മുട്ട മാത്രം കഴിച്ചു ജീവിച്ച പർവീൺ; വിഷം കലർത്തുമോയെന്ന പേടിയായിരുന്നു

ബോളിവുഡിന്റെ ഗ്ലാമർ റാണിയായ പർവീൺ ബാബി, മിന്നിത്തിളങ്ങിയ കാലത്ത് എപ്പോഴും ആരാധകർക്കിടയിലായിരുന്നു അവർ. എന്നാൽ, അതിനിടയിലും വിഷാദത്തിൽ മുങ്ങിത്താഴ്ന്നു അവരുടെ സ്വകാര്യജീവിതം. ഏകാന്തതയോട് മല്ലിട്ടുള്ള നാളുകൾ. പ്രണയനൈരാശ്യങ്ങളിൽ തകർന്നടിഞ്ഞു, ഒടുവിൽ വെള്ളിവെളിച്ചങ്ങളിൽനിന്നെല്ലാം അകന്നു, ജീവിക്കാൻ തന്നെ മറന്നുപോയി. വിഷാദത്തിൽ മുങ്ങിപ്പോയ നാളുകളിൽ ആരോ തന്നെ കൊല്ലാൻ വരുന്നെന്നുവരെ അവർ കരുതി. അതിനെക്കുറിച്ച് പിന്നീട് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നടിയും എഴുത്തുകാരിയുമായ പൂജ ബേദി പർവീണിനെക്കുറിച്ച് സംസാരിക്കുകയാണ്. കൊല്ലപ്പെടുമെന്ന് പേടിച്ച് ഭക്ഷണം പോലും കഴിക്കാതിരുന്ന പർവീണിനെയാണ് അവർ ഓർക്കുന്നത്. ''കുറേ വർഷങ്ങൾക്കുശേഷം പർവീൺ ഇന്ത്യയിലേക്ക് തിരിച്ചുവന്ന സമയം. അവർക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് പലരും ആ സമയത്ത് പറഞ്ഞിരുന്നു. ഞാനവരുടെ വീട്ടിൽ പോയി. പർവീൺ വാതിൽ തുറന്നു, ഒരുപാട് മാറ്റങ്ങളുണ്ടായിരുന്നു അവർക്ക്. നന്നായി തടിവെച്ചിരുന്നു, പറന്നുകിടക്കുന്ന മുടിയും. എന്നെ കണ്ടപ്പോഴേക്കും കെട്ടിപ്പിടിച്ചു, ഞങ്ങൾ കുറേനേരം സംസാരിച്ചു''. പർവീണിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തനിക്ക് തോന്നിയെന്നും പൂജ പറയുന്നു.
''സംസാരത്തിനിടയിൽ പർവീൺ പറഞ്ഞു, നിനക്ക് കഴിക്കാൻ തരാൻ ഇവിടെയൊന്നുമില്ല. ഞാൻ മുട്ട മാത്രമമേ കഴിക്കാറുള്ളൂ'. ഞാൻ ഞെട്ടി, എന്തിനാ മുട്ട മാത്രം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ പർവീൺ പറഞ്ഞ മറുപടിയിങ്ങനെ, 'അവർക്ക് കൃത്രിമം നടത്താൻ കഴിയാത്ത ഒരേയൊരു വസ്തു മുട്ടയാണ്'. ആർക്കെന്ന ചോദ്യത്തിന് അവർ തന്ന മറുപടിയിങ്ങനെ, 'എഫ്.ബി.ഐ'. ആരെങ്കിലും മേക്കപ്പ് വസ്തുക്കൾ മലിനമാക്കുമെന്നതിനാൽ അത് പുറത്തുനിന്ന് വാങ്ങാറില്ലെന്നും അവർ പറഞ്ഞു. 'നിങ്ങൾ എന്ത് വാങ്ങുമെന്നും എപ്പോൾ വാങ്ങുമെന്നും ഒരാൾക്ക് എങ്ങനെ അറിയാൻ കഴിയും?' എന്ന് ഞാൻ ചോദിച്ചു. അതിനും പർവീണിന്റെ കൈയിൽ മറുപടിയുണ്ടായിരുന്നു, ' അവർക്ക് എല്ലാം അറിയാം'. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ശരിക്കും പർവീണിനെക്കുറിച്ചോർത്ത് ആശങ്ക തോന്നി''.
