നാഗചൈതന്യ-ശോഭിത വിവാഹം നടന്നത് ഇവിടെവെച്ച്; രാജ്യത്തെ വലിയ സ്റ്റുഡിയോകളിലൊന്ന്

ശോഭിതയും നാഗചൈതന്യയും നാഗാര്‍ജുനയ്‌ക്കൊപ്പം / instagram
ശോഭിതയും നാഗചൈതന്യയും നാഗാര്‍ജുനയ്‌ക്കൊപ്പം / instagram

നാഗചൈനത്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം ഇന്നലെയാണ് കഴിഞ്ഞത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോസില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ആദ്യം ഒട്ടേറെ വേദികളെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നുവെങ്കിലും, ഒടുവില്‍ അന്നപൂര്‍ണ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

അക്കിനേനി കുടുംബവുമായി ഏറെ വൈകാരികബന്ധമുള്ളതാണ് അന്നപൂര്‍ണ സ്റ്റുഡിയോസ്. അക്കിനേനി നാഗേശ്വര റാവുവാണ് ബഞ്ചാര ഹില്‍സില്‍ ഈ സ്റ്റുഡിയോ തുടങ്ങുന്നത്. 1970-കള്‍ വരെ മദ്രാസിലായിരുന്നു തെലുഗുസിനിമ ചിത്രീകരിച്ചിരുന്നത്. തെലുഗുസിനിമയെ ആന്ധ്രയിലേക്ക് കൊണ്ടുവരുന്നതില്‍ നാഗേശ്വരറാവു വലിയ പങ്കുവഹിച്ചു. 70-കളില്‍ അദ്ദേഹം തന്റെ സിനിമകളെല്ലാം ആന്ധ്രയില്‍ തന്നെ ചിത്രീകരിച്ചുതുടങ്ങി. ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമായി. ആന്ധ്രയില്‍ ഷൂട്ട് ചെയ്യുന്ന സിനിമകളില്‍ മാത്രമേ താന്‍ അഭിനയിക്കൂവെന്ന് അദ്ദേഹം നിലപാടെടുത്തു. അതിന് നിര്‍മാതാക്കള്‍ വഴങ്ങുകയും ചെയ്തു. അങ്ങനെ പതുക്കെ മദ്രാസില്‍നിന്ന് മാറി. 

1976-ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ബഞ്ചാര ഹില്‍സില്‍ 22 ഏക്കര്‍ സ്ഥലം നാഗേശ്വര റാവുവിന് നല്‍കി. ഏക്കറിന് 7500 മുതല്‍ 8000 വരെ രൂപയ്ക്കാണത്രേ സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ആകെ ചെലവായത് 1.5 ലക്ഷം മുതല്‍ 1.8 ലക്ഷം വരെ. ഫിലിം സ്റ്റുഡിയോ നിര്‍മിക്കുക, തെലുഗുസിനിമയെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം. വളരെ പെട്ടെന്ന് തന്നെ അവിടെ സ്റ്റുഡിയോ നിര്‍മിച്ചു. നാഗേശ്വരറാവു തന്നെ നായകനായ 'സെക്രട്ടറി' എന്ന സിനിമയാണ് ഇവിടെ ആദ്യമായി ചിത്രീകരിക്കുന്നത്. ഇതൊരു വലിയ മാറ്റമായിരുന്നു. അതിനുശേഷം 60-ഓളം തെലുഗു സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തു. ഇന്ന് ഏക്കറിന് 30 കോടി രൂപയോളം വിലയാണ് ഈ ഭൂമിക്കുള്ളത്. 

സ്റ്റുഡിയോയുടെ ഉള്‍വശം

നാഗേശ്വരറാവുവിന്റെ മകന്‍ നാഗാര്‍ജുനയുടെ കൈവശമാണ് ഇപ്പോള്‍ ഈ സ്റ്റുഡിയോ ഉള്ളത്. സൗണ്ട് മിക്‌സിങ്, ഡബ്ബിങ്, അനിമേഷന്‍, എഡിറ്റിങ്, ഔട്ട്‌ഡോര്‍ സെറ്റ്, സ്‌ക്രീനിങ് തിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നിലവില്‍ ഇവിടെയുണ്ട്. 

2015-ല്‍ ഇതിനെ ചുറ്റിപ്പറ്റി ചില വിവാദങ്ങളുണ്ടായിരുന്നു. സംസ്ഥാനം വിഭജിക്കപ്പെട്ടശേഷം, റോഡ് വികസനത്തിനായി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന കുറച്ച് സ്ഥലം ഏറ്റെടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, സ്റ്റുഡിയോ മാനേജ്‌മെന്റ് ഇതിനെ എതിര്‍ത്തു. സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ അതിന് അനുസൃതമായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, 1975-ല്‍ തുച്ഛമായ തുകയ്ക്കാണ് ഭൂമി നല്‍കിയതെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞു. അത് തെലുഗുസിനിമയുടെ വികസനത്തിനായിരുന്നുവെന്നും മദ്രാസില്‍നിന്ന് ഹൈദരാബാദിലേക്ക് സിനിമ മാറിയതോടെ സര്‍ക്കാരിന് വലിയ തുകയാണ് നികുതിയിനത്തില്‍ കിട്ടുന്നതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്തായാലും ഒടുവില്‍ മാനേജ്‌മെന്റ് സ്ഥലം വിട്ടുനല്‍കി, പ്രശ്‌നം അവസാനിപ്പിച്ചു.  

നാഗചൈതന്യയുടെ കുടുംബവുമായി അത്ര ബന്ധമുള്ളതുകൊണ്ടാണ് തങ്ങളുടെ വിവാഹം അവിടെവെച്ചു നടത്താന്‍ നാഗചൈതന്യയും ശോഭിതയും തീരുമാനിച്ചത്. ഈ വിവാഹത്തോടെ, രാജ്യത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിലൊന്നായ അന്നപൂര്‍ണയും വാര്‍ത്തകളില്‍ നിറയുന്നു. 


 

Content Highlights: naga chaitanya and sobhita dhulipala wedding venue