ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന മഴവില്ല്; റെക്കോഡിനു കാരണമായ അദ്ഭുത പ്രതിഭാസം

മഴവില്ല് കണ്ടാൽ നോക്കി നിൽക്കാത്തവരായി ആരുമുണ്ടാകില്ല. പെട്ടെന്ന് മാഞ്ഞുപോകുന്നതുകൊണ്ടുതന്നെ കുറച്ചുനേരത്തേക്കുമാത്രം ആസ്വദിക്കാനാകുന്ന ഒരു മാന്ത്രികതയാണത്. എന്നാൽ 8 മണിക്കൂറും 58 മിനിറ്റും നീണ്ടുനിന്ന ഒരു മഴവില്ലുണ്ടായിരുന്നു ലോകത്ത്. അതാണ്, 2017 നവംബർ 30- ന് തായ്വാനിൽ സംഭവിച്ച മഴവില്ല്. ചെെനയിലെ തായ്പേയിലെ യാങ്മിങ്ഷാനിലെ ചെെനീസ് കൾച്ചർ യൂണിവേഴ്സിറ്റിയ്ക്ക് സമീപമായിരുന്നു ഈ അദ്ഭുതകരമായ മഴവില്ല് പ്രത്യക്ഷപ്പെട്ടത്.
ഈ മഴവില്ല് മായാതെ ആറ് മണിക്കൂർ പിന്നിട്ടപ്പോൾതന്നെ ഏവർക്കും കൗതുകമായി. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും പ്രൊഫസർമാരും ചേർന്ന് ഈ പ്രതിഭാസത്തിന്റെ 10,000 ചിത്രങ്ങൾ എടുത്തു. രാവിലെ 06:57 മുതൽ 3:55 വരെ നീണ്ടുനിന്ന ഈ മഴവില്ലിനെ പകർത്താനും ഗിന്നസ് വേൾഡ് റെക്കോഡിന് അയയ്ക്കാനും മുൻകെെയെടുത്തത് അറ്റ്മോസ്ഫെറിക് സയൻസസ് വിഭാഗത്തിലെ പ്രൊഫസർമാരായ ചൗ കുൻ-ഹ്സുവാൻ, ലിയു ചിംഗ്-ഹ്വാങ് എന്നിവർ ചേർന്നാണ്. തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഈ മഴവില്ലിനിടയിൽ കുറഞ്ഞത് നാല് മഴവില്ലുകൾ വന്നുപോയതായും റിപ്പോർട്ടുകളുണ്ട്.
1994 മാർച്ചിൽ ഇംഗ്ലണ്ടിലെ യോർക് ഷെയറിലുള്ള വെതർബിയിൽ സംഭവിച്ച ആറ് മണിക്കൂർ നീണ്ടുനിന്ന മഴവില്ലായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും ദെെർഘ്യമേറിയ മഴവില്ല്.
സൂര്യന്റെ കോണളവ് വർദ്ധിച്ചപ്പോഴും ഉച്ചസമയത്ത് പോലും മഴവില്ലുകൾ ദൃശ്യമായി തുടരുമെന്ന് വ്യക്തമാകുന്ന ധാരാളം ഫോട്ടോഗ്രാഫിക് തെളിവുകൾ ശേഖരിക്കാൻ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു. 2018 ഏപ്രിൽ ആറിന് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും പ്രൊഫസർമാരും ശേഖരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഏകദേശം ഒൻപത് മണിക്കൂർ നീണ്ടുനിന്ന ഈ മഴവില്ലിന് ഏറ്റവും ദെെർഘ്യമേറിയ മഴവില്ലെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.
ഒരു മഴവില്ലിന്റെ രൂപീകരണത്തിൽ ഒന്നിലധികം ഘടകങ്ങളും സാഹചര്യങ്ങളും ഉൾപ്പെടുന്നു. വായുവിൽ ഈർപ്പം തടഞ്ഞുനിർത്തി മേഘങ്ങൾ രൂപപ്പെടുത്തുന്ന വടക്കുകിഴക്കൻ മൺസൂണും, സെക്കൻഡിൽ 2.5-5 മീറ്റർ എന്ന വേഗതയിലുള്ള കാറ്റും സൂര്യപ്രകാശവുമാണ് മഴവില്ല് ഇത്രയും കാലം നിലനിൽക്കാൻ കാരണമായ സാഹചര്യങ്ങളെന്നാണ് വിലയിരുത്തൽ. ക്യാമ്പസ് സ്ഥിതി ചെയ്യുന്ന തായ്‌പേയിയിലെ യാങ്‌മിങ്ഷാൻ പർവതനിരയിൽ ശൈത്യകാലത്ത് ഇത്തരം അന്തരീക്ഷ സാഹചര്യങ്ങൾ സാധാരണമാണ്. നവംബർ അവസാനത്തോടെ, വടക്കുകിഴക്കൻ മൺസൂൺ എത്തുകയും കാറ്റ് കടലിൽ നിന്ന് യാങ്മിങ്ഷാൻ പർവ്വതം സ്ഥിതിചെയ്യുന്ന ദാതുൻ പർവതനിരകളിലേക്ക് നീരാവി കൊണ്ടുവരുകയും ചെയ്യുന്നു.
ഇത് ചൈനീസ് കൾച്ചർ യൂണിവേഴ്സിറ്റിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള കുന്നുകളിൽ ധാരാളം ജലകണികകൾ ഘനീഭവിച്ച് അടിഞ്ഞുകൂടാൻ കാരണമായി. എന്നാൽ തെക്ക് ഭാഗത്ത് അപ്പോഴും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
ദുർബലമായ കാറ്റുമൂലം, നീരാവി വളരെ നേരം അന്തരീക്ഷത്തിൽ തങ്ങിനിന്നു. തുടർന്ന്, മേഘങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ മഴവില്ലുകൾ രൂപംകൊണ്ടു. തറയിൽ നിന്ന് നോക്കുന്നവർക്ക്
എട്ടു മണിക്കൂറും 58 മിനിറ്റും പൂർണ്ണമായി മഴവില്ല് കാണാൻ കഴിഞ്ഞില്ല. എന്നാൽ ക്യാമ്പസ് ഉയർന്ന പ്രദേശത്തായതിനാൽ ഈ പ്രതിഭാസം നിരീക്ഷിക്കാൻ കഴിഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A mesmerizing 8-hour 58-minute rainbow in Taipei, Taiwan, sets a new Guinness World Record.