സിനിമാ-ടെലിവിഷൻ പാർട്ടികളിൽ മയക്കുമരുന്നിന് പ്രത്യേക ബജറ്റ്; നടി നാരായണി ശാസ്ത്രിയുടെ വെളിപ്പെടുത്തൽ

ടെലിവിഷൻ-വിനോദരംഗത്ത് മയക്കുമരുന്ന് ഉപയോഗം സാധാരണമായിമാറുന്നുവെന്ന് വെളിപ്പെടുത്തി നടി നാരായണി ശാസ്ത്രി. കൊക്കെയ്‌നും എംഡിഎംഎയും (MDMA) പോലുള്ള മയക്കുമരുന്നുകൾ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്നതായി താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, ഇതാണ് വർഷങ്ങൾക്കുമുമ്പ് പാർട്ടികളിൽ പോകുന്നത് അവസാനിപ്പിക്കാൻ കാരണമായതെന്നും അവർ പറഞ്ഞു. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് നാരായണിയുടെ തുറന്നുപറച്ചിൽ. മുമ്പ് സിനിമാ-ടെലിവിഷൻ പാർട്ടികളിൽ മദ്യത്തിനായിരുന്നു പ്രത്യേക ബജറ്റ് നീക്കിവെച്ചിരുന്നതെങ്കിൽ, ഇപ്പോൾ മയക്കുമരുന്നിനായാണ് പ്രത്യേക ബജറ്റ് മാറ്റിവെക്കുന്നതെന്ന് അവർ ആരോപിച്ചു.
“മുമ്പ് പാർട്ടികളിൽ മദ്യത്തിനായിരുന്നു ബജറ്റ്. ഇപ്പോൾ മയക്കുമരുന്നിനായി. ഇത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അതുകൊണ്ടാണ് വർഷങ്ങൾക്കുമുമ്പ് പാർട്ടികളിൽ പോകുന്നത് നിർത്തിയത്. ഇന്നത്തെ പാർട്ടികൾ നൃത്തത്തിനോ ആഘോഷത്തിനോ വേണ്ടിയല്ല, മറ്റെന്തോ ലക്ഷ്യത്തോടെയാണ് നടത്തുന്നത്”, നാരായണി പറഞ്ഞു.
ഏത് തരത്തിലുള്ള മയക്കുമരുന്നുകളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന ചോദ്യത്തിന് ‘കൊക്കെയ്‌നും എംഡിഎംഎയും സാധാരണമാണ്’ എന്നായിരുന്നു അവരുടെ മറുപടി. വലിയ പാർട്ടികളിൽ ഇത് പരസ്യമായി നടക്കാറില്ലെങ്കിലും, ചെറിയ സ്വകാര്യ സംഗമങ്ങളിൽ എല്ലാവർക്കും പരസ്പരം ആരൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
താനും ജീവിതത്തിൽ ഒരിക്കൽ മയക്കുമരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്ന് നാരായണി സമ്മതിച്ചു. എന്നാൽ കൗതുകം കൊണ്ടുമാത്രമാണ് അത് ചെയ്തതെന്നും, ഒരുതവണ മാത്രം ഉപയോഗിച്ചതിനാൽ ഒരിക്കലും അതിന് അടിമയായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
“ജീവിതത്തിൽ പല കാര്യങ്ങളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. അത് എന്താണ് അനുഭവമെന്ന് അറിയാനായിരുന്നു. പക്ഷേ അതൊന്നും ശീലമായില്ല,” അവർ പറഞ്ഞു. ഒരിക്കൽ മാത്രം മദ്യം കഴിച്ചതായും, ആരെങ്കിലും പാനീയത്തിൽ മദ്യം കലർത്തിയാൽ അതിന്റെ അനുഭവം തിരിച്ചറിയാൻ വേണ്ടിയായിരുന്നു അതെന്നും അവർ വ്യക്തമാക്കി.
ഷൂട്ടിങ് സെറ്റുകളിലും മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്’ എന്നായിരുന്നു നാരായണിയുടെ മറുപടി. ലഹരിയുടെ സ്വാധീനത്തിൽ അഭിനയിക്കാൻ പോലും കഴിയാത്ത നിലയിലായതുകൊണ്ട് ഷൂട്ടിങ് വൈകുകയോ റദ്ദാകുകയോ ചെയ്ത സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ഒരിക്കൽ നാല് മണിക്കൂർ ഷൂട്ടിനായി കാത്തിരുന്നു. എന്നാൽ പ്രധാന നടന് നിൽക്കാൻപോലും കഴിയാത്ത അവസ്ഥയായിരുന്നു. അത്തരം സാഹചര്യങ്ങളിൽ നിർമാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ്. നടനെ മാറ്റിയാൽ പരമ്പരയും കഥാപാത്രവും ബാധിക്കും. അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും കുടുംബാംഗങ്ങളുടെ സഹായം തേടേണ്ടിവരും,” നാരായണി വെളിപ്പെടുത്തി. അതേസമയം, താൻ ആരുടെയും പേര് പറയുന്നില്ലെന്നും, വ്യക്തികളെ ലക്ഷ്യമിട്ടല്ല ഈ പരാമർശങ്ങളെന്നും നാരായണി വ്യക്തമാക്കി.
ഡിഡിയിലെ ‘കഹാനി സാത് ഫേരോം കി’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ നാരായണി ശാസ്ത്രി, ക്യോം കി സാസ് ഭി കഭി ബഹു ഥി, കോയി അപ്നാ സാ, കുസും, പിയാ കാ ഘർ, മംത, രിഷ്‌തോം കാ ചക്രവ്യൂഹ് തുടങ്ങിയ ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധനേടിയത്. നാച്ച് ബലിയേ എന്ന റിയാലിറ്റി ഷോയിലും അവർ പങ്കെടുത്തിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: narayani-shastri-reveals-drug-use-in-entertainment-industry-parties