‘ചിത്രീകരണത്തിനിടെ എനിക്ക് പിഴച്ചു, രൺവീർ എന്റെ ദേഹത്തേക്ക് വീണു, ഞങ്ങൾക്ക് പരിക്കേറ്റു’

'ധുരന്ധർ: ദി റിവഞ്ച്' (Dhurandhar: The Revenge) എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും ചർച്ചയാകുകയാണ്. അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ചിത്രത്തിലെ സഹനടൻ ഗുർസേവക് സിങ്. നായകൻ രൺവീർ സിങ്ങിനൊപ്പമുള്ള ചിത്രീകരണത്തിനിടെ ഉണ്ടായ ഒരപകടത്തെക്കുറിച്ചും അതിൽ രൺവീർ കാണിച്ച സംയമനത്തെക്കുറിച്ചും ഗുർസേവക് സിങ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
അമൃത്സറിലെ 'പ്ലെയിൻ ഹൗസി'ൽ വെച്ച് നടന്ന ഒരു സംഘട്ടന രംഗത്തിനിടയിലാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ഗുർസേവക് പറയുന്നത് ഇങ്ങനെ: ‘ആക്ഷൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം ഒരു ബോംബ് സെറ്റ് ചെയ്ത ശേഷം ഞാൻ ട്രാക്ടറിന്റെ ടയറുകൾക്കിടയിൽ ഒളിക്കണമായിരുന്നു. രൺവീർ സിങ്ങ് എന്നെ കവർ ചെയ്യുകയും വേണം. റിഹേഴ്സലുകൾ കൃത്യമായിരുന്നെങ്കിലും ഫൈനൽ ടേക്കിൽ എനിക്ക് രണ്ട് സെക്കൻഡ് പിഴച്ചു. ഞാൻ മാറുന്നതിന് മുൻപ് തന്നെ രൺവീറുമായി കൂട്ടിയിടിച്ചു. ഏകദേശം 70 കിലോമീറ്റർ വേഗതയിൽ ഒരു വണ്ടി വന്നിടിക്കുന്നത് പോലെയായിരുന്നു ആ ആഘാതം. രൺവീർ എന്റെ മേലേക്കാണ് വീണത്.’
അപകടത്തിൽ ഗുർസേവകിന്റെ വയറിന്റെ ഭാഗത്ത് വീക്കം ഉണ്ടാവുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. രൺവീറിന്റെ കൈമുട്ടിനും പരിക്കേറ്റു. ഗുർസേവകിന്റെ നില മോശമാണെന്ന് അറിഞ്ഞ രൺവീർ, പിന്നീട് അദ്ദേഹത്തിന്റെ അരികിലെത്തി. തന്റെ തെറ്റാണെന്ന് പറഞ്ഞ് കരഞ്ഞ ഗുർസേവകിനെ രൺവീർ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
‘സാരമില്ല ഗുർസേവക്’, എന്ന് പറഞ്ഞുകൊണ്ട് ഒരു മിനിറ്റോളം രൺവീർ അദ്ദേഹത്തെ ചേർത്തുപിടിച്ചു. സ്വന്തം പരിക്ക് വകവെക്കാതെ, ഷൂട്ടിങ് തുടരണോ അതോ വിശ്രമം വേണോ എന്ന് രൺവീർ ഗുർസേവകിനോട് ചോദിച്ചു. തുടർന്ന് നടന്ന 35 ദിവസത്തെ ഷൂട്ടിങ്ങിൽ ഒരിക്കൽ പോലും ആ അപകടത്തിന്റെ പേരിൽ രൺവീർ തന്നെ കുറ്റപ്പെടുത്തിയില്ലെന്ന് ഗുർസേവക് നന്ദിയോടെ ഓർക്കുന്നു.
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ മുന്നേറുകയാണ് 'ധുരന്ധർ 2.' ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി 500 കോടിയോളം നേടി. ആഗോള കളക്ഷൻ 691 കോടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രൺവീർ സിങ്ങിനെ കൂടാതെ ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh's empathetic response to an on-set accident, Details of the action sequence mishap during Dhurandhar 2 filming, Success of Dhurandhar 2 at the global box office, Professional conduct and humility of Ranveer Singh