‘95 ശതമാനം പേർക്കും ശക്തരായ സ്ത്രീകളെ വിവാഹം കഴിക്കാനിഷ്ടമല്ല;ആ വിവാഹം മുടങ്ങിയ കാരണം ഇന്നുമറിയില്ല’

നീന ഗുപ്ത / ANI
നീന ഗുപ്ത / ANI

കരിയറിലാണെങ്കിലും സ്വകാര്യജീവിതത്തിലാണെങ്കിലും സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളുമുള്ള താരമാണ് നീന ഗുപ്ത. അത് തുറന്നുപറയാൻ അവർ മടിക്കാറുമില്ല. വിവാഹം കഴിക്കാതെ ഗർഭിണിയാവുകയും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുകയും ചെയ്തതിന്റെ പേരിൽ അവരെന്നും ക്രൂശിക്കപ്പെട്ടിരുന്നു. അത്തരം തന്റെ തീരുമാനങ്ങൾ സമൂഹം എതിർക്കുമ്പോഴും അവരത് കാര്യമായെടുക്കാറുമില്ല.

വിവാഹത്തെക്കുറിച്ചുള്ള നീനയുടെ അഭിപ്രായങ്ങളാണിപ്പോൾ ചർച്ചയാവുന്നത്. വളരെ ശക്തയായൊരു സ്ത്രീ ഒരിക്കലും വിവാഹത്തിന് അഭികാമ്യമല്ലെന്നാണ് താരം പറയുന്നത്. ''ശക്തയായ സ്ത്രീകളെ ഒട്ടുമിക്ക പുരുഷൻമാർക്കുമിഷ്ടമല്ല. നിസ്സഹായരായ സ്ത്രീകളോടാണ് അങ്ങനെയുള്ള പുരുഷൻമാർക്ക് താത്പര്യം. സ്വന്തമായ അഭിപ്രായങ്ങളുള്ള, ജോലിയുള്ള, സ്വന്തം കരിയറിനോട് പ്രതിജ്ഞാബദ്ധരായ, ശക്തരായ സ്ത്രീകളോട് അവർക്ക് വെറുപ്പാണ്. അവർക്ക് സ്ത്രീകളുടെ മേൽ അധികാരം വേണം. എല്ലാ പുരുഷൻമാരെയും കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. പക്ഷേ സമൂഹത്തിലെ 95 ശതമാനം പേരും അങ്ങനെയാണെന്ന് ഞാൻ കരുതുന്നു. വിവാദമുണ്ടാക്കാൻ വേണ്ടി ഞാൻ പറയുന്ന കാര്യമല്ലിത്. പകരം എന്റെ വീട്ടിൽനിന്നും സമൂഹത്തിൽനിന്നും ഞാൻ നിരീക്ഷിച്ച് മനസ്സിലാക്കിയ കാര്യമാണ്''. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് നീന തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.

അതിനൊപ്പം വിവാഹം വരെ ചെന്നെത്തിയ തന്റെ ഒരു ബന്ധത്തെക്കുറിച്ചും നീന ഈ അഭിമുഖത്തിൽ വെളിപ്പെടുത്തി. ''ഒരിക്കൽ എന്റെ വിവാഹനിശ്ചയം വരെ കഴിഞ്ഞതായിരുന്നു. ഞങ്ങൾ പരസ്പരം മോതിരമിട്ടു. അതുകഴിഞ്ഞ് ഞാൻ വിവാഹവസ്ത്രം വാങ്ങാൻ ഡൽഹിയിലേക്ക് പോയി. അപ്പോഴാണ് അയാളെന്നെ വിളിക്കുന്നത്, 'ഇപ്പോൾ വിവാഹം കഴിക്കേണ്ട'. കാര്യമെന്താണെന്ന് കുറേ തവണ ഞാൻ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. സൈനസിന്റെ ശസ്ത്രക്രിയയാണ് ഒടുവിൽ കാരണമായി പറഞ്ഞത്. ആറുമാസങ്ങൾക്കുശേഷം അയാൾ വീണ്ടും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വന്നു. ഞാനയാളെ അതുപോലെ തിരിച്ചോടിച്ചു. ഇന്നും ആ വിവാഹം മുടങ്ങിയതിന്റെ കാരണമെനിക്കറിയില്ല'', നീന പറയുന്നു.

മെട്രോ ഇൻ ദിനോ, തൂ മേരി മേം തേരാ മേം തേരാ തൂ മേരി എന്നീ ചിത്രങ്ങളാണ് നീനയുടേതായി അവസാനമിറങ്ങിയത്. വധ് 2 എന്ന സിനിമയാണ് ഇനി റിലീസാവാനിരിക്കുന്നത്. മലയാളത്തിൽ '1000 ബേബീസ്' എന്ന സീരീസിലും അവർ ശക്തമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Neena Gupta reveals why most men prefer submissive partners, sharing a personal story of a wedding cancelled without a clear reason