പാപ്പരാസികളുടെ ബഹളത്തിൽ ക്ഷമകെട്ട് രൺബീർ കപൂർ; ഒടുവിൽ പ്രതികരണം

ആലിയ ഭട്ട്, റൺബീർ കപൂർ | Instagram
ആലിയ ഭട്ട്, റൺബീർ കപൂർ | Instagram

സിനിമാതിരക്കുകൾക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ക്യാമറയിൽ പകർത്തുവാൻ പാപ്പരാസികൾ മത്സരിക്കുന്നത് ബോളിവുഡിൽ പതിവ് കാഴ്ചയാണ്. എന്നാൽ, അതിരുകടക്കുന്ന ചോദ്യങ്ങളും ബഹളങ്ങളും പലപ്പോഴും താരങ്ങളെ അസ്വസ്ഥരാക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് ബോളിവുഡ് താരം റൺബീർ കപൂറിനും നേരിടേണ്ടി വന്നത്. ഭാര്യയും നടിയുമായ ആലിയ ഭട്ട്, നടൻ വിക്കി കൗശൽ, സംവിധായകൻ സഞ്ജയ് ലീലാ ഭൻസാലി എന്നിവർക്കൊപ്പം പുറത്തിറങ്ങിയ റൺബീർ, പാപ്പരാസികളിൽ ഒരാളോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ശനിയാഴ്ച രാത്രി മുംബൈയിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിന് മുന്നിലായിരുന്നു സംഭവം. മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയ്ക്കും പുതിയ ചിത്രമായ 'രാമായണ'യുടെ പ്രൊമോഷൻ പരിപാടികൾക്കും ശേഷം ഒരുമിച്ച് സമയം ചെലവഴിക്കാനെത്തിയതായിരുന്നു താരങ്ങൾ. ഒലിവ് ഗ്രീൻ കുർത്തയിൽ റൺബീറും നിയോൺ ഗ്രീൻ വസ്ത്രത്തിൽ ആലിയയും എത്തിയപ്പോൾ, വൈറ്റ് ഷർട്ടും ബ്ലാക്ക് ട്രൗസറുമായിരുന്നു വിക്കി കൗശലിന്റെ വേഷം.

റസ്റ്റോറന്റിന് പുറത്തുവെച്ച് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്ത സംഘത്തോടൊപ്പം നിൽക്കാൻ സംവിധായകൻ സഞ്ജയ് ലീലാ ഭൻസാലി ആദ്യം മടിച്ചെങ്കിലും, റൺബീർ അദ്ദേഹത്തെ നിർബന്ധിച്ച് ഒപ്പം നിർത്തുകയായിരുന്നു. എന്നാൽ ഫോട്ടോ സെഷൻ പൂർത്തിയാക്കി എല്ലാവരും മടങ്ങാൻ ഒരുങ്ങവേ, ഫോട്ടോഗ്രാഫർമാരിൽ ഒരാൾ ആലിയക്കും വിക്കിക്കുമൊപ്പം വീണ്ടും പോസ് ചെയ്യണമെന്ന് പറഞ്ഞ് റൺബീറിന് നേരെ ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങി.

തുടർച്ചയായുള്ള ഈ ബഹളത്തിൽ ക്ഷമകെട്ട നടൻ നടന്നു നീങ്ങുന്നതിനിടെ തിരിഞ്ഞുനിന്ന് "ബഹുത് ബോൽ രഹാ ഹൈ തു" (നീ കുറച്ചധികം സംസാരിക്കുന്നുണ്ട്) എന്ന് തുറന്നടിക്കുകയായിരുന്നു. പെട്ടെന്നുള്ള റൺബീറിന്റെ ഈ മറുപടി കേട്ട് അവിടെയുണ്ടായിരുന്നവർ നിശബ്ദരായി. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. താരങ്ങളുടെ സ്വകാര്യതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാത്ത പാപ്പരാസികൾക്ക് നൽകിയ കൃത്യമായ മറുപടിയാണിതെന്ന് ആരാധകർ പറയുമ്പോൾ, അൽപം കൂടി ശാന്തമായി പെരുമാറാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

അതേസമയം, വൻകിട ചിത്രങ്ങളുടെ തിരക്കുകളിലാണ് റൺബീറും സംഘവും. സഞ്ജയ് ലീലാ ഭൻസാലി സംവിധാനം ചെയ്യുന്ന പീരിയഡ് റൊമാന്റിക് വാർ ഡ്രാമയായ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ റൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം 2027 ജനുവരി 21-നാണ് തിയേറ്ററുകളിലെത്തുക. ഇതിനുപുറമെ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ചിത്രീകരണ തിരക്കുകളിലുമാണ് റൺബീർ. യാഷ്, സണ്ണി ഡിയോൾ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന രാമായണ ദീപാവലി റിലീസായി ഈ വർഷം പ്രേക്ഷകരിലേക്ക് എത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranbir Kapoor lost his cool at paparazzi in Mumbai for excessive shouting., The incident happened outside a restaurant with Alia Bhatt, Vicky Kaushal, and Sanjay Leela Bhansali., Ranbir reacted with the statement 'Bohut bol raha hai tu' which went viral on social media., The stars are currently working together in Sanjay Leela Bhansali's upcoming movie 'Love and War'.