ദൃശ്യം 3-ല്‍ എനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഞാന്‍ അത് നിരസിച്ചു- പരേഷ് റാവല്‍

പരേഷ് റാവൽ / ANI
പരേഷ് റാവൽ / ANI

അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യം 3-ല്‍ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും വെളിപ്പെടുത്തി നടന്‍ പരേഷ് റാവല്‍. തിരക്കഥ വളരെ മികച്ചതായിരുന്നു, എങ്കിലും തനിക്ക് വാഗ്ദാനം ചെയ്ത വേഷം ഇഷ്ടപ്പെട്ടില്ലെന്നും അത് അനുയോജ്യമായി തോന്നാത്തതിനാലാണ് ഓഫര്‍ നിരസിച്ചതെന്നും പരേഷ് പറഞ്ഞു.

'അതെ, അണിയറപ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് തോന്നിയില്ല. എന്റെ കഥാപാത്രത്തെക്കുറിച്ച് വായിച്ചപ്പോള്‍ ഒരു രസം തോന്നിയില്ല. പക്ഷേ തിരക്കഥ വളരെ നല്ലതാണ്. എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാല്‍ മികച്ച ഒരു തിരക്കഥയില്‍ പോലും, നിങ്ങള്‍ക്ക് ആവേശം തോന്നുന്ന ഒരു വേഷം ആവശ്യമാണ്. അല്ലെങ്കില്‍ ഒരു രസവും ഉണ്ടാകില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജയ്യും ശ്രിയ ശരണും അഭിനയിക്കുന്ന ദൃശ്യം 3 സംവിധാനം ചെയ്യുന്നത് അഭിഷേക് പഥക്കും നിര്‍മ്മിക്കുന്നത് കുമാര്‍ മങ്കടുമാണ്. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ദൃശ്യം, 2022-ല്‍ പുറത്തിറങ്ങിയ ദൃശ്യം 2 എന്നിവയുടെ തുടര്‍ച്ചയാണിത്. 2015-ലെ ഈ ക്രൈം ത്രില്ലര്‍, മോഹന്‍ലാല്‍ നായകനായി 2013-ല്‍ പുറത്തിറങ്ങിയ മലയാളം സിനിമയുടെ റീമേക്കാണ്. മോഹന്‍ലാല്‍ നിലവില്‍ ദൃശ്യം 3-ന്റെ മലയാളം പതിപ്പിന്റെ ചിത്രീകരണത്തിലാണ്.

ദൃശ്യം 3-ന്റെ ടീസര്‍ ഈ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് വൈകി. കാരണം മലയാളം ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കളായ ജീത്തു, ആന്റണി എന്നിവരും ഹിന്ദി റീമേക്ക് നിര്‍മ്മാതാവ് കുമാര്‍ മങ്കടും തമ്മില്‍ ഒരു ധാരണയുണ്ട്. കരാറിലെ ഒരു വ്യവസ്ഥ അനുസരിച്ച്, യഥാര്‍ഥ നിര്‍മ്മാതാക്കളുടെ അനുമതിയില്ലാതെ ഹിന്ദി ടീമിന് അവരുടെ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പ്രഖ്യാപനവും നടത്താന്‍ കഴിയില്ല.

മോഹന്‍ലാല്‍ ചിത്രീകരണം പ്രഖ്യാപിച്ചതിന് ശേഷം, ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രം 2026 ഒക്ടോബര്‍ 2-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പെട്ടെന്നുള്ള തീയതി പ്രഖ്യാപനം ആന്റണിക്കും ജീത്തുവിനും ഇഷ്ടപ്പെട്ടില്ല. ഈ സംഭവത്തെ തുടര്‍ന്നാണ് ആ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നത്.

ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ എത്തിയ 'തമ്മ' എന്ന ഹൊറര്‍ കോമഡി ചിത്രത്തിലാണ് പരേഷ് അവസാനമായി അഭിനയിച്ചത്. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മാഡോക്ക് ഫിലിംസിന്റെ ദിനേഷ് വിജനും ചലച്ചിത്രകാരന്‍ അമര്‍ കൗശിക്കുമാണ്. ഹേരാ ഫേരി 3, ദി താജ് സ്റ്റോറി, ഭൂത് ബംഗ്ല, വെല്‍ക്കം ടു ദി ജംഗിള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: paresh rawal reveals he was offered a role in ajay devgn`s drishyam 3 but declined due to an unsuitable character, despite praising the script.