'കാമുകിയോട് ഞാൻ പറഞ്ഞു, നമുക്ക് വാർസിറ്റി റെസ്‌റ്റോറന്റിൽ പോവാം, അങ്ങനെ അവിടെത്തി': രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി | PTI
രാഹുൽ ഗാന്ധി | PTI

സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം കഴിഞ്ഞദിവസമാണ് നടന്നത്. ഡൽഹിയിലെ ഐടിസി മൗര്യയിൽ നടന്ന പരിപാടിയിൽ സോണിയക്കൊപ്പം മക്കളായ രാഹുലും പ്രിയങ്കയും പങ്കെടുത്തു. ഹാർപർ കോളിൻസ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകർ. രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നതും തുടർന്നുളള പ്രണയവും ഇന്ത്യയിലേക്കുള്ള വരവും ഇന്ദിരാ ഗാന്ധിയുമായുള്ള ബന്ധവുമെല്ലാം പുസ്തകത്തിൽ സോണിയ ഓർത്തെടുക്കുന്നുണ്ട്.

പ്രകാശനത്തിനിടയിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് രാഹുൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ കാമുകിക്കൊപ്പം കേംബ്രിഡ്ജിലെ ഭക്ഷണശാല സന്ദർശിച്ചതിനെ കുറിച്ച് രാഹുൽ ഓർത്തെടുത്തു.

രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും വിദ്യാർത്ഥികളായിരിക്കെ ആദ്യമായി കണ്ടുമുട്ടിയത് കേംബ്രിഡ്ജിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ്. അത് സന്ദർശിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. അങ്ങനെ അവിടെത്തിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി പറഞ്ഞു. അന്ന് തനിക്കൊപ്പം കാമുകിയുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

''എന്റെ മാതാപിതാക്കളെക്കുറിച്ച് ധാരാളം കഥകൾ പ്രചാരത്തിലുണ്ടായിരുന്നു. അതിലൊന്നാണ് കേംബ്രിഡ്ജ് വാർസിറ്റി റെസ്റ്റോറന്റിൽ വെച്ച് അവർ കണ്ടുമുട്ടി എന്നത്. വർഷങ്ങൾക്ക് ശേഷം, ഒരിക്കൽ കേംബ്രിഡ്ജിൽ എത്തിയപ്പോൾ ഞാൻ എന്റെ കാമുകിയോട്, 'നമുക്ക് വാർസിറ്റി റെസ്റ്റോറന്റിലേക്ക് പോകാം' എന്ന് പറഞ്ഞു. എന്റെ മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടിയ ആ സ്ഥലം എനിക്ക് കാണണമായിരുന്നു''.

തങ്ങൾ അവിടെത്തിയതും അദ്ദേഹം ഓർത്തെടുത്തു. ''ഞങ്ങളവിടെ ഇരുന്നു. ഒരാൾ മെനുകാർഡ് കൊണ്ടുവന്നു. അപ്പോൾ ഞാൻ പറഞ്ഞു, 'എന്റെ മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടിയത് ഈ റെസ്റ്റോറന്റിൽ വെച്ചാണ്.' അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു, 'ഓ, അവരാണോ? എനിക്ക് അവരെ അറിയാം.' ഞാൻ ചോദിച്ചു, 'അവരെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അറിയാവുന്നത്?' അദ്ദേഹം പറഞ്ഞു, 'ഓ, ആ രണ്ടുപേരോ? നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം,' എന്നും അയാൾ പറഞ്ഞു'', രാഹുൽ ഗാന്ധി പറയുന്നു.

തുടർന്ന് സംസാരിക്കുന്നതിനിടെ ആ സന്ദർശനത്തിൽ പരാമർശിച്ച 'കാമുകി'യെക്കുറിച്ച് പരിപാടിയിൽ ചോദ്യമുയർന്നപ്പോൾ രാഹുൽ ഇങ്ങനെ മറുപടി നൽകി, ''അവൾ ഇപ്പോഴെന്റെ സുഹൃത്താണ്''.

രാഹുലിന്റെ പഠനകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടൊരു പ്രണയമുണ്ടായിരുന്നു. അതിനെക്കുറിച്ചായിരിക്കാം രാഹുൽ സൂചിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1990-കളിലാണത്. 1998-ൽ സോണിയയുടെ ഒരു റാലിയിൽ പങ്കെടുക്കാനായി രാഹുൽ എത്തിയത് ഒരു വിദേശപെൺകുട്ടിക്കൊപ്പമാണ്. അന്നത്തെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഒരു ക്രിക്കറ്റ് മാച്ചിനിടെ വീണ്ടും രാഹുലും ആ പെൺകുട്ടിയും ഒരുമിച്ചെത്തി. ഒടുവിൽ അതിനെക്കുറിച്ച് രാഹുൽ തുറന്നുസംസാരിക്കുകയും ചെയ്തിരുന്നു, ''എന്റെ ഗേൾഫ്രണ്ടിന്റെ പേര് വെറോണിക്ക് എന്നാണ്. അവൾ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്''. പത്തുവർഷത്തോളം ആ ബന്ധം നീണ്ടുനിന്നു. പിന്നീടാണ് അവർ അകന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sonia Gandhi's memoir 'Belonging: A Journey of Love' was officially launched in Delhi., Rahul Gandhi shared a personal anecdote about visiting the Cambridge restaurant where his parents first met., He humorously remarked that the girlfriend who accompanied him during that visit is now his friend