പർവീൺ മരിച്ചതുപോലും പുറംലോകമറിയുന്നത്, മൂന്നുദിവസം കഴിഞ്ഞാണ്. പോസ്റ്റുമോർട്ടത്തിൽ അടുത്ത ദിവസങ്ങളിലൊന്നും അവർ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും മനസ്സിലായി.
സിനിമയിലെ മിന്നുംതാരമായിരിക്കുമ്പോൾ തന്നെയാണ് 1983-ൽ പൊടുന്നനെ അപ്രത്യക്ഷമാവുന്നത്. അക്കാലത്ത് ആത്മീയയാത്രകളിലായിരുന്നു അവർ. തിരിച്ചുവന്ന് വീണ്ടും കുറച്ച് സിനിമകളിൽ അഭിനയിച്ചു. മടുക്കുമ്പോൾ വീണ്ടും ആത്മീയയാത്രകളിലേക്ക് മുങ്ങും. 1991-ലാണ് അവർ തന്റെ കരിയറിലെ അവസാനസിനിമ ചെയ്യുന്നത്.
വീണ്ടും അവർ അപ്രത്യക്ഷയായി. കുറേ വർഷങ്ങൾ ആരും അറിയാതെ, കേൾക്കാതെ ഒറ്റയ്ക്കായി അവർ. അതിനെക്കുറിച്ച് അവരുടെ അടുത്ത സുഹൃത്തുക്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''ക്യാമറയ്ക്കുമുന്നിൽ എക്സ്പോസ് ചെയ്യേണ്ടിവരുന്നത് പർവീണിനെ വിഷമിപ്പിച്ചിരുന്നു. ആ സമ്മർദം അവർക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ സിനിമയിൽനിന്ന് പിൻവാങ്ങുന്നത്. ആർക്കും കണ്ടുപിടിക്കാൻ പറ്റാത്തതത്ര അകലേയ്ക്ക് മാറി പർവീൺ''.
സിനിമയിൽനിന്ന് അകന്നപ്പോൾ വിഷാദം അവരെ വല്ലാതെ അലട്ടി. പാരനോയിഡ് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗവും അവരെ തളർത്തി. എന്താണ് പറയുന്നതെന്നോ പറയേണ്ടതെന്നോ അവർക്ക് അക്കാലത്ത് ഒരുപിടിയുമുണ്ടായിരുന്നില്ല. ആരോ തന്നെ കൊല്ലാൻ വരുന്നുവെന്നായിരുന്നു സദാ ചിന്ത. അങ്ങനെ പോലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങി.
പക്ഷേ, രോഗങ്ങളുണ്ടെന്ന് അവർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. തന്റെ പ്രതിഛായ മോശമാക്കാനും തനിക്കെതിരെ സിനിമാമേഖലയിൽനിന്നുള്ള ഗൂഢാലോചനയുടെയും ഭാഗമായിട്ടാണ് മാനസികരോഗിയാക്കുന്നതെന്നാണ് അവരന്ന് പറഞ്ഞിരുന്നത്. അമിതാഭ് ബച്ചൻ, ബിൽ ക്ലിന്റൺ, ചാൾസ് രാജകുമാരൻ, സി.ഐ.എ എന്നിവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നിരന്തരം പറഞ്ഞു.
കൊല്ലപ്പെടുമെന്ന ഭീതിയിലാണ് തന്റെ അവസാനനാളുകൾ അവർ തള്ളിനീക്കിയത്. തനിക്ക് വരുന്ന എല്ലാ കോളുകളും അവർ റെക്കോർഡ് ചെയ്യുമായിരുന്നു. താൻ കൊല്ലപ്പെടും എന്ന പേടികൊണ്ട് അവർ പുറത്തേക്കിറങ്ങാൻ തയ്യാറായില്ല. ആ ഭീതിയിലാവാം അവർ വീട്ടിലേക്ക് ആരെയും അടുപ്പിച്ചില്ല, ജോലിക്കുപോലും ആരെയും വെച്ചില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pooja Bedi reveals Parveen Babi`s deep paranoia, fearing assassination attempts and consuming only eggs, believing they couldn`t be tampered with