ഫെവിക്കോള്‍ മുട്ട മുതൽ വോഡഫോണ്‍ ഹച്ച് വരെ; പിയൂഷ് പാണ്ഡെ ജനപ്രിയമാക്കിയ പരസ്യങ്ങൾ

ഫെവികോൾ പരസ്യം, പീയൂഷ് പാണ്ഡ / fevicol.in, PTI
ഫെവികോൾ പരസ്യം, പീയൂഷ് പാണ്ഡ / fevicol.in, PTI

'ഇന്ത്യന്‍ പരസ്യകലയുടെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന പിയൂഷ് പാണ്ഡെ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. 70 വയസായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ 'തന്റെ പങ്കാളിയുടെ വിജയകരമായ ഷോട്ടിന് ശേഷം ഒരു പെണ്‍കുട്ടി ക്രിക്കറ്റ് ഫീല്‍ഡിലേക്ക് ഓടിക്കയറുന്ന കാഡ്ബറി ഡയറി മില്‍ക്കിന്റെ ഐതിഹാസികമായ പരസ്യം മുതല്‍ വോഡഫോണ്‍ ഹച്ചിന്റെ പരസ്യം വരെ മിക്കവാറും ആരും മറന്നുകാണില്ല. പിയൂഷ് പാണ്ഡെ എന്ന പ്രതിഭാശാലിയായ പരസ്യചിത്ര നിര്‍മാതാവിന്റെ കയ്യൊപ്പു പതിഞ്ഞ സൃഷ്ടികളായിരുന്നു അവ ഓരോന്നും.

ഇന്ത്യയില്‍ കുട്ടികളുടെ മേഖലയില്‍ മാത്രം ഒതുങ്ങിനിന്ന ചോക്ലേറ്റിനെ മുതിര്‍ന്നവരിലേക്ക് എത്തിച്ചതില്‍ ഏറ്റവും വലിയ പങ്ക് പാണ്ഡെയുടെ പരസ്യങ്ങള്‍ക്കുണ്ട്. കാഡ്ബറി പതിറ്റാണ്ടുകളായി വിപണിയിലുണ്ടായിരുന്നു. പക്ഷേ അവരും പ്രധാനമായും കുട്ടികള്‍ക്കായാണ് ചോക്ലേറ്റ് വിറ്റിരുന്നത്. മുതിര്‍ന്നവര്‍ പണ്ടേ ഉപേക്ഷിച്ച ഒന്ന് ആസ്വദിക്കാന്‍ അവരെ എങ്ങനെ പ്രേരിപ്പിക്കും എന്നതായിരുന്നു വലിയ വെല്ലുവിളി. പാണ്ഡെ ആ വെല്ലുവിളി ഏറ്റെടുത്തതിന്‌റെ ഫലമായിരുന്നു 'അസ്ലി സ്വാദ് സിന്ദഗി കാ' (ജീവിതത്തിന്റെ യഥാര്‍ത്ഥ രുചി) എന്ന അവരുടെ ഐതിഹാസികമായ പരസ്യപ്രചാരണം.

'ഹര്‍ ഘര്‍ കുച്ച് കെഹ്താ ഹേ'' മുതല്‍ ''യു ആന്‍ഡ് ഐ, ഇന്‍ ദിസ് ബ്യൂട്ടിഫുള്‍ വേള്‍ഡ്'' വരെ, വര്‍ഷങ്ങളായി അദ്ദേഹം ചെയ്ത ഐതിഹാസികമായ ചില പരസ്യ കാമ്പെയ്നുകള്‍ ഇതാ.

1. ഫെവിക്കോള്‍
പീഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനായി പാണ്ഡെ മൂന്ന് ഐതിഹാസിക പരസ്യങ്ങള്‍ നിര്‍മ്മിച്ചു. അതില്‍ ആദ്യത്തേത് ഫെവിക്കോള്‍ ബസ് പരസ്യമാണ്. ഗ്രാമീണ റോഡിലൂടെ പോകുന്ന ഒരു ബസില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിട്ടും, ജീവനും കൊണ്ട് തൂങ്ങിക്കിടക്കുന്ന യാത്രക്കാര്‍ താഴെ വീഴുകയോ ബസ് തകരുകയോ ചെയ്യുന്നില്ല. അതിനുകാരണം ബസിന്റെ പിന്നില്‍ 'ഫെവിക്കോള്‍ - ദി അള്‍ട്ടിമേറ്റ് അഡ്‌ഹെസീവ്' എന്ന പരസ്യം ഉള്ളതുകൊണ്ടാണെന്ന് വളരെ രസകരമായി കാണിച്ചു.

അടുത്തത് ഫെവിക്കോള്‍ മുട്ട പരസ്യം: ഒരു ഫെവിക്കോള്‍ ടിന്നില്‍ നിന്ന് ആഹാരം കഴിച്ച ഒരു കോഴി പൊട്ടാത്ത മുട്ടയിടുന്നു. ഇത് ഓംലെറ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നയാളെ അത്ഭുതപ്പെടുത്തുന്നു. ഫെവിക്വിക്ക് മത്സ്യബന്ധന പരസ്യവും വൈറലായിരുന്നു. ഒരു സാധാരണ മത്സ്യത്തൊഴിലാളി ഫെവിക്വിക്ക് പുരട്ടിയ വടികൊണ്ട് തല്‍ക്ഷണം മീന്‍ പിടിക്കുന്നു, അതേസമയം ഹോബിയായി മീന്‍ പിടിക്കുന്ന മറ്റൊരാള്‍ക്ക് ഒന്നും കിട്ടാതെ നോക്കിനില്‍ക്കുന്നു. 

2. പള്‍സ് പോളിയോ
പാണ്ഡെയുടെ പ്രവര്‍ത്തനം കോര്‍പ്പറേറ്റ് തലത്തിനപ്പുറം പൊതുസേവനത്തിലേക്കും വ്യാപിച്ചു. അവയില്‍ ഏറ്റവും ശ്രദ്ധേയമായത് നടന്‍ അമിതാഭ് ബച്ചനോടൊപ്പമുള്ള പള്‍സ് പോളിയോ കാമ്പെയ്നായിരുന്നു. ലളിതമായ ഹിന്ദിയിലുള്ള വൈകാരികമായ ആഖ്യാനം ''ദോ ബൂന്ദ് സിന്ദഗി കെ'' (ജീവിതത്തിനായി രണ്ടു തുള്ളി) വലിയ പ്രചാരം നേടി.

3. വോഡഫോണ്‍ ഹച്ച്
പഗ് ഇനത്തില്‍പ്പെട്ട നായയെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയ പരസ്യമായിരുന്നു ഇത്. അതിനെ തുടര്‍ന്ന് പഗ്ഗുകള്‍ തുടക്കത്തില്‍ 'ഹച്ച് ഡോഗ്' എന്ന് അറിയപ്പെട്ടു. ഒരു കുട്ടിയെ എല്ലായിടത്തും പിന്തുടരുന്ന പഗ്, ഹച്ചിന്റെ നെറ്റ്വര്‍ക്ക് വിശ്വാസ്യതയെ പ്രതീകപ്പെടുത്തി. മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തിനെപ്പോലെ, ''നിങ്ങള്‍ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്വര്‍ക്ക് നിങ്ങളെ പിന്തുടരുന്നു'' എന്നതായിരുന്നു ആശയം.

പിയൂഷ് പാണ്ഡെയുടെ പരസ്യങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതും, ലളിതമായി മനസ്സിലാക്കാവുന്നതുമായിരുന്നു. ആശയത്തിന്റെയും ചിത്രീകരണത്തിന്റെയും തനിമ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്ക് വലിയ ജനപ്രീതിയുണ്ടാക്കിക്കൊടുത്തു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: remembering piyush pandey, the `father of indian advertising,` who passed away at 70. explore his legendary campaigns for cadbury, vodafone, fevicol, and pulse polio that redefined Indian advertising.