധമാൽ 4, ആര്യഭട്ട് കാ സീറോ, മിർസാപൂർ, സൂര്യാ: അന്ത് സെ ആരംഭ് തക് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസായത്. നാഗ്സില്ല, ഖോസ്ല കാ ഗോസ്ല 2, മേരാ യാർ ബജ്റംഗി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൊരഖ്പൂരിൽനിന്നുള്ള എം.പി. കൂടിയാണദ്ദേഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ravi Kishan shared his struggling early days on Koffee with Karan., His father beat him with a leather belt for wearing a saree in a Ramleela play., His mother helped him flee to Mumbai with some money out of fear for his life.