യഥാർഥജീവിതത്തിൽ വിവാഹിതരായ മിക്കിയും മിന്നിയും, അധികമാർക്കും അറിയാത്ത രഹസ്യം

വെയ്ൻ ഓൾവൈൻ, റസ്സി ടെയ്‌ലർ | Instagram
വെയ്ൻ ഓൾവൈൻ, റസ്സി ടെയ്‌ലർ | Instagram

ആനിമേഷൻ ലോകത്ത്, മിക്കി മൗസിനെയും മിന്നി മൗസിനെയും പോലെ പ്രശസ്തരായ പ്രണയജോടികൾ കുറവാണ്. കഥയുടെ ആവശ്യാനുസരണം ദമ്പതിമാരായും കാമുകീകാമുകൻമാരായും പരിചയക്കാരായുമൊക്കെ ഇരുവരും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ജീവിതത്തിൽ മിക്കിയും മിന്നിയും വിവാഹിതരായി എന്നാണ് സൃഷ്ടാവായ വാൾട്ട് ഡിസ്നി ഒരിക്കൽ പറഞ്ഞത്. ലോകമെമ്പാടും അറിയപ്പെടുന്ന ഈ പ്രണയജോടികൾക്ക് ശബ്ദം നൽകിയ രണ്ടുപേരുടെ കഥയാണിത്. ഡിസ്നി ആരാധകർക്ക് അധികമൊന്നുമറിയാത്ത ഒരു പ്രണയകഥ.

മിക്കിക്കും മിന്നിക്കും പലരും ശബ്ദം നൽകിയിട്ടുണ്ട്. തുടക്കത്തിൽ വാൾട്ട് ഡിസ്നി തന്നെയായിരുന്നു മിക്കിയുടെ ശബ്ദം. 1977-ൽ, ഡിസ്നിയിൽ നിന്ന് സ്ഥാനമേറ്റെടുത്ത് വെയ്ൻ ഓൾവൈൻ മിക്കിയുടെ ശബ്ദമായി. ഡിസ്നിയിൽ സൗണ്ട് എഫക്ട്സ് എഡിറ്ററായിരുന്ന വെയ്നിന്റെ ഊഷ്മളവും രസിപ്പിക്കുന്നതുമായ ശബ്ദം മൂന്ന് പതിറ്റാണ്ടിലേറെക്കാലം മിക്കിയോടൊപ്പമുണ്ടായിരുന്നു. 1986-ൽ, റസ്സി ടെയ്‌ലർ എന്ന വോയിസ് ആർട്ടിസ്റ്റ് മിന്നി മൗസിന്റെ ശബ്ദമേറ്റെടുത്തു. ഓൾവൈനിന്റെ ശബ്ദവുമായി തികച്ചും യോജിച്ചുപോകുന്ന ശബ്ദം. ആരാധകർ ഇഷ്ടപ്പെടുന്ന കെമിസ്ട്രിയായിരുന്നു ഇരുവരുടേതും. ശബ്ദങ്ങൾക്ക് പിന്നിലെ മുഖങ്ങളെ അധികമാരും അറിഞ്ഞില്ലെങ്കിലും ഒരു രഹസ്യപ്രണയം അവിടെ മൊട്ടിടുന്നുണ്ടായിരുന്നു.

മിക്കിക്കും മിന്നിക്കും ശബ്ദം നൽകുന്ന റെക്കോർഡിങ് സെഷനുകളിൽ തുടർച്ചയായി കണ്ടുമുട്ടിയപ്പോൾ വെയ്നും റസ്സിക്കുമിടയിൽ സൗഹൃദവും പ്രണയവുമുണ്ടായി. 1991-ൽ അവർ രഹസ്യമായി വിവാഹിതരാവുകയും ചെയ്തു. വിവാഹം പരസ്യമാക്കേണ്ടെന്നായിരുന്നു ദമ്പതികളുടെ തീരുമാനം. വർഷങ്ങളോളം ആ വിവാഹം രഹസ്യമായിത്തുടർന്നു.

റസ്സി ടെയ്‌ലർ ഒരു അഭിമുഖത്തിൽ അതിനെപ്പറ്റി വിശദീകരിച്ചതിങ്ങനെയാണ്. “മിക്കിയും മിന്നിയും അവർ ചെയ്യേണ്ടതല്ലാത്ത മറ്റൊന്നും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചില്ല. ഞങ്ങളുടെ കഥ ഞങ്ങളെക്കുറിച്ചായിരിക്കാനാണ് ആഗ്രഹിച്ചത്, കഥാപാത്രങ്ങളെക്കുറിച്ചല്ല.”

20 വർഷത്തോളം റസ്സിയും വെയ്നും ഒരുമിച്ച് പ്രവർത്തിച്ചു, ഡിസ്നി ഫാൻ കൺവെൻഷനുകൾക്കായി ഒന്നിച്ച് ലോകം ചുറ്റി സഞ്ചരിച്ചു. മിക്കിയുടെയും മിന്നിയുടെയും ആജീവനാന്ത സൗഹൃദവും വിശ്വസ്തതയും സന്തോഷവുമെല്ലാം തങ്ങളുടെ ജീവിതത്തിലൂടെയും അവർ പ്രതിഫലിപ്പിക്കുകയായിരുന്നു.

പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളെത്തുടർന്ന് 2009-ൽ വെയ്ൻ ഓൾവൈൻ വിടവാങ്ങി. മരിക്കുമ്പോൾ 62 വയസ്സുമാത്രമായിരുന്നു പ്രായം. 75-ാം വയസ്സിൽ അർബുദബാധയെത്തുടർന്നാണ് റസ്സി ടെയ്‌ലർ മരിക്കുന്നത്. 2019-ൽ മരിക്കുന്നതുവരെ മിന്നിക്ക് ശബ്ദം കൊടുത്തിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The heartwarming tale of the voice actors behind Mickey and Minnie Mouse, who fell in love and married, keeping their relationship a secret for years.