'എനിക്കവളെ പേടിയാണ്, അവളെ അടിക്കാൻ പറ്റില്ല; തിരിച്ചും അടികിട്ടും'

നടി റാണി മുഖർജി ഒരു പത്തുവയസ്സുകാരിയുടെ അമ്മ കൂടിയാണ്. 2015-ലാണ് റാണിക്കും ഫിലിംമേക്കർ ആദിത്യ ചോപ്രയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ആദിറ എന്നാണ് മകളുടെ പേര്. അമ്മയായ ശേഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടം തുടങ്ങിയതെന്ന് റാണി മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്മയായശേഷമാണ് താൻ വർക്ക്-ലൈഫ് ബാലൻസ് എന്ന കാര്യത്തിൽ വിശ്വസിക്കാൻ തുടങ്ങിയതെന്നും റാണി പറയുന്നു.
മകളാണ് തന്റെ ഏറ്റവും വലിയ 'ചിയർ ലീഡർ' എന്ന് പറയുകയാണ് റാണി ഏറ്റവും പുതിയ അഭിമുഖത്തിൽ. ''എന്റെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായി അഭിപ്രായം പറഞ്ഞിരുന്നത് അച്ഛനായിരുന്നു. അച്ഛന്റെ മരണത്തിലൂടെ കൃത്യമായി അഭിപ്രായം പറയുന്ന ഒരു വ്യക്തിയെക്കൂടിയാണ് എനിക്ക് നഷ്ടമായത്. പക്ഷേ, ദൈവം എല്ലാ കാര്യങ്ങളിലും ബാലൻസ് കൊണ്ടുവരുന്നുണ്ട്. ദൈവമാണ് എനിക്കെന്റെ മകളെ തന്നത്. അവൾ ഞാനുമായി ഏറെ അടുപ്പത്തിലാണ്. അവൾ എന്നെക്കുറിച്ച് വളരെയധികം അഭിമാനിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാൽ എന്റെ അച്ഛന്റെ സ്ഥാനം മകൾ ഏറ്റെടുത്തെന്ന് പറയാം. ഇന്ന് എന്റെ ഏറ്റവും വലിയ ചിയർലീഡർ അവളാണ്. എന്റെ പല സിനിമകളും അവൾ കണ്ടിട്ടില്ല. എങ്കിലും സ്‌ക്രീനിൽ ഞാൻ കരയുമ്പോൾ അവൾക്ക് സങ്കടം വരും. അതുകൊണ്ട് പല സിനിമകളും കാണാൻ അവൾക്ക് ബുദ്ധിമുട്ടാണ്. സ്‌ക്രീനിൽ നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്യുന്ന എന്നെ കാണാനാണ് അവൾക്കിഷ്ടം. കുച്ച് കുച്ച് ഹോതാ ഹെ എന്ന സിനിമ കാണാൻ ഒരു തവണയേ അവൾ ശ്രമിച്ചിട്ടുള്ളൂ. അതിൽ ആദ്യസീനിൽ തന്നെ ഞാൻ മരിക്കുന്നതാണ്. അതുകൊണ്ട് അതിനപ്പുറം കാണാൻ ആദിറയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല''.
താൻ മേക്കപ്പ് ഇടുന്നത് ആദിറയ്ക്ക് ഇഷ്ടമല്ലെന്നും റാണി. ''ഞാൻ മേക്കപ്പ് ഇടുമ്പോൾ അവൾ എന്നോട് പറയും, 'അമ്മ, നിങ്ങളെന്റെ അമ്മയെ പോലെയല്ല കാണാൻ'. മേക്കപ്പ് മാറ്റുമ്പോൾ അവൾ പറയും, 'ഇപ്പോൾ എന്റെ അമ്മയെ പോലെയാണ്'. അതാണ് അവൾക്ക് ഏറെ ഇഷ്ടമുള്ളതും''.
മകളെ ഓരോ കാര്യത്തിലും താനെങ്ങനെയാണ് സമീപിക്കുന്നതെന്നും റാണി വ്യക്തമാക്കുന്നു. ''അവൾ ജെൻ ആൽഫയിൽ പെടുന്ന കുട്ടിയാണ്. അതുകൊണ്ട് അവൾ ചിലപ്പോൾ എന്നെയും വഴക്കുപറയും. അവൾ പറയുന്നതെല്ലാം ഞാൻ കേൾക്കേണ്ടിവരും. തലമുറകൾ മാറുകയല്ലേ. എന്നെ ചെറുപ്പകാലത്ത് അമ്മ ഒരുപാട് അടിച്ചിട്ടുണ്ട്. പക്ഷേ ആദിറയെ എനിക്ക് അടിക്കാൻ പറ്റില്ല. കാരണം ഞാനടിച്ചാൽ അവൾ തിരിച്ച് എന്നെയും അടിക്കും. ജെൻ ആൽഫ കുട്ടിയായതിനാൽ എനിക്കവളെ ഒരുപാട് പേടിയാണ്''. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മർദാനി 3'യാണ് ഇനി റാണിയുടേതായി റിലീസാവാനിരിക്കുന്നത്. ഷാരൂഖ് ഖാന്റെ 'കിങ്' എന്ന സിനിമയിലും റാണി അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rani Mukerji shares how her daughter Adira is her biggest cheerleader, but admits she fears her due to her Gen Alpha personality and ability to hit back