ആലുവയില്‍ അന്ന് അര്‍ധരാത്രി നടന്ന കൂട്ടക്കൊല; മരിച്ചത് ആറുപേരാണ്

ആലുവ കൂട്ടക്കൊല
ആലുവ കൂട്ടക്കൊല

ആലുവ പൈപ്പ് ലൈന്‍ റോഡിലുള്ള ആ കൂട്ടക്കൊലപാതകം പുറംലോകമറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. പോലീസെത്തി വീടിനകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മുന്‍വശത്തെ മുറിയിലും അടുക്കളയിലും രക്തം തളംകെട്ടിക്കിടക്കുകയാണ്. രണ്ടുസ്ത്രീകള്‍ അടുക്കളയില്‍ മരിച്ചുകിടക്കുന്നു. ഒരു പുരുഷനും സ്ത്രീയും രണ്ടുകുട്ടികളും മുന്‍വശത്തുള്ള മുറികളിലും. ഒരാള്‍ ശ്വാസംമുട്ടി മരിച്ചനിലയിലാണ്. ആറുപേര്‍ക്കും വെട്ടേറ്റ നിലയിലായിരുന്നു. 

2001 ജനുവരി ആറിന്, അര്‍ധരാത്രിയോടടുപ്പിച്ചായിരുന്നു സംഭവം. പക്ഷേ ഏഴാം തീയതി അര്‍ധരാത്രിയാണ് ഈ കൊലപാതകത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത്. അതോടെ കാട്ടുതീ പോലെ വാര്‍ത്ത പരന്നു. നാട്ടുകാരെല്ലാം മാഞ്ഞൂരാന്‍ ഹൗസിലേക്കൊഴുകി. ആ വീട്ടിലെ ഗൃഹനാഥനായ മാഞ്ഞൂരാന്‍ അഗസ്റ്റിന്‍, ഭാര്യ മേരി, മക്കളായ ജോസഫ്, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്.  

അഗസ്റ്റിന്റെ ഭാര്യാസഹോദരന്‍ പകല്‍ കുറേ തവണ അഗസ്റ്റിന്റെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണത്. ആരും ഫോണ്‍ എടുക്കാതിരുന്നപ്പോള്‍, അടുത്തുള്ള വീടുകളിലും വിളിച്ചന്വേഷിച്ചു. എവിടെയെങ്കിലും പോയതായിരിക്കുമെന്ന് അയല്‍ക്കാരും കരുതി. വൈകീട്ട് ഭാര്യാസഹോദരനും മറ്റൊരു ബന്ധുവും വീട്ടിലെത്തി. വാതില്‍ പൂട്ടിയിരുന്നില്ല, തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളും.   

കുടുംബത്തില്‍ ഒരാളെ പോലും അവശേഷിപ്പിക്കാതെയുള്ള കൂട്ടക്കൊലപാതകം. അഗസ്റ്റിന്‍, ബേബി എന്നിവരുടെ മൃതദേഹം കിടന്നതിനു സമീപം ഭിത്തിയില്‍ ചോര കൊണ്ട് അമ്പും വില്ലും വരച്ചുവെച്ചിരുന്നു. വീട്ടില്‍നിന്ന് കൊലചെയ്യാനുപയോഗിച്ചതെന്ന് കരുതുന്ന കോടാലിയും കണ്ടെടുത്തു. ആരുമായും ശത്രുതയില്ലാത്ത കുടുംബമായിരുന്നു അഗസ്റ്റിന്റേത്. അതുകൊണ്ടുതന്നെ വ്യക്തിവൈരാഗ്യത്തിനുള്ള സാധ്യതകളുമില്ലായിരുന്നു. അന്വേഷണം പല വഴിക്കും നീങ്ങി. പക്ഷേ, ഒരു തുമ്പും കിട്ടിയില്ല. 

ഭയന്ന നാളുകള്‍
അതോടെ ആളുകള്‍ ഭീതിയിലായി. ഏതുനിമിഷവും ഇങ്ങനെയൊരു ആക്രമണം തങ്ങളെയും തേടിയെത്തുമെന്ന പേടി. ആളുകള്‍ രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടു. അന്വേഷണം എങ്ങുമെങ്ങുമെത്താതെ ഇഴയുന്നു. അന്വേഷണ ടീം വേറെ പല രീതിയിലും ചിന്തിച്ചു. എന്തായാലും അര്‍ധരാത്രി കഴിഞ്ഞാണ് കൊല നടന്നത്. അതോടെ അര്‍ധരാത്രിയും അതിരാവിലെയുമായി പരിസരപ്രദേശങ്ങളില്‍ പട്രോളിങ് നടത്താന്‍ തുടങ്ങി, സ്ഥിരമായി ആ വഴിപോവുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നുവത്. 

