‘ഞാൻ പരിഭ്രമിച്ചിരുന്നു, ഒരു ഗട്ട് പഞ്ച് പോലെയാണ് അതെന്നെ ബാധിച്ചത്’

നിക് ജോനാസ്,പ്രിയങ്ക ചോപ്ര
നിക് ജോനാസ്,പ്രിയങ്ക ചോപ്ര

ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങുകൾക്കിടയിൽ അമേരിക്കൻ പോപ്പ് താരം നിക് ജോനാസ് പെട്ടെന്ന് ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇതിനുള്ള കാരണം അദ്ദേഹം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

പുരസ്‌കാര ദാന ചടങ്ങ് നടക്കുന്നതിനിടെ പുറത്തിറങ്ങി വെള്ളം കുടിച്ചു കൊണ്ട് അസ്വസ്ഥനായി ചുറ്റും നോക്കി നിൽക്കുന്ന നിക്കിന്റെ വീഡിയോ 'പരേഡ്' എന്ന പോർട്ടൽ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ, 'സോഷ്യൽ ആങ്സൈറ്റി (സാമൂഹിക ഉത്കണ്ഠ) അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്നു' എന്ന് ഒരു ആരാധകൻ എക്‌സിൽ കുറിച്ചു. ഇത് ശരിയാണെന്ന് നിക് തന്നെ പിന്നീട് എക്‌സിൽ സമ്മതിച്ചതായി പീപ്പിൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

'അതെ... ഉത്കണ്ഠ ഒരു 'ഗട്ട് പഞ്ച്' പോലെയാണ് എന്നെ ബാധിച്ചത്,' തന്റെ പുതിയ പാട്ടായ 'ഗട്ട് പഞ്ച്' എന്ന പേര് പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി. താൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും ഉത്കണ്ഠയെയുമാണ് ആ പാട്ടിന്റെ വരികളിലൂടെ അദ്ദേഹം വിവരിക്കുന്നത്. 'എങ്ങനെയാണ് എനിക്ക് എന്നോട് തന്നെ ഇത്ര പരുഷമായി പെരുമാറാൻ കഴിയുന്നത്? ഞാൻ അല്പം ശാന്തനാകാൻ ശ്രമിക്കണം. ഞാൻ എന്നോട് തന്നെ സംസാരിക്കുന്ന രീതി എനിക്ക് ഒട്ടും ഇഷ്ടമല്ല,' എന്നാണ് പാട്ടിന്റെ വരികൾ. തന്റെ അവസ്ഥ തുറന്നുപറഞ്ഞ നിക്കിനെ ആരാധകർ അഭിനന്ദിക്കുകയും ചെയ്തു.

ഭാര്യ പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് നിക് ചടങ്ങിൽ പങ്കെടുത്തത്. അവാർഡ് ചടങ്ങിന് മുൻപ് ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ഡാൻസ് വീഡിയോയും പങ്കുവെച്ചിരുന്നു. ചടങ്ങിൽ കസ്റ്റം മെയ്ഡ് നേവി ബ്ലൂ ഗൗണിലായിരുന്നു പ്രിയങ്ക തിളങ്ങിയത്. പ്രശസ്ത റാപ്പർ ലിസയ്‌ക്കൊപ്പം സ്റ്റേജിലെത്തിയ പ്രിയങ്ക, 'ദ പിറ്റ്' എന്ന സീരീസിലെ അഭിനയത്തിന് നോഹ വൈലിക്ക് മികച്ച നടനുള്ള അവാർഡ് സമ്മാനിക്കുകയും ചെയ്തു.

ടൈപ്പ് വൺ പ്രമേഹ ബാധിതനായ നിക്, ഇത്തരം രോഗങ്ങൾ ശാരീരികമായതിനേക്കാൾ ഉപരിയായി മാനസികമായും വൈകാരികമായും വ്യക്തികളെയും അവരുടെ കുടുംബത്തെയും എത്രത്തോളം ബാധിക്കുമെന്ന് മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Singer Nick Jonas opens up about his sudden departure from the 2026 Golden Globes, revealing it was due to a severe anxiety attack. Read his candid explanation.