ഡോഗ് ടാക്സ് മുതൽ പോലീസ് സേനവരെ; തെരുവുനായകളില്ലാത്ത ഏക രാ‍ജ്യം

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

തെരുവുനായകളുടെ ശല്യമില്ലാത്ത ഒരിടത്തെക്കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്.

തെരുവുനായ്ക്കൾ ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ രാജ്യം എന്ന ബഹുമതി ലഭിച്ച നെതർലാൻഡ്സ്. ദയാവധം പോലുമില്ലാതെ ഏറ്റവും കൂടുതൽ തെരുവുനായകൾ അധിവസിച്ചിരുന്ന സ്ഥലത്തുനിന്ന് അവയെ പൂർണ്ണമായും ഒഴിവാക്കിയെന്നത് അവിശ്വസനീയമാണ്.

ലോകമെമ്പാടും ഏകദേശം 200 ദശലക്ഷം തെരുവുനായകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരമൊരു ആഗോള പ്രശ്നം പരിഹരിക്കുന്നതിൽ ഉത്തമമാതൃകയായി നെതർലാൻഡ്സിനെ കണക്കാക്കാം.

നൂറ്റാണ്ടുകളായി, നെതർലാൻഡ്‌സിൽ നായ്കൾക്ക് ഒരു പ്രധാന സാംസ്കാരിക പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പേവിഷബാധ നിരവധി നായകളെ തെരുവുകളിൽ ഉപേക്ഷിക്കാൻ കാരണമായി. ഇത് നായകളുടെ ഉടമയോടും മൃഗക്ഷേമത്തോടുമുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം കൊണ്ടുവന്നു.

തെരുവുനായകളുടെ വർധിച്ചുവരുന്ന പ്രശ്നം പരിഹരിക്കുന്നതിനായി, അധികാരികൾ ഒരു ഡോഗ് ടാക്സ് ഏർപ്പെടുത്തി, ഇത് പ്രശ്നം കൂടുതൽ വഷളാക്കി. കാരണം, പലർക്കും നികുതി അടയ്ക്കാൻ കഴിയാതെ വന്നു, ചിലർ അതിന് തയ്യാറാകാതിരിക്കുകയും ചെയ്തു. ഇത് തെരുവുനായകളുടെ എണ്ണം വർധിക്കാൻ കാരണമായി. ഇതിന് പരിഹാരമെന്നോണം 1864-ൽ നെതർലാൻഡ്‌സിൽ ആദ്യത്തെ മൃഗസംരക്ഷണ ഏജൻസി സ്ഥാപിതമായി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായിരുന്നു.

അന്നുമുതൽ, നെതർലാൻഡ്‌സിൽ മൃഗങ്ങളുടെ അവകാശങ്ങൾ ഒരു പ്രത്യേക സ്ഥാനം നേടി. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതും മോശമായി പെരുമാറുന്നതും വളരെ ഗൗരവത്തോടെയാണവർ കണ്ടത്. ഇതിന് 18,539 ഡോളർ വരെ പിഴയും മൂന്ന് വർഷം വരെ തടവുശിക്ഷയും നൽകി. 

പല നഗരങ്ങളും വാങ്ങുന്ന നായകൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തി. ഇത് ആളുകളെ ഷെൽട്ടറുകളിൽ നിന്ന് വളർത്തുമൃഗങ്ങളെ ദത്തെടുക്കാൻ പ്രോത്സാഹിപ്പിച്ചു. ഇതോടെ ഷെൽട്ടറുകളിൽ തെരുവുനായകളെ പാർപ്പിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കി. കൂടാതെ, വന്ധ്യംകരണം, സ്പേയിങ്, വാക്സിനേഷൻ എന്നിവയുൾപ്പെടെയുള്ള വെറ്ററിനറി സേവനങ്ങൾ ലഭിക്കുന്ന ഒരു ദേശീയ സംരംഭം സർക്കാർ ആരംഭിച്ചു.

മൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാത്രമായി ഒരു പ്രത്യേക പോലീസ് സേനയെ രൂപീകരിച്ചു. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികരിക്കുകയും മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഹായം നൽകുകയും ചെയ്യുക എന്നതാണ് ഈ ഉദ്യോഗസ്ഥരുടെ ചുമതല. കൂടാതെ, മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി വാദിക്കുന്നതിനായി 'ദി പാർട്ടി ഫോർ ദി ആനിമൽസ്' എന്നൊരു രാഷ്ട്രീയ പാർട്ടിയുമുണ്ട്.

ഇത്തരം കർശന നടപടികളിലൂടെയാണ് നെതർലാൻഡ്സ് സർക്കാർ തെരുവുനായ ശല്യം പൂർണ്ണമായും ഇല്ലാതാക്കിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover how the Netherlands became the world`s first stray-dog-free nation.