ഒരുദിവസം കുറച്ചുപ്രായമുള്ളൊരു സ്ത്രീയെ കണ്ടു, അവര്‍ പള്ളിയില്‍ പോവാനിറങ്ങിയതാണ്. അവരോട് സംസാരിച്ചതില്‍നിന്നാണ് അന്വേഷണസംഘം, അഗസ്റ്റിന്റെ അടുത്തബന്ധുവായ ആന്റണിയിലേക്കെത്തുന്നത്. ആ വീടുമായി വളരെയേറെ അടുപ്പമുള്ളയാളാണ്. ഇടയ്ക്കിടെ അവിടെ വരാറുമുണ്ട്. അതുകൊണ്ട് അന്വേഷണസംഘത്തിന് ആദ്യം സംശയമൊന്നും തോന്നിയില്ല. ആന്റണിയുടെ വീട്ടിലെത്തി ഭാര്യയോട് സംസാരിച്ചപ്പോള്‍, ആന്റണി സൗദി അറേബ്യയിലെ ദമാമിലേക്ക് പോയെന്നറിഞ്ഞു. വിദേശത്ത് പോകുന്നതിനായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ആന്റണി നേരത്തെ പണം കടംവാങ്ങിയിരുന്നു. ദമാമില്‍ പോവുന്നതിന് തൊട്ടുമുമ്പ് ആ പണമെല്ലാം തിരിച്ചുകൊടുത്തിട്ടുമുണ്ട്. പണം മടക്കിക്കൊടുത്തത് കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസവും. 

അതോടെയാണ് ആന്റണിയിലേക്ക് സംശയം നീളുന്നത്. അയാളെ ചോദ്യം ചെയ്താലേ ഇനി കാര്യമുള്ളൂ. അതിനായി അയാളെ നാട്ടില്‍ വരുത്തണം. ബോംബെയിലുള്ള സ്‌പോണ്‍സര്‍ വഴിയാണ് ആന്റണി വിദേശത്തേക്ക് കടന്നത്. സ്‌പോണ്‍സറോട് കാര്യങ്ങള്‍ പറഞ്ഞ്, അയാള്‍ വഴി ആന്റണിയെ ബോംബെയിലെത്തിച്ചു. 
 

രാക്ഷസരാജാവില്‍നിന്ന്

സത്യങ്ങള്‍ തെളിയുന്നു...
ചോദ്യംചെയ്യലില്‍ ആറുപേരെയും കൊലചെയ്തത് ആന്റണിയാണെന്ന് മനസ്സിലായി. ആ വീട്ടില്‍ സ്ഥിരംസന്ദര്‍ശകനാണയാള്‍. അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി, ആന്റണിയെ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നു. വിദേശത്ത് പോകാനുള്ള തുക നല്‍കി സഹായിക്കാമെന്ന് കൊച്ചുറാണി വാക്ക് നല്‍കിയിരുന്നുവത്രെ. സംഭവദിവസം വൈകീട്ടോടെ ആന്റണി മാഞ്ഞൂരാന്‍ ഹൗസിലെത്തി. അല്പസമയം കഴിഞ്ഞപ്പോള്‍ സെക്കന്‍ഡ് ഷോ കാണാനായി, അഗസ്റ്റിനും ഭാര്യയും മക്കളുമിറങ്ങി. വീട്ടിലുള്ളത് കൊച്ചുറാണിയും അമ്മയും മാത്രം.

കടംതരാമെന്ന് പറഞ്ഞ തുകയെക്കുറിച്ച് ആന്റണി, കൊച്ചുറാണിയോട് ചോദിച്ചു. അക്കാര്യത്തിലുണ്ടായ തര്‍ക്കമാണ് കൊച്ചുറാണിയെ കൊല്ലാനുണ്ടായ കാരണം. അതുകണ്ടുവന്ന അമ്മയെയും കൊലപ്പെടുത്തി. പിന്നെ അഗസ്റ്റിനും കുടുംബവും തിരിച്ചുവരാനുള്ള കാത്തിരിപ്പായി. താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് അഗസ്റ്റിനും കുടുംബത്തിനുമറിയാം. അതുകൊണ്ട് സംശയം സ്വാഭാവികമായും നീളുക തനിക്കുനേരെ ആയിരിക്കുമെന്ന് ആന്റണിക്ക് അറിയാമായിരുന്നു. അതാണ് അഗസ്റ്റിനെയും കുടുംബത്തിനെയും കൊല്ലാനുള്ള കാരണം.

