വിരാട് കോലി, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ കടത്തിവെട്ടി രശ്മിക; റെക്കോഡിട്ട് പോസ്റ്റ്

താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ഫെയറി ടെയ്ൽ വെഡിങ്ങിൽനിന്ന് പുറത്തുവന്നിട്ടില്ല ആരാധകർ. വിവാഹശേഷം ഹൈദരാബാദിൽ പറന്നിറങ്ങിയ താരങ്ങളെ കാത്ത് ആരാധകരുടെ സംഘമുണ്ടായിരുന്നു വിമാനത്താവളത്തിൽ. ആർപ്പുവിളികളോടെയാണ് ആരാധകർ നവദമ്പതികളെ എതിരേറ്റത്.
വ്യത്യസ്തമായ വിവാഹമായിരുന്നു വിറോഷിന്റേത് (virosh wedding). പങ്കെടുത്തവരുടെ എണ്ണത്തിലും അവരുടെ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം ആ വ്യത്യസ്തത കാണാമായിരുന്നു. പല സ്റ്റീരിയോടൈപ്പുകളെയും മാറ്റിമറിച്ചുകൊണ്ടുള്ള വിവാഹം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും റെക്കോഡിട്ടിരിക്കുകയാണ് ഈ വിവാഹം.
വിവാഹത്തിനുപിന്നാലെ രശ്മികയും വിജയും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 40 ദശലക്ഷം ലൈക്കുകളാണ് ഇരുവരുടെയും അക്കൗണ്ടുകളിലെ ചിത്രങ്ങൾക്ക് ലഭിച്ചത്.
വിജയുടെ പോസ്റ്റ് മാത്രം 18 ദശലക്ഷം ലൈക്കുകളാണ് നേടിയത്. രശ്മികയുടേത് 22 ദശലക്ഷവും. ഇപ്പോൾ രശ്മികയുടേത് മാത്രം 23 ദശലക്ഷം കഴിഞ്ഞു. പല താരങ്ങളുടെയും മുൻകാല റെക്കോഡുകൾ തകർത്താണ് വിറോഷ് മുന്നേറിയത്. മുമ്പ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ 27.5 ദശലക്ഷം ലൈക്കുകളാണ് ലഭിച്ചത്. കിയാരയുടേത് മാത്രം 15.7 ദശലക്ഷം നേടിയപ്പോൾ, സിദ്ധാർഥിന്റേത് 11.8 ദശലക്ഷം പേരാണ് ലൈക്ക് ചെയ്തത്.
അതിനുമുമ്പ് ആലിയ ഭട്ട്-റൺബീർ കപൂർ വിവാഹസമയത്ത് 14 ദശലക്ഷം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. കത്രീന കൈഫ്-വിക്കി കൗശൽ ചിത്രങ്ങൾ 12.6 ദശലക്ഷം പേരും, അനുഷ്‌ക ശർമ-വിരാട് കോലി ചിത്രങ്ങൾ 7.8 ദശലക്ഷം പേരും ലൈക്ക് ചെയ്തു.
2024-ൽ ട്വന്റി-ട്വന്റി ലോകകപ്പ് വിജയിച്ചപ്പോൾ വിരാട് കോലി ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിന് 22.8 ദശലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഇതുവരെ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റ്. അതും രശ്മികയുടെ പോസ്റ്റ് തകർത്തുകഴിഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna's wedding post set a new Indian record for the most likes on Instagram., The post surpassed the previous record held by Virat Kohli's T20 World Cup victory post