റാണിയുടെ ശബ്ദം സിനിമയ്ക്ക് യോജിച്ചതല്ല, സിനിമയ്ക്ക് എന്താണോ നല്ലത് അത് ചെയ്യാനാണ് അന്ന് ആമിർ പറഞ്ഞത്

റാണി മുഖർജി, കരൺ ജോഹർ | PTI,AFP
റാണി മുഖർജി, കരൺ ജോഹർ | PTI,AFP

റാണി മുഖർജി സിനിമയിൽ വന്നിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. തനതായ സൗന്ദര്യകൊണ്ടും അഭിനയശൈലികൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ റാണിക്ക് അധികം സമയം വോണ്ടിവന്നില്ല. ശബ്ദവുമായി ബന്ധപ്പെട്ട് തന്റെ കരിയറിലെ നിർണ്ണായകമായ ഒരു ഘട്ടത്തെക്കുറിച്ച് ഓർക്കുകയാണ് താരം.

റാണി മുഖർജിയുടെ കരിയറിന്റെ തുടക്കകാലത്ത്, 'ഗുലാം' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അവരുടെ ശബ്ദം മറ്റൊരു വ്യക്തിയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയായിരുന്നു. ഒരു പുതുമുഖം എന്ന നിലയിൽ ഇത്തരം സർഗ്ഗാത്മക തീരുമാനങ്ങളിൽ തനിക്ക് വലിയ പങ്കില്ലായിരുന്നുവെന്ന് റാണി ഓർക്കുന്നു. ആമിർ ഖാനെപ്പോലൊരു വലിയ താരത്തിന്റെ നായികയാവുക എന്നത് തന്നെ വലിയ കാര്യമായിരുന്നതിനാൽ അന്ന് ആ തീരുമാനത്തോട് റാണിക്ക് യോജിക്കേണ്ടി വന്നു. കരൺ ജോഹറുമായി നടത്തിയ സംഭാഷണത്തിൽ റാണി ഇക്കാര്യം ഓർത്തെടുത്തു. "സിനിമയ്ക്ക് നല്ലത് എന്താണോ അതിന് വഴങ്ങുക" എന്നാണ് അന്ന് ആമിർ ഖാൻ ഇതിനെക്കുറിച്ച് റാണിയോട് പറഞ്ഞത്. ഇത് തന്നെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെങ്കിലും ഒരു ടീം പ്ലെയർ എന്ന നിലയിൽ റാണി അത് പുറത്തുകാണിച്ചില്ല.

എന്നാൽ റാണിയുടെ കരിയറിലെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയത് കരൺ ജോഹറാണ്. 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന സിനിമയുടെ ടീസർ ഷൂട്ടിങ്ങിനിടെയാണ് കരൺ റാണിയോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. "ഗുലാമിൽ നിന്റെ ശബ്ദം മറ്റൊരാളാണോ ഡബ്ബ് ചെയ്യ്തത്?" എന്ന് കരൺ ചോദിച്ചു. അതെ എന്ന് റാണി മറുപടി നൽകി. നിനക്ക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പ്രയാസമുണ്ടോ എന്ന് ചോദിച്ച കരൺ, റാണിയുടെ ശബ്ദം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും തന്റെ സിനിമയിൽ റാണി തന്നെ ഡബ്ബ് ചെയ്താൽ മതിയെന്നും ഉറപ്പിച്ചു പറഞ്ഞു.

ആ നിമിഷം എന്റെ ജീവിതം മാറ്റിമറിച്ചു, എന്ന് കരണിനോട് നേരിട്ട് നന്ദി പറഞ്ഞുകൊണ്ട് റാണി പറഞ്ഞു. ഇന്ന് റാണി മുഖർജിയുടെ തനതായ ഗൗരവമുള്ള ഹസ്ക്കി വോയിസ് അവരുടെ അഭിനയത്തിന്റെ അവിഭാജ്യ ഘടകമാണ്. അന്ന് കരൺ ആത്മവിശ്വാസം നൽകിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ശബ്ദം പ്രേക്ഷകർ കേൾക്കില്ലായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Rani Mukerji`s early career struggles with her voice, Aamir Khan`s advice, and how Karan Johar helped her embrace her unique husky voice in Bollywood.