'ഒരു മണിക്കൂറിന് നിങ്ങളുടെ റേറ്റ് എത്രയാണെന്നുപോലും ചിലർ ചോദിച്ചു, ഇതൊക്കെ എന്നെ വല്ലാതെ ബാധിച്ചു'

രണ്ട് പതിറ്റാണ്ടായി മറാത്തി, ഹിന്ദി സിനിമകളിൽ സജീവമായ താരമാണ് ഗിരിജ ഓക്ക് ഗോഡ്ബോലെ. എന്നാൽ, ഇക്കഴിഞ്ഞ ദിവസമാണ് അവർ സോഷ്യൽമീഡിയയിൽ പെട്ടെന്ന് വൈറലായത്. ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ,അടുത്തിടെ നടന്ന അഭിമുഖത്തിൽ നിന്നുള്ള ക്ലിപ്പ് അവരെ 'നാഷണൽ ക്രഷ്' ആക്കിമാറ്റി. അമേരിക്കൻ നടി സിഡ്‌നി സ്വീനി, ഇറ്റാലിയൻ മോഡൽ മോണിക്ക ബെലൂച്ചി എന്നിവരോടാണ് അവരെ ആരാധകർ താരതമ്യപ്പെടുത്തിയത്.
അതിനെക്കുറിച്ച് ഗിരിജ പറഞ്ഞതിങ്ങനെ, ''ഞാൻ പ്രായവും പക്വതയും ഉള്ള ഒരാളെപ്പോലെ സംസാരിക്കുകയാണെന്ന് തോന്നിയേക്കാം, പക്ഷേ ഇതൊരു ട്രെൻഡ് മാത്രമാണ്,അത് വരും പോകും. ഞാൻ ചെയ്യുന്ന ജോലി ഇവിടെത്തന്നെ നിലനിൽക്കും. ആളുകൾ എന്റെ സൃഷ്ടികളെ ഇപ്പോൾ കണ്ടെത്തുകയാണെങ്കിൽ, അത് എന്നെ സന്തോഷിപ്പിക്കുന്നു.'' 25 വർഷത്തോളമായി താൻ സിനിമാമേഖലയിലുണ്ടെന്നും ഇപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ അതിനെ പക്വതയോടെ മാത്രമേ സമീപിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. ''അതിനുശേഷം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് ആരോ ചോദിച്ചു. ഞാൻ പറഞ്ഞു, ഇല്ല, എനിക്ക് സിനിമയിലേക്ക് അധിക ഓഫറുകളൊന്നും ലഭിക്കുന്നില്ല''.
പെട്ടെന്നുണ്ടായ പ്രശസ്തിക്കുപിന്നിലെ മോശം വശങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഗിരിജ. സോഷ്യൽമീഡിയയിലൂടെ അസ്വസ്ഥയാക്കുന്ന പല മെസേജുകളും തനിക്ക് ലഭിക്കുന്നുവെന്ന് അവർ പറയുന്നു. ''എനിക്കൊരു അവസരം തരൂ, നിങ്ങൾക്കുവേണ്ടി എന്തും ചെയ്യാം എന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാൾ എന്റെ റേറ്റ് പോലും ചോദിച്ചു. നിങ്ങളോടൊപ്പം ഒരു മണിക്കൂർ ചെലവഴിക്കാൻ എത്രയാണ് റേറ്റ് എന്നാണ് അയാൾ ചോദിച്ചത്. അത്തരം ഒരുപാട് മെസേജുകളുണ്ട്. ഇതേ ആളുകൾ എന്നെ നേരിട്ടുകണ്ടാൽ, മുഖത്തേക്ക് പോലും നോക്കില്ല. ഒരു മൂടുപടത്തിന് പിന്നിൽ, ആളുകൾ എന്തും പറയും. നിങ്ങളുടെ മുന്നിൽ, അവർ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നു. ഈ സൈബറിടത്തെ നമ്മൾ എത്ര സീരിയസായി എടുക്കണമെന്നതിനെക്കുറിച്ച് ഒരു ചർച്ചയാവാം'', ഗിരിജ അഭിപ്രായപ്പെടുന്നു.
''ഇതൊന്നും എന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാൽ കള്ളമായിരിക്കും. കാരണം ഞാനുമൊരു മനുഷ്യനാണ്. പക്ഷേ, ഇതെല്ലാം മറികടക്കുകയും അത് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ കണ്ടെത്തുകയും വേണം. പുരുഷൻമാർ എനിക്ക് അവകാശത്തോടെ മെസേജ് അയക്കുന്നതാണ് എന്നെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത്''.
'ഇൻസ്‌പെക്ടർ ഷെൻഡെ' എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയിലാണ് ഗിരിജ അവസാനമായി അഭിനയിച്ചത്. ഗുൽഷൻ ദേവയ്യക്കൊപ്പം 'തെറാപ്പി ഷെറാപ്പി' എന്ന വെബ് സീരീസിലാണ് അടുത്തതായി ഗിരിജ അഭിനയിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Marathi & Hindi actress Girija Oak Godbole, viral `National Crush,` discusses unsettling messages & online harassment she faces despite 20+ years in film