'ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് കേള്‍ക്കാന്‍ ആളുകള്‍ക്കിഷ്ടമല്ല' -ഹെയ്‌ലി ബീബര്‍

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | AFP
ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | AFP

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ആറുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം നെഗറ്റീവ് കമന്റുകളും ട്രോളുകളും മറ്റും അഭിമുഖീകരിക്കേണ്ടി വന്നതിനെക്കുറിച്ചും വിവാഹമോചന കിംവദന്തികളെ നേരിടേണ്ടിവന്നതിനെപ്പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് മോഡല്‍ കൂടിയായ ഹെയ്‌ലി. ഡബ്ല്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. 

''വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതല്‍ എന്റെ ബന്ധത്തെപ്പറ്റി പറഞ്ഞ് ആളുകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. 'ഓ, അവര്‍ ബ്രേക്കപ്പ് ആവുകയാണ്. അവര്‍ പരസ്പരം വെറുക്കുന്നു. അവര്‍ വിവാഹമോചനം നേടുകയാണ്.'-എന്നെല്ലാം. നമ്മള്‍ സന്തുഷ്ടരാണെന്ന് ആളുകള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വേദനിക്കുന്നില്ലെന്ന് അഭിനയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ അത് ശീലമാക്കും, ആളുകള്‍ ഇതാണ് പറയാന്‍ പോകുന്നത്, ആളുകള്‍ ഇങ്ങനെയായിരിക്കും എന്നൊക്കെ ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചു.''

ആറ് മാസത്തോളം തന്റെ ഗര്‍ഭം എങ്ങനെ മറച്ചുവെച്ചു എന്നതിനെക്കുറിച്ചും ഹെയ്ലി ബീബര്‍ സംസാരിച്ചു. ''ആറുമാസമാകുന്നതുവരെ എനിക്ക് അതിനുമാത്രം വയറുണ്ടായിരുന്നില്ല, ആറുമാസമായപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തുറന്നുപറയുന്നത്. വലിയ ജാക്കറ്റുകളും മറ്റും ധരിച്ച് ഗര്‍ഭം ഒളിപ്പിക്കാന്‍ കഴിഞ്ഞെ''ന്നും അവര്‍ പറഞ്ഞു. മെയിലാണ് ജസ്റ്റിന്‍ ബീബറും ഹെയ്ലി ബീബറും ആദ്യകുഞ്ഞിന്റെ വരവ് പ്രഖ്യാപിച്ചത്.

പ്രസവം കഴിയുന്നതുവരെ ഗര്‍ഭിണിയാണെന്ന വിവരം ഒളിച്ചുവെക്കാമായിരുന്നെന്നും പക്ഷേ, ആ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് തുറന്നുപറഞ്ഞതെന്നും ഹെയ്‌ലി പറഞ്ഞു.
 

Content Highlights: people don't want to believe that we're happy-hailey bieber