‘ഞാൻ പൂർണമായും എന്നിലേക്ക് ഒതുങ്ങിപ്പോയി’; മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ കാരണം വ്യക്തമാക്കി നസ്രിയ

നസ്രിയ നസീം/Instagram
നസ്രിയ നസീം/Instagram

'സന്തോഷവതിയായ നസ്രിയയ്ക്ക് എങ്ങനെയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുക?' ഒരുപക്ഷേ നസ്രിയ നസീമിന്റെ ആരാധകരിൽ പലർക്കും ഈ സംശയമുണ്ടായിക്കാണും. എപ്പോഴും ചുറുചുറുക്കോടെയും ചിരിയോടെയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരത്തെ പെട്ടെന്ന് കാണാതായപ്പോൾ ആരാധകരും സുഹൃത്തുക്കളും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. 2025 ഏപ്രിലിൽ, മാസങ്ങളായി താൻ കടന്നുപോയിക്കൊണ്ടിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് നസ്രിയ തുറന്നുപറഞ്ഞപ്പോൾ സിനിമാലോകത്തും ആരാധകർക്കിടയിലും അത് വലിയ ചർച്ചയായിരുന്നു. എന്നാൽ ആ കുറിപ്പ് പങ്കുവച്ചതിൽ പിന്നീട് പലരും നസ്രിയയോട് അതൃപ്തി പ്രകടിപ്പിച്ചു. 'ഇതൊന്നും തുറന്നുപറയേണ്ടിയിരുന്നില്ല' എന്ന് പലരും പറഞ്ഞതായി നസ്രിയ പറയുന്നു. ഇപ്പോഴിതാ, ഒരു വർഷത്തിലേറെ പിന്നിട്ടപ്പോൾ, അന്ന് അത്തരമൊരു കുറിപ്പ് പങ്കുവയ്ക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

“എന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള കുറിപ്പ് വന്നതിനുശേഷം അത് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്ന് പലരും എന്നോട് പറഞ്ഞു. പക്ഷേ അത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല,” നസ്രിയ പറഞ്ഞു. 'വെറൈറ്റി ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ച ശേഷമാണ് തന്റെ അനുഭവങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും നസ്രിയ വ്യക്തമാക്കി.

“ഞാൻ എപ്പോഴും വളരെ തുറന്നമനസ്സുള്ള വ്യക്തിയാണ്. അതുകൊണ്ട് എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവരോട് പറയുന്നതാണ് ശരിയെന്ന് തോന്നി. ഞാൻ കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നതിലൂടെ, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് 'പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണ്' എന്നൊരു തോന്നൽ നൽകാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്നും എന്റെ സുഹൃത്തുക്കൾ എന്നെ നോക്കി അത്ഭുതപ്പെടാറുണ്ട്. ഞാൻ ഇത്രയും ചുറുചുറുക്കുള്ള ആളായിരുന്നല്ലോ, പിന്നെ എങ്ങനെയാണ് മാനസികാരോഗ്യ പ്രശ്‌നമുണ്ടായത് എന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ ഏറ്റവും സന്തോഷവാന്മാരായ ആളുകൾക്കും അവരുടെ താഴ്ന്ന ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. അതിൽ അസ്വാഭാവികമായി ഒന്നുമില്ല,” നസ്രിയ പറഞ്ഞു.

2025 ഏപ്രിൽ 16-നാണ് നസ്രിയ സോഷ്യൽ മീഡിയയിൽ തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മാസങ്ങളായി വൈകാരികമായും വ്യക്തിപരമായും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്നും അതുകൊണ്ടുതന്നെ പൊതുജീവിതത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകന്നുനിന്നെന്നും താരം അന്ന് വെളിപ്പെടുത്തി. തന്റെ 30-ാം പിറന്നാളും പുതുവത്സരാഘോഷവും 'സൂക്ഷ്മദർശിനി' എന്ന സിനിമയുടെ വിജയാഘോഷവുമെല്ലാം നഷ്ടമായതായി നസ്രിയ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ നിന്ന് മാത്രമല്ല, സുഹൃത്തുക്കളിൽനിന്നും സഹപ്രവർത്തകരിൽനിന്നും പോലും നസ്രിയ അകന്നുനിന്നു. ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതും മെസേജുകളോട് പ്രതികരിക്കാതിരുന്നതും സുഹൃത്തുക്കളെ ആശങ്കപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് താൻ അപ്രത്യക്ഷയായതെന്ന് വിശദീകരിക്കാനാകാതിരുന്നതിൽ സുഹൃത്തുക്കളോടും ജോലി ആവശ്യങ്ങൾക്കായി തന്നെ ബന്ധപ്പെട്ട സഹപ്രവർത്തകരോടും നസ്രിയ അന്ന് ക്ഷമ ചോദിക്കുകയും ചെയ്തു.

''ഞാൻ പൂർണമായും അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നു,'' എന്നാണ് അന്ന് നസ്രിയ പറഞ്ഞത്. അതൊരു ബുദ്ധിമുട്ടേറിയ യാത്രയായിരുന്നുവെന്നും ഓരോ ദിവസവും സുഖം പ്രാപിക്കാനും മുന്നോട്ടുപോകാനും ശ്രമിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. പൂർണമായി തിരിച്ചെത്താൻ കുറച്ചുകൂടി സമയം ആവശ്യമായി വരുമെന്നും, എന്നാൽ തിരിച്ചുവരവിന്റെ പാതയിലാണെന്നും നസ്രിയ ആരാധകരോട് പറഞ്ഞിരുന്നു.

കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും തന്റെ അഭാവത്തിന് ഒരു വിശദീകരണം നൽകണമെന്ന് തോന്നിയതുകൊണ്ടാണ് അന്ന് ആ കുറിപ്പ് എഴുതിയതെന്നും നസ്രിയ പിന്നീട് വ്യക്തമാക്കി. ഇത്തവണയും തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു താരമെന്ന നിലയിലല്ല, ഒരു മനുഷ്യനെന്ന നിലയിലാണ് താൻ അതിനെ സമീപിച്ചതെന്നും അവർ പറയുന്നു. സ്വന്തം യഥാർഥ വികാരങ്ങൾ തുറന്നുകാട്ടിയത് വലിയ ആശ്വാസമായിരുന്നുവെന്നും ആരാധകരോട് സത്യസന്ധത പുലർത്താൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും നസ്രിയ വ്യക്തമാക്കി.

ചെറിയ ഇടവേളയ്ക്കുശേഷം സിനിമയിലേക്കും നസ്രിയ തിരിച്ചെത്തുകയാണ്. സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവുമാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. അതേസമയം, മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ തന്റെ തീരുമാനം ഇന്നും നസ്രിയയ്ക്ക് തെറ്റായി തോന്നുന്നില്ല. കാരണം, സന്തോഷത്തോടെ ചിരിക്കുന്ന ഒരാളുടെ ഉള്ളിലും ചിലപ്പോൾ വലിയ പോരാട്ടങ്ങൾ നടക്കുന്നുണ്ടാകാം. അത് പറയാൻ മടിക്കേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് നസ്രിയയുടെ വാക്കുകൾ നൽകുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi