‘ആദ്യ കൂടിക്കാഴ്ചയിൽ നസിറുദ്ദീൻ ഷായെ പിന്നാലെ നടന്ന് ശല്യപ്പെടുത്തി; അന്ന് തല്ലുകൊള്ളേണ്ടതായിരുന്നു’

മുതിർന്ന നടൻ നസിറുദ്ദീൻ ഷായോടുള്ള ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് മനോജ് ബാജ്പേയ്. എന്നാൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോഴുണ്ടായ അനുഭവം അത്ര സുഖകരമായിരുന്നില്ല. മദ്യപിച്ചെത്തിയ താൻ നസിറുദ്ദീൻ ഷായെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നും ഒരേ ചോദ്യം ആവർത്തിച്ച് ചോദിച്ച് അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ് ബാജ്പേയ്. അന്ന് സുഹൃത്തുക്കൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കൈയിൽനിന്ന് തല്ലുകൊള്ളുമായിരുന്നുവെന്നും താരം ഓർത്തെടുത്തു.
ശേഖർ കപൂർ സംവിധാനം ചെയ്ത 'ബാൻഡിറ്റ് ക്വീൻ' സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോഴുള്ള ആഘോഷവേളയിലായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ചിത്രത്തിൽ മാൻ സിങ്ങിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നസിറുദ്ദീൻ ഷായെയായിരുന്നു. എന്നാൽ അദ്ദേഹം ആ വേഷം നിരസിച്ചതോടെ അത് മനോജ് ബാജ്പേയിയെ തേടിയെത്തി. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതിന്റെ ആഘോഷം ഡൽഹിയിലായിരുന്നു സംഘടിപ്പിച്ചത്. അന്ന് ഡൽഹിയിലുണ്ടായിരുന്ന നസിറുദ്ദീൻ ഷായെയും സംവിധായകൻ ശേഖർ കപൂർ ചടങ്ങിലേക്ക് ക്ഷണിച്ചു. മനോജിനെ പരിചയപ്പെടുത്തുക എന്നതും ക്ഷണത്തിന് പിന്നിലെ ലക്ഷ്യമായിരുന്നു. ദി എച്ച്എഫ്എഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മനോജ് ആ രസകരമായ സംഭവം ഓർത്തെടുത്തത്.
“അക്കാലത്ത് ഞാൻ കുറച്ച് വിമതസ്വഭാവക്കാരനായിരുന്നു. ബാൻഡിറ്റ് ക്വീനിന്റെ ചിത്രീകരണം പൂർത്തിയായപ്പോഴുള്ള ആഘോഷത്തിന് നസർ സാഹിബിനെയും ശേഖർ കപൂർ ക്ഷണിച്ചു. എന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പയ്യനെ പരിചയപ്പെടാമെന്നും പറഞ്ഞു. അദ്ദേഹം എത്തിയപ്പോഴേക്കും ഞങ്ങൾ സൗജന്യമായി ലഭിച്ച മദ്യം കഴിച്ചുതുടങ്ങിയിരുന്നു. ഞാനും മദ്യപിച്ചിരുന്നു. അക്കാലത്ത് നസർ സാഹിബ് ഇംഗ്ലീഷ് നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ഞാൻ ചോദിക്കാൻ തുടങ്ങി. 'എന്തിനാണ് ഇംഗ്ലീഷ് നാടകങ്ങളിൽ അഭിനയിക്കുന്നത്?' എന്നായിരുന്നു എന്റെ ചോദ്യം. പിന്നാലെ നടന്ന് എല്ലായിടത്തും ഇതുതന്നെ ചോദിച്ചുകൊണ്ടിരുന്നു”, മനോജ് പറഞ്ഞു.
തന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ നസിറുദ്ദീൻ ഷായെ വല്ലാതെ പ്രകോപിപ്പിച്ചെന്നും അദ്ദേഹം തന്നെ ഒഴിവാക്കാൻ ശ്രമിച്ചെന്നും മനോജ് പറഞ്ഞു. “നസിറുദ്ദീൻ ഷായ്ക്ക് പെട്ടെന്ന് ദേഷ്യം വരും. എന്റെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിൽനിന്ന് എന്നെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അല്ലായിരുന്നെങ്കിൽ അന്ന് അദ്ദേഹം എന്നെ ശരിക്കും തല്ലുമായിരുന്നു. എന്നോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കാൻ ശ്രമിച്ചു. ആ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ അത്രത്തോളം പതിഞ്ഞിരുന്നു. എന്റെ മുഖം അദ്ദേഹം മറന്നില്ല. പിന്നീട് 'ദ്രോഹ്കാൽ' സിനിമയുടെ സെറ്റിൽവെച്ച് കണ്ടപ്പോൾ 'ഓ, ബർഖുർദാർ, വരൂ വരൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവിടെനിന്നാണ് ഞങ്ങൾ പരസ്പരം അടുത്തറിയാൻ തുടങ്ങിയത്”, മനോജ് പറഞ്ഞു.
ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ശേഖർ കപൂർ സംവിധാനം ചെയ്ത ചിത്രമാണ് 'ബാൻഡിറ്റ് ക്വീൻ'. സീമ ബിശ്വാസ് നായികയായ ചിത്രത്തിൽ മനോജ് ബാജ്പേയ്, നിർമൽ പാണ്ഡെ, രാജേഷ് വിവേക്, സൗരഭ് ശുക്ല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ ബയോപിക് ചിത്രങ്ങളിലൊന്നായി 'ബാൻഡിറ്റ് ക്വീൻ' വിലയിരുത്തപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi