തമാശയ്ക്ക് എലിസബത്ത് രാജ്ഞിയെ വിവാഹത്തിനു ക്ഷണിച്ചു, ദമ്പതികളെ ഞെട്ടിച്ച് രാജ്ഞിയെത്തി

നർമബോധത്തിന് പേരുകേട്ട വ്യക്തിയാണ് വിടവാങ്ങിയ ബ്രിട്ടിഷ് രാജ്ഞി എലിസബത്ത്. ഏറ്റവുംകൂടുതൽ കാലം ബ്രിട്ടിഷ് രാജവംശത്തിന്റെ തലപ്പത്തിരുന്ന വ്യക്തിത്വം. വെറുതേയൊരു ക്ഷണക്കത്തു കിട്ടിയെന്നു കരുതി ഒരു കല്യാണംകൂടാനൊക്കെ എലിസബത്ത് രാജ്ഞി വരുമോ? ബ്രിട്ടിഷ് രാജവംശത്തിൽ അങ്ങനെയൊരു ചരിത്രമില്ല. പുതുതായി വിവാഹം ചെയ്യാൻ പോവുന്ന ജോണും ഫ്രാൻസെസ് കാനിങ്ങും അങ്ങനെയേ കരുതിയിരുന്നുള്ളൂ.
എങ്കിലും മനസ്സിൽ അതിയായ ആഗ്രഹമുള്ളതുകൊണ്ടുമാത്രം തങ്ങളുടെ വിവാഹത്തിനു രാജ്ഞിയെ ക്ഷണിച്ചുകൊണ്ട് ബക്കിങ്ഹാം കൊട്ടാരത്തിലേക്കൊരു കല്യാണക്കുറി അയച്ചു. 2012-ൽ മാഞ്ചസ്റ്ററിലാണ് ഈ സംഭവം. നവദമ്പതികളെയും കല്യാണം കൂടാനെത്തിയവരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചുകൊണ്ട് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കല്യാണം നടക്കുന്ന വിക്ടോറിയൻ മാഞ്ചസ്റ്റർ ടൗൺ ഹാളിലെത്തി.
മാഞ്ചസ്റ്ററിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശനത്തിലായിരുന്നു ഇരുവരുമപ്പോൾ.
മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കാനിങ് ദമ്പതികൾ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് അയച്ച കത്തിന് രാജ്ഞിയുടെ തോഴി മറുപടി നൽകിയിരുന്നു. അവർക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു അത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല. ഹാളിൽ അന്നേദിവസം ഒരു വിഐപി ഉണ്ടാകുമെന്ന വിവരം തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഫ്രാൻസെസ് പിന്നീട് പറഞ്ഞു. പക്ഷേ, ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചതേയില്ല.
'അന്നേദിവസം ജീവനക്കാർ ഞങ്ങളോട് ഇടനാഴിയിൽ അൽപ്പനേരം കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു, ഏതാനും മിനിറ്റുകൾക്ക് ശേഷം രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പുഞ്ചിരിച്ചുകൊണ്ടെത്തി. അവർക്ക് ഞങ്ങളുടെ രണ്ടുപേരുടെയും പേരറിയാമായിരുന്നു, ഞങ്ങളെ അവരുടെ പരിപാടികളുടെ പട്ടികയിൽ പ്രത്യേകം ഉൾപ്പെടുത്തിയിരുന്നുവെന്ന് തോന്നുന്നു'-ഫ്രാൻസെസ് പറഞ്ഞു.
'രാജ്ഞി ഞങ്ങളോട് സുഖമാണോ എന്ന് ചോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഫിലിപ്പ് രാജകുമാരൻ ഞങ്ങൾ ഹണിമൂണിന് ഇറ്റലിയിൽ എവിടെയാണ് പോകുന്നതെന്ന് ചോദിച്ചു. ഞങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു'-ജോൺ പറഞ്ഞു. അവസാന നിമിഷം 'രാജകീയ'മായി മാറിയ വിവാഹത്തിൽ പങ്കെടുത്തവർ ഇതെല്ലാം കണ്ട് അമ്പരന്നുപോയി. അതിഥികളിലൊരാൾ പറഞ്ഞതിങ്ങനെ, 'പെട്ടെന്ന് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഞങ്ങളുടെ മുന്നിൽ. ഞാൻ അത്ഭുതപ്പെട്ട് എന്തോ തട്ടിയിട്ടു... അവർ എന്നെ നോക്കി കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു'. തങ്ങൾക്ക് മുൻകൂട്ടി സുരക്ഷാ പരിശോധനകളുണ്ടായിരുന്നെന്ന് മറ്റൊരാളും പ്രതികരിച്ചു.
ബിബിസിക്ക് നൽകിയ ഒരഭിമുഖത്തിൽ ജോൺ രാജ്ഞിയുടെ നർമ്മബോധത്തെക്കുറിച്ചും പ്രശംസിച്ചു. അവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച മനോഹരമായ ഒരു സമ്മാനമായിരുന്നു അത്. വിവാഹത്തിന് രാജ്ഞി അപ്രതീക്ഷിതമായെത്തിയപ്പോൾ എല്ലാവരും അത്ഭുതം കൊണ്ട് സ്തബ്ധരാവുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പിന്നീട് പുറത്തുവന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A couple`s joke invitation turned into a royal surprise when Queen Elizabeth and Prince Philip attended their wedding in 2012.