റീലുകള്‍ കണ്ട് പ്രണയമായി; 80-കാരനെ വിവാഹം ചെയ്ത് 34-കാരി

80-കാരന്റെ ഇന്‍സ്റ്റഗ്രാം റീലുകളോട് ആരാധന തോന്നിയ 34-കാരി ഒടുവില്‍ അദ്ദേഹത്തെ വിവാഹം ചെയ്തു. മധ്യപ്രദേശിലെ ആഗര്‍ മാല്‍വാ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല എന്ന യുവതിയും മധ്യപ്രദേശിലെ മഗരിയായില്‍ നിന്നുള്ള ബാലുറാം എന്നയാളുമാണ് തിങ്കളാഴ്ച വിവാഹിതരായത്. സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് ബാലുറാം. ഇന്‍സ്റ്റഗ്രാമില്‍ തമാശവീഡിയോകള്‍ പോസ്റ്റുചെയ്ത് വൈറലാവാറുള്ള ബാലുറാമിന് സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുണ്ട്.
ഏകദേശം നൂറോളം വീടുകള്‍ മാത്രമുള്ള മഗരിയ എന്ന ചെറുഗ്രാമത്തിലാണ് ബാലുറാം കഴിയുന്നത്. ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. എല്ലാവരും വിവാഹിതരായി മാറിത്താമസിക്കുന്നു. ബാലുറാമിന്റെ ഭാര്യ രോഗബാധിതയായി നേരത്തേ മരിച്ചിരുന്നു. ഏകാന്തജീവിതവും കടബാധ്യതയുമെല്ലാം തളര്‍ത്തിയതോടെ കടുത്ത വിഷാദരോഗത്തിലൂടെ അദ്ദേഹം കടന്നുപോകാനിടയായി. ആരോഗ്യവും മോശമായി.
ഈ സമയം സമീപത്തെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജര്‍ എന്നയാള്‍ സഹായത്തിനെത്തി. അദ്ദേഹത്തെ മാനസികമായി ഒന്നുണര്‍ത്താന്‍ വേണ്ടി വീഡിയോ ചെയ്യാമെന്ന് ഗുജ്ജര്‍ പറഞ്ഞു. വൈകാതെ ബാലുറാം തമാശ പറയുന്ന വീഡിയോ എടുത്ത് റീലാക്കി വിഷ്ണു പോസ്റ്റുചെയ്തു. റീല്‍ വളരെവേഗം വൈറലായി. ഇരുവരും ചേര്‍ന്ന് വീണ്ടും ധാരാളം കോമഡി വീഡിയോകളുണ്ടാക്കി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു. അതെല്ലാം വൈറലാവുകയും ചെയ്തു.
ഇരുവരും വൈകാതെ ഗ്രാമത്തില്‍ ചര്‍ച്ചയായി. 'ബാലു ബാ' എന്ന പേരില്‍ സമീപപ്രദേശങ്ങളിലെല്ലാം അറിയപ്പെട്ട ബാലുറാമിന്റെ നിരാശകള്‍ക്ക് അല്‍പം അറുതിയായെന്നു പറയാം. വിഷമങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പതിയെ പുറത്തുവന്നു. കുറച്ചുമാസങ്ങള്‍കൊണ്ട് ഫോളോവര്‍മാരുടെ എണ്ണം ആയിരങ്ങളായി.
ബാലുറാമിന്റെ വീഡിയോകളില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിടത്താണ് കഥമാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈകാതെ ഇരുവരും ചാറ്റിങ് തുടങ്ങി. ബാലുറാമിനുവേണ്ടി സുഹൃത്ത് വിഷ്ണുവാണ് സംഭാഷണങ്ങളെല്ലാം ടൈപ്പ് ചെയ്തു നല്‍കിയത്, അദ്ദേഹത്തിന് ഫോണ്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഷീല ബാലുറാമുമായി വൈകാതെ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരാവാന്‍ ആഗ്രഹിക്കുകയായിരുന്നു. ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത ഷീലയും ബാലുറാമും ശേഷം ഹിന്ദു ആചാരപ്രകാരം അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചും വിവാഹിതരായി.
Content Highlights: MP Man, 80, Marries 34-year-old Woman He Met On Social Media