കൊലപാതകത്തിനുശേഷം അഗസ്റ്റിന്റെ കൈയിലുള്ള പണവും മരിച്ചവരുടെ ആഭരണങ്ങളും കൈക്കലാക്കി ആന്റണി തിരിച്ചുപോയി. ആഭരണങ്ങള്‍ ആന്റണി മുംബൈയില്‍ വിറ്റുവെന്ന് പിന്നീട് കണ്ടെത്തി. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും, ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒടുവില്‍ കേസ് സി.ബി.ഐ.ക്ക് കൈമാറി. ആ അന്വേഷണവും എത്തിച്ചേര്‍ന്നത് ആന്റണിയിലാണ്. സാക്ഷികളില്ലെന്നതായിരുന്നു ഈ കേസിന്റെ പ്രത്യേകത. സാഹചര്യത്തെളിവുകളായിരുന്നു കേസ് തെളിയിക്കാന്‍ സഹായിച്ചത്. 

വാദങ്ങള്‍ക്കൊടുവില്‍ 2005 ഫെബ്രുവരിയില്‍ വിചാരണക്കോടതി ആന്റണിക്ക് വധശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതിയും ശരിവെച്ചു. അതോടെ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. കോടതി ആദ്യം വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌തെങ്കിലും പിന്നീട് ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും, അതും തള്ളി. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 

ശേഷം സ്‌ക്രീനില്‍...
ആന്റണി പ്രതിയായതോടെ കുടുംബം വീടും നാടും വിട്ട് എങ്ങോപോയി. മാഞ്ഞൂരാന്‍ ഹൗസ് വര്‍ഷങ്ങളോളം അടഞ്ഞുകിടന്നു. ഇന്ന് ആ സ്ഥലത്ത് മാഞ്ഞൂരാന്‍ ഹൗസില്ല, പകരം വളര്‍ന്ന പൊന്തക്കാട് മാത്രം. എങ്കിലും, ആ വഴിയിലൂടെ കടന്നുപോവുന്നവരുടെ മനസ്സില്‍നിന്ന്, കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മ ഇന്നും വിട്ടുപോയിട്ടില്ല. 

സേതുരാമയ്യര്‍ സി.ബി.ഐ എന്ന സിനിമയിലെ ഒരു രംഗം

ഈ കേസിനെ ആസ്പദമാക്കി രണ്ടുസിനിമകളാണിറങ്ങിയത്. പൂര്‍ണമായും ആലുവ കൂട്ടക്കൊലയല്ല, ആ സിനിമകളുടെ കഥ. സംഭവത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണുള്ളത്. രണ്ടിലും മമ്മൂട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 

കൊലപാതകം നടന്ന അതേവര്‍ഷം ഓഗസ്റ്റിലാണ് ആദ്യസിനിമയായ രാക്ഷസരാജാവ് ഇറങ്ങിയത്. വിനയനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ദിലീപ്, കലാഭവന്‍ മണി, മീന, രാജന്‍ പി.ദേവ്, കാവ്യാ മാധവന്‍ എന്നിവരുമുണ്ട് സിനിമയില്‍. ഒരു വീട്ടില്‍ നടക്കുന്ന കൂട്ടക്കൊലയും ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു നിരപരാധിയുടെ തലയിലാവുന്നതുമൊക്കെയാണ് സിനിമയുടെ കഥ. 

2004-ല്‍ റിലീസായ സേതുരാമയ്യര്‍ സി.ബി.ഐ ആണ് അടുത്തചിത്രം. ഇതിന്റെ പശ്ചാത്തലവും ഒരു വീട്ടില്‍ നടന്ന കൂട്ടക്കൊലയായിരുന്നു. ഏഴുപേരെ കൊന്ന കുറ്റത്തിന്, തൂക്കുകയര്‍ കാത്തുനില്‍ക്കുന്ന ഈശോ അലക്‌സ്. ഒരു കൊലപാതകം താനല്ല നടത്തിയെന്ന് ഈശോ അലക്‌സ് പറയുന്നു. അവിടെനിന്ന് മറ്റൊരു കൊലയാളിയുടെ സാന്നിധ്യം തിരിച്ചറിയുന്നു. ഈ കേസ് അന്വേഷിക്കാനെത്തുന്നത് സി.ബി.ഐ.യാണ്. സിനിമ സംവിധാനം ചെയ്തത് കെ.മധുവാണ്. തിരക്കഥ എസ്.എന്‍.സ്വാമിയും. ആലുവ കൂട്ടക്കൊലയ്ക്കുശേഷം ഇറങ്ങിയ സിനിമയായതിനാല്‍ ചെറിയ ഒരു പ്രചോദനം തിരക്കഥയെഴുത്തില്‍ ഉണ്ടായിരിക്കാമെന്ന് പിന്നീട് സ്വാമി പറഞ്ഞിരുന്നു. മുകേഷ്, ജഗതി, സിദ്ദിഖ്, കലാഭവന്‍ മണി, സായ്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളിലെത്തിയത്. 

Content Highlights: movie based on sensational aluva massacre-movie n crime column 7