ബിയറടിക്കുന്നവരുടെ ചോരകുടിക്കാനെത്തുന്ന കൊതുകുകൾ; കൊതുകിന് പ്രിയം മദ്യമെന്ന് പഠനം

കൊതുക് കടിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ കൊതുകുകടിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മദ്യം കഴിക്കുന്നവരുടെ ചോരയാണ് കൊതുകിന് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് പഠനം പറയുന്നത്, അതും ബിയറടിക്കുന്നവരുടേത്. നെതർലൻഡ്‌സിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്.
നെതർലൻഡ്‌സിലെ ഏറ്റവും പ്രശസ്തമായ സംഗീതോത്സവമായ ലോലാൻഡ്‌സ് സംഗീത പരിപാടിയിൽ നിജ്മെഗനിലെ റാഡ്‌ബൗഡ് സർവകലാശാലയിലെ ചില ശാസ്ത്രജ്ഞരും എത്തി. എന്നാൽ അവരുടെ ലക്ഷ്യം സംഗീതം ആസ്വദിക്കലായിരുന്നില്ല. മറിച്ച്, കൊതുകുകളുടെ രഹസ്യം കണ്ടെത്തുകയായിരുന്നു.
ഫെലിക്സ് ഹോൾ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള ഈ ഗവേഷണ സംഘം, ചിലരെ കൊതുകുകൾ കൂടുതലായി കടിക്കുന്നതും മറ്റുള്ളവരെ കുറച്ചുമാത്രം കടിക്കുന്നതും എന്തുകൊണ്ടാണെന്ന് കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ എത്തിയവരായിരുന്നു.
ഇതിനായി സംഗീത പരിപാടിയിൽ പങ്കെടുക്കുന്നവരെ ഒരു പ്രത്യേക പരീക്ഷണത്തിന് വിധേയരാക്കി. പങ്കെടുക്കുന്നവരോട് കൊതുകുകൾ നിറഞ്ഞ ഒരു പെട്ടിയിൽ കൈകൾ വയ്ക്കാൻ ആവശ്യപ്പെട്ടു, പക്ഷേ കൊതുകുകൾക്ക് മണം പിടിക്കാൻ പറ്റുന്ന രീതിയിൽ അവരുടെ കൈകൾ ഒരു പ്രത്യേക തുണികൊണ്ട് മൂടിയിരുന്നു, ഇതിനാൽ അവയ്ക്ക് രക്തം ഉറ്റിയെടുക്കാൻ കഴിഞ്ഞില്ല.
മൂന്ന് ദിവസത്തെ സംഗീതപരിപാടിയിൽ ഏകദേശം 60,000 പേർ പങ്കെടുത്തു. അതിൽ നിന്ന് തിരഞ്ഞെടുത്ത 500 പേരിലാണ് ഗവേഷണം നടത്തിയത്. കൊതുകുകൾ നിറഞ്ഞ ഒരു പെട്ടിയിലിട്ട കെെകളുടെ ദ്യശ്യങ്ങൾ ഇതോടൊപ്പം ക്യാമറയിൽ പകർത്തുകയും ചെയ്തു.
അങ്ങനെ ഓരോ കൈയിലും എത്ര കൊതുകുകൾ ഇരിക്കുന്നുവെന്നും എത്ര നേരം ഇരിക്കുന്നുവെന്നും സൂക്ഷ്മമായി നിരീക്ഷിക്കാനായി. ഇതോടൊപ്പം, പരീക്ഷണത്തിൽ പങ്കെടുത്തവർ എന്താണ് കഴിക്കുന്നത്, എന്താണ് കുടിക്കുന്നത്, എങ്ങനെ ജീവിക്കുന്നു…തുടങ്ങിയ ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലി പൂരിപ്പിക്കാനും ആവശ്യപ്പെട്ടു.
ലോലാൻഡ്‌സ് മ്യൂസിക് ഫെസ്റ്റിവലിൽ നടത്തിയ ഈ രസകരമായ ഗവേഷണത്തിൽ നിന്ന് ശാസ്ത്രജ്ഞർ ചില നിഗമനങ്ങളിലെത്തി. മദ്യം കഴിച്ച ആളുകളെ 34 ശതമാനം കൂടുതൽ കൊതുകുകൾ കടിച്ചതായി ഈ ഗവേഷണത്തിനൊടുവിൽ കണ്ടെത്തി. അതേസമയം, കുളിക്കാത്ത, സൺസ്‌ക്രീൻ പുരട്ടാത്ത ആളുകളേയും കൊതുകുകൾ കൂടുതൽ കടിച്ചിരുന്നു. എങ്കിലും മദ്യം കഴിക്കുന്നവരെയാണ് ഏറ്റവും കൂടുതൽ കൊതുകുകൾ കടിക്കുന്നതെന്ന് ഈ ഗവേഷണത്തിലൂടെ കണ്ടെത്താനായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A groundbreaking study from the Netherlands reveals that mosquitoes are significantly more attracted to individuals who consume alcohol, especially beer.