റിസ്‌കിനെ ഭയക്കേണ്ട, വൈവിധ്യവത്കരിച്ച് നേട്ടമുണ്ടാക്കാം

#ഡോ. ആന്റണി സി ഡേവിസ്‌
പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

പണം നഷ്ടപ്പെടുമോയെന്ന ഭയമാണ് ബിജു തോമസിനെ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്. സ്ഥിരനിക്ഷേപം ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ആസ്തികള്‍ക്കും വ്യത്യസ്ത അളവില്‍ റിസ്‌ക് ഉണ്ടെന്ന് വിശദീകരിച്ചപ്പോഴാണ് പരീക്ഷണത്തിനിറങ്ങാന്‍ തയ്യാറായത്.
വൈവിധ്യവത്കരണത്തിലൂടെ റിസ്‌ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഓഹരിയില്‍ മാത്രം നിക്ഷേപിക്കാതെ, ബാങ്ക് എഫ്ഡി, സ്വര്‍ണം ഉള്‍പ്പടെയുള്ള ആസ്തികളില്‍ നിക്ഷേപം ക്രമീകരിച്ച് പരമാവധി നേട്ടമുണ്ടാക്കാനാണ് പ്ലാന്‍.

വൈവിധ്യവത്കരണം
വളരെക്കുറവ് റിസ്‌കും സ്ഥിരതയുള്ള നേട്ടവും എഫ്ഡിയുടെ സവിശേഷതയാണ്. ഓഹരി നിക്ഷേപത്തില്‍ നഷ്ടം സംഭവിച്ചേക്കാം. അതേസമയം ഉയര്‍ന്ന നേട്ടവും ലഭിക്കാം. ഇവ രണ്ടും ഒരുപോലെ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാന്‍ വൈവിധ്യവത്കരണത്തിലൂടെ കഴിയും.  
ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുവേണം പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാന്‍. റിസ്‌ക് കുറഞ്ഞ സ്ഥിര നിക്ഷേപ(എഫ്ഡി. കടപ്പത്രങ്ങള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍)ങ്ങള്‍ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി ക്രമീകരിക്കാം. ഓഹരി, സ്വര്‍ണം ഉള്‍പ്പടെയുള്ളവ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുമായി നീക്കിവെയ്ക്കാം.
 
ചാഞ്ചാട്ടത്തെ മറികടക്കാം
അസ്ഥിരമായ വിപണിയില്‍നിന്ന് വൈവിധ്യവത്കരണത്തിലൂടെ ദീര്‍ഘകാലയളവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. പെട്ടെന്ന് ലാഭമുണ്ടാക്കുകയെന്നതല്ല ഓഹരിയിലെ നിക്ഷേപ ലക്ഷ്യമെന്ന് ആദ്യമേ തീരുമാനിക്കുക. അഞ്ച് വര്‍ഷത്തിനപ്പുറമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മാത്രം ഓഹരിയില്‍ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക. തുടക്കക്കാരാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപം നടത്തുന്നതാകും ഉചിതം.

ഓഹരിയിലും സ്ഥിരനിക്ഷേപത്തിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപം ക്രമീകരിക്കാം. ഉദാഹരണത്തിന്, 30-40 വയസ്സാണ് പ്രായമെങ്കില്‍ മൊത്തം ആസ്തിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയില്‍ വകയിരുത്താം. 30 മുതല്‍ 40 ശതമാനംവരെ സ്ഥിര നിക്ഷേപത്തിലും 10 ശതമാനം സ്വര്‍ണത്തിലും കരുതിവെയ്ക്കാം. ഹ്രസ്വദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍കൂടി പരിഗണിച്ചായിരിക്കണം ഈ തരംതിരിക്കല്‍.
 
വൈകാരികമാകരുത് തീരുമാനം
നിക്ഷേപലക്ഷ്യം, കാലയളവ്, റിസ്‌ക് സാധ്യത എന്നിവ അടിസ്ഥാനമാക്കി പോര്‍ട്ട്‌ഫോളിയോ പരിപാലിച്ചാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങളെടുക്കേണ്ടി വരില്ല. എല്ലാ പണവും ഓഹരിയില്‍ നിക്ഷേപിക്കുന്നതല്ലേ കൂടുതല്‍ നേട്ടമെന്ന് തോന്നിയാലും നേരത്തെ നിശ്ചയിച്ചിട്ടുള്ള ആസ്തി വിഹിതത്തില്‍ എക്കാലവും ഉറച്ചുനില്‍ക്കാന്‍ ശ്രദ്ധിക്കണം.സാമ്പത്തിക ലക്ഷ്യങ്ങള്‍ വിജയകരമായി വേഗത്തില്‍ സാക്ഷാത്ക്കരിക്കാന്‍ വിലക്കയറ്റത്തേക്കാള്‍ റിട്ടേണ്‍ ലഭിക്കുന്ന ആസ്തിയില്‍ നിക്ഷേപിക്കാം. മറിച്ചാണെങ്കില്‍ എത്ര നിക്ഷേപിച്ചാലും ഭാവിയില്‍ ആവശ്യമുള്ള തുകയിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ എത്താന്‍ കഴിയില്ല.

ദീര്‍ഘകാലയളവില്‍ റിസ്‌ക് കുറയ്ക്കാനും ചിട്ടയോടെ നിക്ഷേപിക്കാനും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപിയാണ് മികച്ചത്.
പെട്ടെന്ന് ആവശ്യം വന്നാല്‍ സ്ഥിര നിക്ഷേപത്തില്‍നിന്ന് തുകയെടുക്കാം. ഓഹരിയില്‍ നിന്ന് മികച്ച നേട്ടം ലഭിക്കുമ്പോള്‍ അന്ന് പിന്‍വലിച്ച തുക ലാഭമെടുത്ത് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാം. വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപം ക്രമീകരിച്ച് ഇപ്രകാരം റിസ്‌കിനെ മറികടക്കാം.
 

Content Highlights: mutual fund fixed deposit mutual fund fixed income plan